ബോര്ഡിന് ബോധിച്ചോ? ടി20 പരമ്പരയ്ക്കുള്ള സംഘത്തിലും സഞ്ജു
|ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.സി.സി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ സ്ക്വാഡിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്
ട്രിനിഡാഡ്: ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിനു പിന്നാലെ വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയ്ക്കായുള്ള ഇന്ത്യൻ സംഘത്തിലും ഇടംപിടിച്ച് സഞ്ജു സാംസൺ. കെ.എൽ രാഹുൽ കോവിഡ് മുക്തനാകാത്തതിനെ തുടർന്നാണ് സഞ്ജുവിന് ബി.സി.സി.ഐയുടെ വിളിവന്നിരിക്കുന്നത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബി.സി.സി.ഐ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ സംഘത്തിൽ വിക്കറ്റ് കീപ്പറായി സഞ്ജുവിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്ക് ഇന്ന് തറോബ ബ്രയാൻ ലാറ രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുകയാണ്. ഇന്ത്യൻ സമയം വൈകീട്ട് എട്ടിനാണ് മത്സരം ആരംഭിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ഇന്ത്യൻ സംഘത്തിൽ രാഹുൽ ഇടംപിടിച്ചിരുന്നെങ്കിലും ഇതിനിടയിലാണ് താരം കോവിഡ് ബാധിതനായത്. എന്നാൽ, ഇതുവരെയും കോവിഡ് മുക്തനായിട്ടില്ലെന്നാണ് അറിയുന്നത്.
വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ ബാറ്റിങ്ങിലും വിക്കറ്റിനു പിന്നിലും മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുത്തിരുന്നത്. മൂന്നു മത്സരങ്ങളും കളിച്ച താരം 12, 54, പുറത്താകാതെ ആറ് എന്നിങ്ങനെ സ്കോറാണ് സ്വന്തമാക്കിയത്. വിക്കറ്റ് കീപ്പിങ്ങിൽ ആദ്യമത്സരത്തിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായ ബൗണ്ടറി സേവ് അടക്കം മികച്ച പ്രകടനവും പുറത്തെടുത്തിരുന്നു.
കഴിഞ്ഞ മാസം അയർലൻഡിനെതിരെ നടന്ന ടി20 പരമ്പരയിലും ഇന്ത്യൻ ജഴ്സിയിൽ കളിച്ചിരുന്നു സഞ്ജു. അർധസെഞ്ച്വറി(77)യുമായാണ് താരം ഇടവേളയ്ക്കുശേഷം ടീം ഇന്ത്യയിലേക്കുള്ള തിരിച്ചുവരവറിയിച്ചത്. അതേസമയം, ഋഷഭ് പന്തും ദിനേശ് കാർത്തിക്കും ഹർദിക് പാണ്ഡ്യയുമെല്ലാം കളിക്കുന്നതിനാൽ ടി20 പരമ്പരയിൽ സഞ്ജു ഗ്രൗണ്ടിലിറങ്ങാൻ സാധ്യത കുറവാണ്. ഇതിനു പുറമെ മികച്ച ഫോമിലുള്ള ഇഷൻ കിഷനും ദീപക് ഹൂഡയും ടീമിലുണ്ട്. ആദ്യ മൂന്നു മത്സരങ്ങളും ജയിച്ച് പരമ്പര പിടിച്ചാൽ ഒരുപക്ഷെ അടുത്ത രണ്ടു മത്സരങ്ങളിൽ മറ്റു താരങ്ങൾക്ക് അവസരം നൽകാനും സാധ്യതയുണ്ട്.
ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ്: രോഹിത് ശർമ(നായകൻ), ഋഷഭ് പന്ത്(വിക്കറ്റ് കീപ്പർ), ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, ദിനേശ് കാർത്തിക്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഭുവനേശ്വർ കുമാർ, അർശ്ദീപ് സിങ്, രവി ബിഷ്ണോയ്, ഹർഷൽ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, ആവേശ് ഖാൻ, ഇഷൻ കിഷൻ, സഞ്ജു സാംസൺ.
Summary: Sanju Samson added to India's squad for 5-match T20I series against West Indies instead of KL Rahul