'ഇത് ആദ്യമായല്ലല്ലോ'; വൈറൽ പോസ്റ്റിനു പിന്നിലെ രഹസ്യം പറഞ്ഞ് സഞ്ജു സാംസൺ
|''വികാരങ്ങളുണ്ടാകും. അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ചാണു കാര്യങ്ങൾ. സങ്കടപ്പെടാം, ദേഷ്യപ്പെടാം, കുറ്റംപറയാം.''
കോഴിക്കോട്: ലോകകപ്പ് സ്ക്വാഡിൽനിന്നു തഴയപ്പെട്ട ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച പ്രതികരണത്തിൽ വിശദീകരണവുമായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. അതു സങ്കടമോ ദേഷ്യമോ കാരണം ഇട്ട പോസ്റ്റല്ലെന്ന് സഞ്ജു വിശദീകരിച്ചു. വിദേശപര്യടനത്തിനെല്ലാം പോകുമ്പോൾ ടീമിൽ അവസരം കിട്ടാതിരിക്കുന്നത് ഭയങ്കര ബോറടിയാണെന്നും താരം വെളിപ്പെടുത്തി.
ഒരു യൂട്യൂബ് ചാനലിനോടായിരുന്നു സഞ്ജു സാംസൺ മനസ്സു തുറന്നത്. ''അങ്ങനെ ഒട്ടും പ്രതികരിക്കുന്ന ആളല്ല ഞാൻ. അതു സങ്കടമായിരുന്നില്ല. it is what it is എന്നാണ് ഞാൻ കാപ്ഷനിൽ കുറിച്ചിരുന്നത്. ജീവിതത്തിൽ നമുക്ക് എന്തും ആഗ്രഹിക്കാം. നാളെ പലതുമാകണമെന്ന് ആഗ്രഹിക്കാം. എന്നാൽ, ജീവിതം നമ്മുടെ പദ്ധതിക്കനുസരിച്ച് പോയ്ക്കൊള്ളണമെന്നില്ല. ചിലപ്പോൾ നമുക്കത് അങ്ങനെയൊക്കെയാകുമെന്ന് ഉൾക്കൊള്ളേണ്ടിവരും. ഇനിയും പോസിറ്റീവായി കണ്ടു നമുക്ക് മുന്നോട്ടുപോകാം. അല്ലാതെ സങ്കടവും ദേഷ്യവുമൊന്നുമല്ല അതിനു പിന്നിൽ.''-സഞ്ജു വ്യക്തമാക്കി.
''ഇത് ആദ്യമായല്ലല്ലോ.. ഒരു ക്രിക്കറ്റർ ആകുമ്പോൾ, ഒരു കരിയർ ആകുമ്പോൾ ഒരുപാട് വെല്ലുവിളികളുമുണ്ടാകും. നമ്മൾ വിചാരിച്ച രീതിയിലായിരിക്കില്ല കാര്യങ്ങൾ പോകുക. അതാണു ജീവിതത്തിന്റെ രസം. ഇന്നു വിചാരിക്കുംപോലെ നാളെ എല്ലാം നടന്നുകഴിഞ്ഞാൽ വിരസമായിപ്പോകില്ലേ..? വികാരങ്ങളുണ്ടാകും. അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനനുസരിച്ചാണു കാര്യങ്ങൾ. സങ്കടപ്പെടാം, ദേഷ്യപ്പെടാം, കുറ്റംപറയാം. എന്നാൽ, ചെറുപ്പംതൊട്ടേ എന്റെ കാര്യമാണ് ഞാൻ ചിന്തിക്കാറുള്ളത്. എന്റെ അടുത്ത് എന്തു പിഴവാണുണ്ടായതെന്ന് ആലോചിക്കും. അതുകണ്ടെത്തി അധ്വാനിക്കും.''
