ഒരേയൊരു 'ഹിറ്റ്മാൻ'; സെഞ്ച്വറിയുമായി റെക്കോർഡ്-ഇന്ത്യയ്ക്ക് ലീഡ്
|ഓസീസ് സംഘത്തിൽ അരങ്ങേറ്റക്കാരൻ ടോഡ് മുർഫി അഞ്ചുവിക്കറ്റുമായി ചരിത്രം കുറിച്ചു
നാഗ്പൂർ: ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം സെഞ്ച്വറിയുമായി ഇന്ത്യയെ മുന്നിൽനിന്ന് നയിച്ച് നായകൻ. ഏകദിനത്തിലെ ഫോം ടെസ്റ്റിലും തുടർന്ന് രോഹിത് ശർമ. 171 പന്തിൽനിന്നാണ് രോഹിത് ടെസ്റ്റ് കരിയറിലെ ഒൻപതാം സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ഏക ഇന്ത്യൻ നായകനായി രോഹിത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ താരവുമായി.
അരങ്ങേറ്റത്തിൽ തന്നെ അഞ്ചുവിക്കറ്റ് നേട്ടവുമായി ടോഡ് മുർഫിയാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 240 എന്ന നിലയിലാണ്. അക്സർ പട്ടേൽ ആണ് ജഡേജ(37)യ്ക്കൊപ്പം ക്രീസിലുള്ളത്. ഇന്ത്യൻ ലീഡ് 63 റൺസുമായി.
ഒരറ്റത്ത് വിക്കറ്റ്വീഴ്ച; മറുവശത്ത് കുലുങ്ങാതെ രോഹിത്
ആദ്യദിനം ആസ്ട്രേലിയയെ 177 റൺസിനു പുറത്താക്കിയ ഇന്ത്യ കെ.എൽ രാഹുലിന്റെ വിക്കറ്റ് നഷ്ടത്തിൽ 77 റൺസ് എടുക്കുകയും ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിലെ ഓസീസ് ബാറ്റിങ് പ്രകടനത്തെക്കുറിച്ച് സംശയമുയർത്തുന്ന തരത്തിൽ അർധസെഞ്ച്വറി കുറിച്ച് മുന്നേറുകയായിരുന്നു രോഹിത്. ഇന്നും ഒരു വശത്ത് വിക്കറ്റുകൾ ഓരോന്ന് വീണുകൊണ്ടിരുന്നപ്പോഴും ഒരറ്റം ഭദ്രമാക്കി ടീം സ്കോർ ഉയർത്തി നായകൻ.
ഇന്ന് കളി ആരംഭിച്ച ശേഷം നൈറ്റ് വാച്ച്മാനായി എത്തിയ അശ്വിൻ രോഹിതുമായി 42 റൺസ് കൂട്ടിച്ചേർത്ത ശേഷം മടങ്ങി. 23 റൺസുമായി മുർഫിയുടെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങിയായിരുന്നു അശ്വിന്റെ മടക്കം.
തുടർന്നെത്തിയ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് ചേതേശ്വർ പുജാര(ഏഴ്) മുർഫിയുടെ പന്തിൽ മോശം ഷോട്ട് കളിച്ചും പുറത്തായി. ലെഗിനു പുറത്ത് കുത്തിയ ലൂസ് ബൗളിൽ സ്വീപ് ഷോട്ടിന് ശ്രമിച്ച പുജാരയ്ക്ക് പാളി. ബാറ്റിന്റെ മുകളിൽ തട്ടി പന്ത് ഷോർട്ട് ഫൈൻ ലെഗിൽ സ്കോട്ട് ബൊലാൻഡിന്റെ കൈയിൽ ഭദ്രം. അഞ്ചാം നമ്പറിലെത്തിയ കോഹ്ലി രോഹിതുമായി കൂട്ടുകെട്ട് ഉയർത്താൻ നോക്കിയെങ്കിലും നീണ്ടുനിന്നില്ല. മുർഫിയുടെ തന്നെ പന്തിൽ വിക്കറ്റ് കീപ്പർ അലെക്സ് ക്യാരി പിടിച്ച് കോഹ്ലി(12) പുറത്തായി.
പിന്നീടെത്തിയത് ടെസ്റ്റ് അരങ്ങേറ്റക്കാരൻ സൂര്യകുമാർ യാദവ്. ഫോമിലുള്ള ഗില്ലിനു പകരം സൂര്യയെ പരിഗണിച്ചത് തെറ്റായോ എന്ന സംശയമുണർത്തുന്ന തരത്തിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ടി20ക്കു സമാനമായി ബൗണ്ടറിയിലൂടെ തന്നെയായിരുന്നു ടെസ്റ്റിലും അക്കൗണ്ട് തുറന്നത്. എന്നാൽ, അധികം ആയുസുണ്ടായിരുന്നില്ല. നഥാൻ ലിയോണിന്റെ പന്തിൽ ബൗൾഡായി മടങ്ങുമ്പോൾ എട്ട് റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം.
പിന്നീടാണ് ജഡേജയുമായി ചേർന്ന് രോഹിത് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ജഡേജ നായകന് ശക്തമായ പിന്തുണ നൽകിയപ്പോൾ രോഹിത് അനായാസ ഷോട്ടുകളിലൂടെ സ്കോർബോർഡിന്റെ വേഗം കൂട്ടി. രോഹിത് 207 പന്തിൽ 118 റൺസുമായും രവീന്ദ്ര ജഡേജ 82 പന്തിൽ 34 റൺസുമായും ക്രീസിലിരിക്കെയാണ് ചായയ്ക്ക് പിരിഞ്ഞത്. ഇന്ത്യയ്ക്ക് 49 റൺസ് ലീഡും.
എന്നാൽ, കളി പുനരാരംഭിച്ച് പന്തെടുത്തത് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ആസ്ട്രേലിയ കാത്തിരുന്ന ബ്രേക്ത്രൂ നായകൻ തന്നെ സമ്മാനിച്ചു. വൻ സ്കോറിലേക്ക് മുന്നേറുന്നതിനിടെ കമ്മിൻസിന്റെ മനോഹരമായ പന്ത് രോഹിതിന്റെ ഓഫ്സ്റ്റംപ് പിഴുതു. 212 പന്ത് നേരിട്ട ഇന്ത്യൻ നായകൻ 15 ബൗണ്ടറിയുടെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെ 120 റൺസെടുത്താണ് കൂടാരം കയറിയത്. തുടർന്നെത്തിയ മറ്റൊരു അരങ്ങേറ്റക്കാരൻ ശ്രീകാർ ഭരതും(എട്ട്) കാര്യമായൊന്നും ചെയ്യാനാകാതെ മുർഫിക്ക് കീഴടങ്ങി മടങ്ങി.
Summary: Rohit Sharma scores 9th test century, becomes first Indian captain to score a ton in all three formats as India's lead rises to 63