Cricket
ക്യാപ്റ്റനെ തന്നെ ട്രോളി; കലിപ്പായി സഞ്ജു, ട്വീറ്റ് പിന്‍വലിച്ച് രാജസ്ഥാന്‍
Cricket

ക്യാപ്റ്റനെ തന്നെ ട്രോളി; കലിപ്പായി സഞ്ജു, ട്വീറ്റ് പിന്‍വലിച്ച് രാജസ്ഥാന്‍

Web Desk
|
25 March 2022 2:17 PM GMT

പണി പാളിയെന്ന് മനസിലായ രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് പിന്‍വലിച്ചെങ്കിലും സഞ്ജുവിന്‍റെ അനിഷ്ടം മാറിയില്ല...രാജസ്ഥാന്‍റെ ട്വിറ്റര്‍ പേജ് കൂടി താരം അണ്‍ഫോളോ ചെയ്തതോടെയാണ് സംഭവം ഗൗരവമാണെന്ന് ആരാധകര്‍ക്ക് മനസിലായത്

രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വീറ്റിനെതിരെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തന്നെ രംഗത്ത്. സഞ്ജുവിനെ ട്രോളിക്കൊണ്ട് ട്വിറ്ററിലൂടെ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ച ട്വീറ്റ് ആണ് താരത്തെ ചൊടിപ്പിച്ചത്. രാജസ്ഥാന്‍ തമാശരൂപേണയാണ് പോസ്റ്റ് ചെയ്തതെങ്കിലും സഞ്ജുവിന് സംഭവം അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് താരത്തിന്‍റെ മറുപടി ട്വീറ്റിലൂടെ വ്യക്തമായി.

സഞ്ജു ടീം ബസ്സിലിരിക്കുന്ന ഒരു ഫോട്ടോ എഡിറ്റ് ചെയ്ത് അടിപൊളി ആയിട്ടില്ലേ എന്ന ചോദ്യവുമായാണ് രാജസ്ഥാൻ റോയൽസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. സുഹൃത്തുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ മനസിലാക്കാം, പക്ഷേ ഒരു പ്രൊഫഷണല്‍ ടീം പ്രൊഫഷണലായിത്തന്നെ പെരുമാറണം... രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സഞ്ജു പറഞ്ഞു.



പണി പാളിയെന്ന് മനസിലായ രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് പിന്‍വലിച്ചെങ്കിലും സഞ്ജുവിന്‍റെ അനിഷ്ടം മാറിയില്ലെന്ന് വേണം മനസിലാക്കാന്‍. രാജസ്ഥാന്‍ റോയല്‍സിന്‍റെ ട്വിറ്റര്‍ പേജ് താരം അണ്‍ഫോളോ ചെയ്തിരിക്കുകയാണ് നിലവില്‍. രാജസ്ഥാൻ റോയൽസിന്‍റെ പല ട്രോളുകള്‍‌ക്ക് നേരെയും നേരത്തെയും വിമർശനങ്ങൾ വന്നിരുന്നു. അതിനുപിന്നാലെയാണ് ടീം ക്യാപ്റ്റനായ സഞ്ജു തന്നെ ട്രോളിനെതിരെ രംഗത്തുവന്നത്.

തങ്ങളുടെ പുതിയ ക്യാപ്റ്റനായി ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ നിയമിച്ചുവെന്ന രാജസ്ഥാന്‍ റോയല്‍സിന്റെ 'തമാശ ട്വീറ്റ്' കണ്ട ആരാധകര്‍ അമ്പരന്നിട്ട് കുറച്ച് ദിവസങ്ങള്‍‌ മാത്രമേ ആയിരുന്നുള്ളൂ... അതിനിടെയാണ് വീണ്ടും രാജസ്ഥാന്‍റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

യുസ്വേന്ദ്ര ചഹല്‍ തന്നെയായിരുന്നു തന്നെ ക്യാപ്റ്റനായി നിയമിച്ചു എന്ന് രാജസ്ഥാന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്നതിനുള്ള ചുമതല ടീം മാനേജ്‌മെന്റ് നല്‍കിയതോടെയാണ് തമാശയൊപ്പിക്കാന്‍ ചഹല്‍ രാജസ്ഥാന്‍ ക്യാപ്റ്റനായി സ്വയം അവരോധിച്ചത്.

Similar Posts