Cricket
ഇല്ല ശ്രീ, സച്ചിന്‍ മറന്നിട്ടില്ല... ശ്രീശാന്തിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം
Cricket

ഇല്ല ശ്രീ, സച്ചിന്‍ മറന്നിട്ടില്ല... ശ്രീശാന്തിനെ പ്രശംസിച്ച് മാസ്റ്റര്‍ ബ്ലാസ്റ്റര്‍; ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

Web Desk
|
13 March 2022 7:19 AM GMT

ശ്രീയുടെ ജീവിതത്തിലെ ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും സച്ചിൻ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മുന്‍ ഇന്ത്യന്‍ താരം എസ്.ശ്രീശാന്തിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. വളരെയധികം പ്രതിഭാസമ്പന്നനായ ബൗളറായിരുന്നു ശ്രീശാന്തെന്നും, ഇന്ത്യന്‍ ടീമിന്‍റെ ഭാഗമായി അദ്ദേഹത്തിന് ദീര്‍ഘനാള്‍ കളിക്കാന്‍ സാധിച്ചതില്‍ അഭിനന്ദിക്കേണ്ടതുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു ശ്രീശാന്തിന് സച്ചിന്‍റെ പ്രശംസ.

ജീവിതത്തിലെ രണ്ടാം ഇന്നിംഗ്സിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും സച്ചിൻ കൂട്ടിച്ചേര്‍ത്തു.

പണ്ട് ചലഞ്ചര്‍ സീരീസില്‍‌ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിക്കറ്റെടുത്താണ് ശ്രീശാന്ത് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. അന്ന് ഒരു ഇന്‍സ്വിങ്ങറിലൂടെ സച്ചിനെ ശ്രീശാന്ത് എല്‍.ബി.ഡബ്ല്യു ആക്കുകയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ്​ ശ്രീശാന്ത് ക്രിക്കറ്റില്‍ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ചത്​. എന്നാൽ ഏറെക്കാലം ഒരുമിച്ച്​ കളിച്ച്​ ശ്രീക്ക്​ മുൻതാരങ്ങൾ ആരും ആശംസകൾ അറിയിക്കാത്തതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ്​ സച്ചിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റെത്തുന്നത്. നേരത്തെ സുരേഷ് റെയ്നയും ഹര്‍ഭജന്‍ സിങും മാത്രമാണ് ക്രിക്കറ്റ് മേഖലയില്‍ നിന്ന് താരത്തിന്‍റെ വിടവാങ്ങല്‍ സമയത്ത് പോസ്റ്റിട്ടത്.

അവസാനമായി മേഘാലയക്കെതിരെ രഞ്ജി ട്രോഫിയിലാണ് ശ്രീശാന്ത് കളിച്ചത്. ടൂർണമെന്‍റിനിടെ താരത്തിന്‍റെ കൈക്ക് പരിക്കേറ്റിരുന്നു. പിന്നാലെ കേരളം രഞ്ജിയില്‍ നിന്ന് പുറത്തായതോടെ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഈ തീരുമാനം എന്‍റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് അറിയാമെങ്കിലും, ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്. " ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപനത്തില്‍ പറഞ്ഞു.

ഐപിഎല്‍ മെഗാതാരലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ശ്രീശാന്തിനായി ടീമുകളാരും രംഗത്തുവന്നില്ല.

2007 ല്‍ ഇന്ത്യ പ്രഥമ ടി-20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍‌ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ടീമിലും ശ്രീശാന്ത് അംഗമായിരുന്നു. ഇന്ത്യക്കായി 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്നായി 75 വിക്കറ്റുകളും 10 ടി20യില്‍ നിന്നായി ഏഴ് വിക്കറ്റുകളും ശ്രീശാന്ത് നേടിയിട്ടുണ്ട്.

ശ്രീശാന്തിന്റെ കരിയർ തന്നെ തകർത്തുകളഞ്ഞ ഐ.പി.എൽ വാതുവയ്പ്പ് വിവാദം മലയാളി ഒരുകാലത്തും ഓർക്കാൻ ആഗ്രഹിക്കാത്ത അധ്യായമാണ്. 2013 മെയ് 16നാണ് രാജസ്ഥാൻ റോയൽസിലെ സഹതാരങ്ങളായ അജിത് ചന്ദില, അങ്കീത് ചവാൻ എന്നിവർക്കൊപ്പം മുംബൈയിൽ ശ്രീശാന്ത് അറസ്റ്റിലാകുന്നത്.ഐ.പി.എൽ മത്സരത്തിൽ വാതുവയ്പ്പ് നടത്തിയെന്നായിരുന്നു കുറ്റം. കുറ്റം ശ്രീശാന്ത് സമ്മതിച്ചെന്ന് പൊലീസ് വെളിപ്പെടുത്തിയതിനു പിന്നാലെ ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കും വന്നു. എന്നാൽ, താൻ നിരപരാധിയാണെന്നാണ് സംഭവത്തെക്കുറിച്ച് പിന്നീട് ശ്രീശാന്ത് എപ്പോഴും പറഞ്ഞിട്ടുള്ളത്.

Similar Posts