ലോകത്ത് ഏറ്റവും ജനപ്രിയമായ കായിക ഇനങ്ങളിലൊന്നാണ് ഞാൻ തിരഞ്ഞെടുത്തത്. ഇന്ത്യയിൽ മതം പോലെയാണ് ക്രിക്കറ്റ്. അതുകൊണ്ട് അതിനനുസരിച്ചുള്ള വിമർശനവുമുണ്ടാകും. ഏറ്റവും ഇഷ്ടപ്പെടുന്നവരാകും വിമർശിക്കുന്നത്. അത് സ്വാഭാവിക പ്രതികരണമാണെന്നും സഞ്ജു പറഞ്ഞു.
ഏറ്റവും വലിയ പിന്തുണ ഭാര്യ ചാരുലതയാണെന്നും സഞ്ജു വെളിപ്പെടുത്തി. വലിയ വിമർശകയൊന്നുമല്ല. എം.ബി.എയൊക്കെ വലിയ ക്ലാസോടെ പാസായ ആളാണ് ഭാര്യ. പക്ഷെ, കരിയറിന്റെ തുടക്കത്തിലേ ഞങ്ങൾ തീരുമാനമെടുത്തതാണ്. അവൾ എന്റെ കരിയറിനെ പിന്തുണയ്ക്കാൻ വേണ്ടി അവളുടെ കരിയർ ബലിനൽകിയിരിക്കുകയാണ്. എന്റെ കൂടെ യാത്ര ചെയ്യാൻ എപ്പോഴും വരും അവൾ. കല്യാണം കഴിഞ്ഞ ശേഷമാണ് അവളോട് ഞാൻ സംസാരിച്ചുതുടങ്ങിയതു തന്നെ. അതിനു മുൻപ് മിണ്ടാറേയില്ല. ആദ്യം കോളജിലൊക്കെ പോയപ്പോൾ സംസാരിച്ചിരുന്നു. വിവാഹത്തിനുശേഷമാണ് യാത്രകളടക്കം ജീവിതത്തിൽ രസങ്ങളെല്ലാമുണ്ടായതെന്നും താരം മനസ്സുതുറന്നു.
''വിദേശപര്യടനത്തിനെല്ലാം പോകുമ്പോൾ കാറിൽ കറങ്ങുന്ന ശീലമുണ്ട്. കളിക്കാൻ അവസരം കിട്ടിക്കൊള്ളണമെന്നില്ലല്ലോ.. ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് കാറിൽ കറങ്ങൽ. ഇന്ത്യയ്ക്കു വേണ്ടിയല്ലേ കളിക്കാൻ പോകുന്നത്. നമ്മൾ കളിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും ഒരിക്കലും പറയാൻ പറ്റില്ല. കളിക്കുന്നില്ലെങ്കിൽ ഭയങ്കര ബോറടിയാണ്.''
''ന്യൂസിലൻഡിൽ പോയപ്പോഴാണ് ആ ശീലം തുടങ്ങിയത്. കാർ ഓൺലൈനിൽ ബുക്ക് ചെയ്യും. വിമാനമിറങ്ങി ബാഗ് റൂമിൽ കൊണ്ടുപോയിവയ്ക്കും. എന്നിട്ട് കാർ എടുത്തുവരും. പര്യടനം മുഴുവൻ കാർ കൂടെയുണ്ടാകും. എല്ലായിടത്തും കറങ്ങും. കളിക്കാനാണു പോകുന്നത്. കളിപ്പിക്കുന്നില്ലെങ്കിൽ ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ. ലാലേട്ടനും ശ്രീനിവാസൻ ചേട്ടനും പറഞ്ഞതു പോലെ കിട്ടിയതങ്ങു തകർക്കുക തന്നെ! എപ്പോഴും സന്തോഷത്തോടെയിരിക്കുക''-സഞ്ജു സാംസൺ കൂട്ടിച്ചേർത്തു.
Summary: "There will be emotions. Things depend on how one reacts to it.'' Malayalee cricketer Sanju Samson gives explanation in his response shared on social media after being dropped from the World Cup squad.