Cricket
സഞ്ജയ് ബംഗാർ ആർ.സി.ബി കോച്ച്
Cricket

സഞ്ജയ് ബംഗാർ ആർ.സി.ബി കോച്ച്

Web Desk
|
9 Nov 2021 7:33 AM GMT

മൈക്ക് ഹെസ്സൺ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപറേഷൻസ് ആയി ബാംഗ്ലൂർ ഫ്രാഞ്ചൈസിയിൽ തുടരും

ഐ.പി.എൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ഹെഡ് കോച്ചായി മുൻ ഇന്ത്യൻ താരവും ദേശീയ ടീമിന്റെ ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിനെ തെരഞ്ഞെടുത്തു. അടുത്ത രണ്ടു സീസണുകളിലേക്കാണ് നിയമനം. ടീമിന്റെ കോച്ചായിരുന്ന ന്യൂസിലാന്റുകാരൻ മൈക്ക് ഹെസ്സൺ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപറേഷൻസ് ആയി ടീമിനൊപ്പം തുടരും.

ഇന്ത്യക്കു വേണ്ടി 12 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുള്ള ബംഗാർ, കളിക്കാരൻ എന്നതിനേക്കാൾ കോച്ചിങ് കരിയറിലാണ് ശോഭിച്ചത്. ഇന്ത്യ എ, ഐ.പി.എൽ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സ് എന്നിവയുടെ ബാറ്റിങ് കോച്ചായിരുന്ന അദ്ദേഹം 2014-ൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ അസിസ്റ്റന്റ് കോച്ചായും പിന്നീട് കോച്ചായും നിയമിതനായി. 2016-ൽ സിംബാബ്‌വെ പര്യടനത്തിൽ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു.

2016-ൽ അനിൽ കുംബ്ലെ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റപ്പോൾ ബംഗാർ ടീമിന്റെ ബാറ്റിങ് കോച്ചായി. 2017-ൽ കുംബ്ലെയുടെ കാലാവധി കഴിഞ്ഞപ്പോൾ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ടീമിന്റെ ഇടക്കാല കോച്ചായും ബംഗാർ പ്രവർത്തിച്ചു. ഇന്ത്യയുടെ ലോവർ ഓർഡർ ബാറ്റിങ് മെച്ചപ്പെടുത്തുന്നതിൽ ഈ മഹാരാഷ്ട്രക്കാരൻ നിർണാകയ പങ്കു വഹിച്ചിട്ടുണ്ട്.

വിരാട് കോലി, രോഹിത് ശർമ, അജിങ്ക്യ രഹാനെ തുടങ്ങിയ നിരവധി ബാറ്റ്‌സ്മാന്മാരുടെ കരിയർ രൂപപ്പെടുത്തുന്നതിൽ ബംഗാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുൻപത്തെ വിദേശ ബാറ്റിങ് കോച്ചുമാരേക്കാൾ ഇന്ത്യൻ ടീമിന് ഗുണം ചെയ്തത് ബംഗാറിന്റെ പരിശീലനമാണെന്ന് വിലയിരുത്തലുണ്ട്. ബംഗാർ ബാറ്റിങ് കോച്ചായി ചുമതലയേറ്റതിനു ശേഷം ഇന്ത്യൻ താരങ്ങൾ 150 സെഞ്ച്വറികൾ നേടി. ഇതിൽ 89-ഉം വിദേശ പിച്ചുകളിലായിരുന്നു.

മികച്ച താരനിരയുണ്ടായിട്ടും ഇതുവരെ ഐ.പി.എൽ കിരീടം നേടാൻ കഴിഞ്ഞിട്ടില്ലാത്ത ആർ.സി.ബിയെ ആ നേട്ടത്തിലേക്ക് നയിക്കുക എന്നതായിരിക്കും ബംഗാറിന്റെ പുതിയ ചുമതല.

Related Tags :
Similar Posts