Cricket
ടോസ് കിട്ടി; ബാറ്റിംഗോ ബൗളിംഗോയെന്ന ടീം തീരുമാനം മറന്ന് രോഹിത്, വീഡിയോ
Cricket

ടോസ് കിട്ടി; ബാറ്റിംഗോ ബൗളിംഗോയെന്ന ടീം തീരുമാനം മറന്ന് രോഹിത്, വീഡിയോ

Sports Desk
|
22 Jan 2023 10:11 AM GMT

നേരത്തെ നടന്ന ഒരു ടെസ്റ്റിൽ ബാറ്റെടുക്കാതെ രോഹിത് ബാറ്റിംഗിനിറങ്ങുന്ന വീഡിയോ ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്

റായ്പൂർ: ക്രിക്കറ്റിൽ ടോസ് ഭാഗ്യം പലപ്പോഴും നിർണായകമാണ്. മത്സരഫലം തന്നെ നിർണയിക്കുന്ന ഘടകം. വിശദമായ ചർച്ചകൾക്ക് ശേഷമാണ് ക്യാപ്റ്റന്മാർ ഈ തീരുമാനത്തിലെത്തുന്നത്. പിച്ചിന്റെ സ്വഭാവവും കാലാവസ്ഥയുമൊക്കെ ഇക്കാര്യത്തിൽ പരിഗണിക്കും. എന്നാൽ ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ കൗതുകമുണർത്തുന്ന ഒരു സംഭവമുണ്ടായി. ടോം ലാതമിനൊപ്പം ടോസിടാൻ എത്തിയതാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ടോസ്ഭാഗ്യം ഇന്ത്യൻ നായകനെ തേടിയെത്തുകയും ചെയ്തു. പക്ഷേ, ടോസ് കിട്ടിയാൽ ബാറ്റിംഗോ ബൗളിംഗോ തിരഞ്ഞെടുക്കേണ്ടതെന്ന ടീം തീരുമാനം മറന്ന് പത്തു സെക്കൻഡ് നേരത്തേക്ക് രോഹിത് അന്ധാളിച്ച് നിന്നു. പിന്നീട് ബൗളിംഗ് തിരഞ്ഞെടുത്ത് കളിക്കാനിറങ്ങിയ രോഹിതും സംഘവും 108 റൺസിന് കിവിപ്പടയെ ഓൾഔട്ടാക്കി. മത്സരം ജയിച്ച് പരമ്പര വിജയവും നേടി. യുസ്‌വേന്ദ്ര ചഹൽ, മുഹമ്മദ് ഷമി, സിറാജ് എന്നിവർ ഈ നിമിഷങ്ങൾ ചിരിയോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ടോസ് തീരുമാനം മറന്നെങ്കിലും ബാറ്റിംഗിൽ തിളങ്ങാൻ അദ്ദേഹം മറന്നില്ല. അർധ സെഞ്ച്വറിയുമായി ഇന്ത്യയുടെ വിജയത്തിൽ നിർണായക പ്രകടനം തന്നെ നടത്തി.

ടോസ് നേടിയാൽ സ്വീകരിക്കേണ്ട നിലപാട് ടീം വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും എന്നാൽ അക്കാര്യം ഞാൻ മറന്നുപോകുകയായിരുന്നുവെന്നും സംഭവത്തെ കുറിച്ച് പിന്നീട് രോഹിത് പ്രതികരിച്ചു.

നേരത്തെ നടന്ന ഒരു ടെസ്റ്റിൽ ബാറ്റെടുക്കാതെ രോഹിത് ബാറ്റിംഗിനിറങ്ങുന്ന വീഡിയോ ഇപ്പോൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. പിന്നാലെയെത്തി മറ്റൊരാൾ ഹിറ്റ്മാന് ബാറ്റ് കൈമാറുകയായിരുന്നു. രോഹിതിന്റെ മറവിയെ കുറിച്ച് സഹതാരം വിരാട് കോഹ്‌ലി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഐപാഡ്, ഫോൺ, വാലറ്റ് തുടങ്ങിയവയൊക്കെ അദ്ദേഹം മറക്കാറുണ്ടെന്നും ഇത്ര മറവിയുള്ള ഒരാളെ കണ്ടിട്ടില്ലെന്നും കോഹ്‌ലി പറഞ്ഞു. പല സാധനങ്ങളും പ്ലയിനിൽ മറന്നുവെച്ചത് ഹോട്ടലിലെത്തുമ്പോഴാണ് അദ്ദേഹം ഓർക്കാറുള്ളതെന്നും പറഞ്ഞു.

രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 21 ഓവറിൽ ഇന്ത്യ മറികടക്കുകയായിരുന്നു. 20.1 ഓവറിൽ 111 റൺസാണ് ടീം നേടിയത്. നായകൻ രോഹിത് ശർമ അർധ സെഞ്ച്വറിയും ശുഭ്മാൻ ഗിൽ 40 റൺസും അടിച്ചുകൂട്ടി. ഇതോടെ ശ്രീലങ്കക്കെതിരെയുള്ള പരമ്പര വിജയങ്ങൾക്ക് ശേഷം മറ്റൊരു വിജയഗാഥ കൂടി ടീം ഇന്ത്യ നേടി. നേരത്തെ ഹൈദരാബാദിൽ നടന്ന ആദ്യ ഏകദിനത്തിലും ടീം ജയിച്ചിരുന്നു. ഇന്ത്യൻ നിരയിൽ 50 പന്തിൽ 51 റൺസ് നേടിയ ഹിറ്റ്മാന്റെ വിക്കറ്റാണ് ആദ്യം വീണത്. ഹെൻറി ഷിപ്ലേ നായകനെ എൽ.ബി.ഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു. ശേഷമിറങ്ങിയ വിരാട് കോഹ്ലി 11 റൺസ് നേടി പുറത്തായി. മിച്ചൽ സാൻറ്നറുടെ പന്തിൽ ടോം ലാതം സ്റ്റംപ് ചെയ്യുകയായിരുന്നു. നാലാമതിറങ്ങിയ ഇഷാൻ കിഷൻ 8 റൺസ് നേടി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിതിന്റെ തീരുമാനം നൂറുവട്ടം ശരിവെക്കുന്നതായിരുന്നു ബൗളർമാരുടെ പ്രകടനം. മൂന്നു വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹർദിക് പാണ്ഡ്യ, വാഷിംഗ്ഡൺ സുന്ദർ, ഓരോ വിക്കറ്റ് വീതം നേടിയ മുഹമ്മദ് സിറാജ്, ഹർദിക് പാണ്ഡ്യ, ഷർദുൽ താക്കൂർ എന്നിവർ സന്ദർശകർക്ക് ഒരവസരവും നൽകിയില്ല. കിവിപ്പടയിലെ മൂന്നു പേർ മാത്രമാണ് രണ്ടക്കം കണ്ടത്. 36 റൺസ് നേടിയ ഗ്ലെൻ ഫിലിപ്സാണ് ടോപ് സ്‌കോററർ.

ബുധനാഴ്ച ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്രാ സ്റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ 12 റൺസിന് വിജയിച്ചിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന കൂറ്റൻ സ്‌കോർ പടുത്തുയർത്തി. എന്നാൽ മറുപടി ബാറ്റിംഗിൽ 337 റൺസ് വരെയെത്തി കിവികൾ പരാജയം സമ്മതിക്കുകയായിരുന്നു.മത്സരത്തിൽ ബാറ്റുകൊണ്ട് കാര്യമായ പിന്തുണ നൽകാൻ ഒരാളുമില്ലാതിരുന്നിട്ടും ഗിൽ തന്റെ വൺമാൻ ഷോയിലൂടെ കളം പിടിക്കുകയായിരുന്നു. ഏകദിന ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ ക്രിക്കറ്ററെന്ന നേട്ടവും ഒരുപിടി റെക്കോർഡുകളുമായി ഗിൽ എട്ടാം വിക്കറ്റായി മടങ്ങുമ്പോഴേക്കും ഇന്ത്യ കൂറ്റൻ സ്‌കോറിലേക്കെത്തിയിരുന്നു. 149 പന്തിൽ ഒൻപത് സിക്‌സറും 19 ബൌണ്ടറികളുമുൾപ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഇന്നിങ്‌സ്.ബൗളിംഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച മുഹമ്മദ് സിറാജ് കിവിപ്പടയെ ഒതുക്കുകയായിരുന്നു. 10 ഓവറിൽ 46 റൺസ് വിട്ടു നൽകി നാല് സുപ്രധാന വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അടുത്ത ഏകദിനം ജനുവരി 24ന് ഇന്ദോറിൽ നടക്കും. അതിനുശേഷം മൂന്നു മത്സര ട്വന്റി20 പരമ്പരയിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടും.

Rohit forgot the team decision of batting or bowling when he got the toss , video

Similar Posts