Cricket
ഇങ്ങനെ പുറത്തിരുത്തരുത്; സഞ്ജുവിന് വേണ്ടി കായിക ലോകം
Cricket

'ഇങ്ങനെ പുറത്തിരുത്തരുത്'; സഞ്ജുവിന് വേണ്ടി കായിക ലോകം

Web Desk
|
22 May 2022 3:06 PM GMT

സഞ്ജു ടീമില്‍ ഉണ്ടാകേണ്ടിയിരുന്നു എന്ന് കമന്റേറ്റർ ഹര്‍ഷ ഭോഗ്‌ലെ അടക്കമുള്ളവര്‍ പ്രതികരിച്ചു

മുംബൈ: ഫോമിലല്ലാത്ത താരങ്ങള്‍ക്ക് ഇടം കിട്ടിയും അര്‍ഹതയുള്ള താരങ്ങളെ പുറത്തിരുത്തിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യൻ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച വൈകിട്ട് പ്രഖ്യാപിച്ചത്.

ഫോമിലല്ലാത്ത വെങ്കിടേഷ് അയ്യർ, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങള്‍ക്കാണ് ടീമില്‍ ഇടം കിട്ടിയത്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന രാഹുൽ ത്രിപാഠി, രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു വി സാംസൺ തുടങ്ങിയവർ സംഘത്തിലില്ല. ഇരു താരങ്ങളും വിവേചനം നേരിടുന്നു എന്നാരോപിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി.

ടീമിൽ രാഹുൽ ത്രിപാഠിക്കും സഞ്ജു സാംസണും ഇടം കിട്ടേണ്ടിയിരുന്നുവെന്ന് വിഖ്യാത കമന്റേറ്റർ ഹർഷ ഭോഗ്‌ലെ പ്രതികരിച്ചു. ആസ്‌ത്രേലിയയ്‌ക്കെതിരെയുള്ള പരമ്പരയിൽ സഞ്ജു ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഭോഗ്‌ലെ കൂട്ടിച്ചേർത്തു.




ഇന്ത്യക്കായി 12 ടി 20 മത്സരങ്ങൾ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. 2015ൽ സിംബാബ്‌വെക്കെതിരെയായിരുന്നു ആദ്യ മത്സരം. പിന്നീട് അഞ്ചു വർഷത്തിന് ശേഷമാണ് സഞ്ജുവിന് ദേശീയ ജഴ്‌സി അണിയാനുള്ള ഭാഗ്യമുണ്ടായത്. 2020 ജനുവരിയിൽ ലങ്കയ്‌ക്കെതിരെ. അതേ വർഷം ഫെബ്രുവരിയിൽ ന്യൂസിലാൻഡിനെതിരെ രണ്ടു കളികളിലും ഡിസംബറിൽ ആസ്‌ത്രേലിയയ്‌ക്കെതിരെ മൂന്നു കളിയിലും സഞ്ജുവിറങ്ങി. പിന്നീട് 2021 ജൂലൈയിൽ ലങ്കയ്‌ക്കെതിരെ മൂന്നു മത്സരങ്ങൾ. കഴിഞ്ഞ ഫെബ്രുവരിയിൽ ലങ്കയ്‌ക്കെതിരെ ആയിരുന്നു അവസാന അന്താരാഷ്ട്ര ടി 20.



ഒരു താരത്തെ ഇങ്ങനെ പുറത്തിരുത്തരുത് എന്നാണ് ഒരു ആരാധകൻ ട്വിറ്ററിൽ കുറിച്ചത്. റിഷഭ് പന്തിനും ശ്രേയസ് അയ്യർക്കും കിട്ടുന്ന പിന്തുണ സഞ്ജുവിന് കിട്ടാത്തത് വിവേചനമാണ് എന്ന പരാതിയും ചിലർ പങ്കുവച്ചു.

ടി 20 ടീമിനെ കെ എൽ രാഹുലും ടെസ്റ്റ് ടീമിനെ രോഹിത് ശർമയുമാണ് നയിക്കുന്നത്. ചേതേശ്വർ പുജാര ടെസ്റ്റ് ടീമിൽ മടങ്ങിയെത്തി. ടി-20 ടീമിൽ ഉമ്രാൻ മാലികും അർഷദീപ് സിങ്ങുമാണ് പുതുമുഖങ്ങൾ. ടി-20 ടീമിലേക്ക് വെറ്ററൻ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തിക്, ഹർദിക് പാണ്ഡ്യ എന്നിവരെ തിരിച്ചുവിളിച്ചു.

ട്വന്റി20 ടീം- കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്‌വാദ്‌, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, യുസ്‌വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയി, ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്.

ടെസ്റ്റ് ടീം- രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഹനുമ വിഹാരി, ചേതേശ്വർ പുജാര, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ഷാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

Similar Posts