''എന്നെ കളിയാക്കിയതാകുമെന്നാണ് കരുതിയത്, പക്ഷെ''; സഞ്ജുവിനെ വാനോളം പുകഴ്ത്തി മാധ്യമപ്രവർത്തകൻ
|''താരങ്ങൾ വരും പോകും. എന്നാൽ, മനുഷ്യനെന്ന നിലയ്ക്കാണ് ആളുകൾ ഓർമിക്കപ്പെടുക. നന്നായി കളിക്കാനും ഭാവിയിൽ ഇന്ത്യൻ നായകനാകാനും താങ്കൾക്കു വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുമെന്നു മറുപടി പറയുക മാത്രമാണ് ഞാൻ ചെയ്തത്.''
ട്രിനിഡാഡ്: മലയാളി താരം സഞ്ജു സാംസണിന്റെ പെരുമാറ്റത്തെ വാനോളം പുകഴ്ത്തി മുതിർന്ന സ്‌പോർട്‌സ് ജേണലിസ്റ്റ് വിമൽ കുമാർ. കഴിഞ്ഞ ദിവസം പോർട്ട് ഓഫ് സ്‌പെയിനിൽ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിനിടെ താരത്തെ കണ്ട അനുഭവവമാണ് വിമൽ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. മുൻ ഇന്ത്യൻ ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എം.എസ് ധോണി എന്നിവരിൽ കണ്ട നേതൃത്വഗുണമാണ് സഞ്ജുവിലും കണ്ടതെന്നും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ അതീവ സന്തുഷ്ടവാനാണ് താനെന്നും വിമൽ വെളിപ്പെടുത്തി.
''ഞാൻ കേരളക്കാരനല്ല, സഞ്ജുവിനെ മുൻപ് അധികം കണ്ടിട്ടുമില്ല. താരവുമായി ഒരു സൗഹൃദവുമില്ല. ഐ.പി.എല്ലിനിടയിൽ അഭിമുഖം ചെയ്തിട്ടുണ്ടെന്നു മാത്രം. ഹെലോ പറയാൻ പോലും താൽപര്യം കാണിക്കാത്ത ചില സൂപ്പർതാരങ്ങളുണ്ട്. എന്നാൽ, സഞ്ജുവിനെ ഞാൻ ഗ്രൗണ്ടിൽ വച്ച് കാണുകയും സംസാരിക്കുകയും ചെയ്തു.''-വിമൽ കുമാർ പറഞ്ഞു.
''പോർട്ട് ഓഫ് സ്‌പെയിനിൽനിന്ന് വളരെ ദൂരത്താണ് ഒന്നാമത്തെ ടി20 മത്സരം നടക്കുന്നത്. അതുകൊണ്ട് അങ്ങോട്ട് പോകാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന കാര്യം ഞാൻ സംസാരത്തിനിടെ സഞ്ജുവിനോട് പറഞ്ഞു. ഞങ്ങളുടെ കൂടെപ്പോരാമല്ലോ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. കളിയാക്കിയതാകുമെന്നാണ് ഞാൻ കരുതിയത്. എന്നാൽ, കൂടെവരാൻ പറ്റില്ലേയെന്ന് സഞ്ജു വീണ്ടും ചോദിച്ചു.''
തീർത്തും നിഷ്‌കളങ്കമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേട്ടിട്ട് ഏറെ സന്തോഷം വന്നു. അതു വേണ്ടെന്നു പറഞ്ഞു ഞാൻ. ഇന്ത്യയിൽനിന്ന് കളി റിപ്പോർട്ട് ചെയ്യാൻ വന്നതാണോ അതോ ഇവിടെ തന്നെയാണോ എന്നു ചോദിച്ചു അപ്പോൾ അദ്ദേഹം. പരമ്പരയ്ക്കായി ഇന്ത്യയിൽനിന്ന് വന്നതാണെന്ന കാര്യം ഞാൻ പറഞ്ഞു. രണ്ടു മൂന്നു വർഷങ്ങൾക്കു മുൻപ് അഭിമുഖം ചെയ്ത കാര്യം ഓർമിപ്പിച്ചപ്പോൾ മറന്നുപോയതാണെന്ന് സഞ്ജു പ്രതികരിക്കുകയും ചെയ്‌തെന്ന് വിമൽ കുമാർ പറയുന്നു.
