Cricket
സഞ്ജു എന്തു തെറ്റാണ് ചെയ്തത്?; ടി20 ലോകകപ്പ് ടീം സെലക്ഷനെ ചോദ്യംചെയ്ത് മുൻ അന്താരാഷ്ട്ര താരം
Cricket

'സഞ്ജു എന്തു തെറ്റാണ് ചെയ്തത്?'; ടി20 ലോകകപ്പ് ടീം സെലക്ഷനെ ചോദ്യംചെയ്ത് മുൻ അന്താരാഷ്ട്ര താരം

Web Desk
|
13 Sep 2022 5:41 AM GMT

''പന്തിന് അത്യാവശ്യം അവസരം നൽകിയിട്ടുണ്ട്. അത് സഞ്ജുവിന് കിട്ടിയിട്ടില്ല. ദിനേശ് കാർത്തിക്കിനെ വച്ച് അധികകാലം മുന്നോട്ടുപോകാനാകില്ല.''

ഇസ്ലാമാബാദ്: മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യയുടെ ടി20 ലോകകപ്പ് സംഘത്തിൽ ഉൾപ്പെടുത്താത്തതിനെ ചോദ്യംചെയ്ത് മുൻ പാകിസ്താൻ സ്പിന്നർ ദാനിഷ് കനേരിയ. ഋഷഭ് പന്തിനും മുൻപ് ടീമിൽ ഇടംലഭിക്കേണ്ടത് സഞ്ജുവിനാണെന്ന് ദാനിഷ് പറഞ്ഞു. ടീമിൽ ഉൾപ്പെടാതിരിക്കാൻ താരം എന്തു തെറ്റാണ് ചെയ്തതെന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ദാനിഷ് കനേരിയയുടെ വിമർശനം. ''സഞ്ജു സാംസൺ പോലുള്ള താരത്തോട് കാണിക്കുന്ന അനീതിയാണിത്. ടി20 ലോകകപ്പ് സംഘത്തിൽ അദ്ദേഹവും ഉണ്ടാവേണ്ടതായിരുന്നു. ടീമിൽ ഇടംലഭിക്കാതിരിക്കാൻ സഞ്ജു എന്തു തെറ്റാണ് ചെയ്തത്?''-ദാനിഷ് ചോദിച്ചു.

ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും സഞ്ജുവിനെ ഉൾപ്പെടുത്താത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഋഷഭ് പന്തിനും മുൻപ് അവസരം നൽകേണ്ടത് സഞ്ജുവിനാണെന്നും ദാനിഷ് കനേരിയ കൂട്ടിച്ചേർത്തു. ഇതിനുമുൻപും താരത്തെ പിന്തുണച്ച് ദാനിഷ് രംഗത്തെത്തിയിരുന്നു. പന്തിന് തെളിയിക്കാനുള്ള നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അത്രയും അവസരം സഞ്ജുവിനു ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞയാഴ്ച യൂട്യൂബ് ചാനലിൽ ദാനിഷ് ചൂണ്ടിക്കാട്ടിയിരുന്നു. ദിനേശ് കാർത്തിക്കിനെ വച്ച് അധികകാലം മുന്നോട്ടുപോകാനാകില്ല. ടി20 ക്രിക്കറ്റിനു പറ്റിയ ഏറ്റവും മികച്ച താരമാണ് സഞ്ജു. പന്തിനെ ടെസ്റ്റിലും ഏകദിനത്തിലും ഉപയോഗിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കശ്മീർ പേസർ ഉമ്രാൻ മാലിക്കിനെ റിസർവ് താരമായും ഉൾപ്പെടുത്താമായിരുന്നുവെന്നും ദാനിഷ് ചൂണ്ടിക്കാട്ടി. ആസ്‌ട്രേലിയയെപ്പോലുള്ള സാഹചര്യത്തിനൊത്ത് ഉയരാനായി ഇന്ത്യൻ ബാറ്റർമാർക്ക് പരിശീലിക്കാനും ഉമ്രാൻ സഹായകമാകുമായിരുന്നു. കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയ സാഹചര്യത്തിൽ കെ.എൽ രാഹുലും രോഹിത് ശർമയും വലിയ സ്‌കോറുകൾ സ്വന്തമാക്കിയില്ലെങ്കിൽ ഏഷ്യ കപ്പിലെ അനുഭവം തന്നെയായിരിക്കും ഇന്ത്യയ്ക്ക് ലോകകപ്പിലും ഉണ്ടാകുകയെന്നും ദാനിഷ് കനേരിയ കൂട്ടിച്ചേർത്തു.

Summary: ''What has he done wrong?'', Former Pakistan spinner Danish Kaneria questions Sanju Samson's absence from India's T20 WC squad

Similar Posts