തന്റെ സീറ്റിൽ ഇരിക്കാമെന്ന് പറഞ്ഞ് സഞ്ജു വീണ്ടും വിളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം തുടർന്നു. ''ക്ഷണത്തിന് നന്ദിയുണ്ടെന്നു പറഞ്ഞ് നിരസിക്കുകയാണ് ഞാൻ ചെയ്തത്. മാധ്യമപ്രവർത്തകർക്ക് താരങ്ങളുടെ വാഹനത്തിൽ പോകാൻ കഴിയില്ല. അത് ബി.സി.സി.ഐയുടെ പ്രോട്ടോക്കോളാണ്. രാഹുൽ ദ്രാവിഡ് വിചാരിച്ചാലും രോഹിത് ശർമ വിചാരിച്ചാലും അതു നടക്കില്ല. അതിനെ നമ്മൾ മാനിക്കുകയും വേണം''-അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, സഞ്ജുവിന്റെ ആ സംസാരം ഒരു നേതാവിനെയാണ് ഒാർമിപ്പിച്ചത്. രോഹിത് ശർമയുടെയും ശിഖർ ധവാന്റെയുമൊക്കെ വ്യക്തിത്വമാണത്. നായകന്മാർ ഇങ്ങനെയൊക്കെയാണ് ഉണ്ടാകുന്നത്. നേരിൽ പരിചയമില്ലാത്ത മാധ്യമപ്രവർത്തകനാണ്.. സഞ്ജുവിന് വേണമെങ്കിൽ എന്നെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാമായിരുന്നു. എന്നാൽ, ഇന്ത്യക്കാരനെന്ന കരുതലോടെയാണ് സഞ്ജു എന്നോട് സംസാരിച്ചത്. ഒറ്റയ്ക്കാണെന്നു കണ്ട് പരിഗണിക്കുകയായിരുന്നു എന്നെ. നന്നായി കളിക്കാനും ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റനാകാനും താങ്കൾക്കു വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുമെന്നു മറുപടി പറയുക മാത്രമാണ് താൻ ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി.
ക്രിക്കറ്റ് താരങ്ങൾ വരും പോകും. എന്നാൽ, മനുഷ്യനെന്ന നിലയ്ക്കാണ് ആളുകൾ ഓർമിക്കപ്പെടുക. മനുഷ്യനെന്ന നിലയ്ക്ക് എന്തു മാറ്റമുണ്ടാക്കിയെന്നാണ് ആളുകൾ ഒാർക്കുക. മഹേന്ദ്ര സിങ് ധോണിയും സച്ചിൻ ടെണ്ടുൽക്കറുമെല്ലാം വലിയ ക്രിക്കറ്റർമാരാകുന്നത് അതുകൊണ്ടാണ്. അവരൊക്കെ നല്ല മനുഷ്യരെന്ന നിലയ്ക്കാണ് ഓർക്കപ്പെടുന്നത്. ഗ്രൗണ്ടിലും പുറത്തുമെല്ലാം അവർ ഇതിഹാസങ്ങളാണ്. ആ ഒരു വ്യക്തിത്വമാണ് സഞ്ജുവിലും എനിക്ക് കാണാൻ കഴിയുന്നത്. സഞ്ജുവിന്റെ പെരുമാറ്റം അത്രയും സ്‌പെഷലായിരുന്നു. ഈ വെസ്റ്റിൻഡീസ് പര്യടനത്തിൽനിന്ന് എന്താണ് പ്രത്യേകമായി ഓർത്തെടുക്കാനുള്ളതെന്നു ചോദിച്ചാൽ ഞാൻ പറയും, സഞ്ജു സാംസൺറെ ഈ പെരുമാറ്റമാണെന്നും വിമൽ കുമാർ കൂട്ടിച്ചേർത്തു.
നെറ്റ്‌വർക്ക് 18 ഗ്രൂപ്പിൽ 15 വർഷത്തോളം സ്‌പോർട്‌സ് ജേണലിസ്റ്റായിരുന്നു വിമൽ കുമാർ. ആജ്തക്, ഹെഡ്‌ലൈൻസ് ടുഡേ, സ്‌പോർട്‌സ് തക്, സ്‌പോർട്‌സ് ടുഡേ എന്നിവയ്ക്കു വേണ്ടിയെല്ലാം വിവിധ മത്സരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകദിന, ടി20 പരമ്പരകൾ റിപ്പോർട്ട് ചെയ്യാനായി വെസ്റ്റിൻഡീസിലെത്തിയതാണ് അദ്ദേഹം.
Summary: "Thought I was being teased, but"; Indian sports journalist Vimal Kumar praises Sanju Samson's special gesture in West Indies