'സർഫ്രാസിനെ തഴയുന്നതിനു പിന്നില്‍ ക്രിക്കറ്റിനു പുറത്തെ കാരണം'; ബി.സി.സി.ഐ വൃത്തത്തിന്റെ വെളിപ്പെടുത്തൽ
|അന്താരാഷ്ട്രനിലവാരത്തിനൊത്ത കായികക്ഷമത സർഫ്രാസിനില്ലെന്നും ബി.സി.സി.ഐ വൃത്തം ചൂണ്ടിക്കാട്ടി
ന്യൂഡൽഹി: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോം തുടരുമ്പോഴും മുംബൈ താരം സർഫ്രാസ് ഖാന് ദേശീയ ടീമിൽ ഇടംലഭിക്കാത്തതിൽ വലിയ വിമർശനമാണ് ഉയരുന്നത്. ഏറ്റവുമൊടുവിൽ സുനിൽ ഗവാസ്‌കർ ഉൾപ്പെടെയുള്ള പ്രമുഖരും താരത്തെ പിന്തുണച്ച് രംഗത്തെത്തി. അതിനിടെ, ക്രിക്കറ്റിനു പുറത്തെ കാരണമാണ് സർഫ്രാസ് തഴയപ്പെടുന്നതിനു പിന്നിലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു പ്രമുഖ ബി.സി.സി.ഐ വൃത്തം.
വാർത്താ ഏജൻസിയായ പി.ടി.ഐ ആണ് ബി.സി.സി.ഐ വൃത്തത്തിന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. പേരുവെളിപ്പെടുത്തരുതെന്ന നിർബന്ധത്തോടെയായിരുന്നു വെളിപ്പെടുത്തൽ. കായികക്ഷമതയില്ലായ്മയാണ് ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്ന് കളത്തിനുപുറത്തെ പെരുമാറ്റമാണ് ഉന്നയിക്കപ്പെടുന്നത്. 2022 രഞ്ജി ട്രോഫി ഫൈനലിൽ സെഞ്ച്വറി നേടിയ ശേഷം താരം നടത്തിയ ആഘോഷപ്രകടനവും തിരിച്ചടിയായതായി ബി.സി.സി.ഐ വൃത്തം സൂചിപ്പിക്കുന്നു.
'രോഷപ്രകടനം മനസിലാക്കാം. എന്നാൽ, ഒരുകാര്യം പറയാം. സർഫ്രാസ് തുടരെ അവഗണിക്കപ്പെടുന്നതിനു കാരണം ക്രിക്കറ്റ് പ്രകടനമല്ല. അദ്ദേഹം തഴയപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. തുടർച്ചയായ സീസണുകളിൽ 900ത്തിലേറെ റൺസ് സ്‌കോർ ചെയ്തയാളെ അവഗണിക്കാൻ മാത്രം വിഡ്ഢികളല്ല സെലക്ടർമാർ.'-ബി.സി.സി.ഐ വൃത്തം പറഞ്ഞു.
ഒന്നാമത്തെ കാരണം കായികക്ഷമതയാണ്. അന്താരാഷ്ട്രനിലവാരത്തിനൊത്ത കായികക്ഷമത താരത്തിനില്ല. ഇതിന് അത്യധ്വാനം തന്നെ വേണ്ടിവരും. ഒരുപക്ഷെ ശരീരഭാരം കുറയ്ക്കുകയും വേണ്ടിവരും. ബാറ്റിങ് ഫിറ്റ്‌നസ് മാത്രമല്ല സെലക്ഷന്റെ മാനദണ്ഡമെന്നും അദ്ദേഹം വെളിപ്പെടുത്തി.
കളത്തിലും കളത്തിനു പുറത്തും താരത്തിന്റെ പെരുമാറ്റം അത്ര നന്നല്ലെന്നും ബി.സി.സി.ഐ വൃത്തം തുറന്നടിച്ചു. ചില പരാമർശങ്ങളും പെരുമാറ്റങ്ങളും സംഭവങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അൽപംകൂടി അച്ചടക്കത്തോടെ പെരുമാറിയാലേ എന്തെങ്കിലുമൊക്കെ നല്ലതു വരൂ. അത്തരം വിഷയങ്ങളിൽ സർഫ്രാസും പരിശീലകൻ കൂടിയായ പിതാവ് നൗഷാദ് ഖാനും വേണ്ട കാര്യങ്ങൾ ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഐ.പി.എൽ പ്രകടനമല്ലാ ടീം സെലക്ഷനിൽ പരിഗണിച്ചതെന്നും മായങ്ക് അഗർവാളിന്റെയും ഹനുമാ വിഹാരിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ റിസർവ് ടീമിൽ എന്തുകൊണ്ട് സൂര്യകുമാർ യാദവിനൊപ്പം ഉൾപ്പെടുത്തിയില്ലെന്ന് ചിന്തിച്ചുനോക്കൂ. വിവാഹത്തിനു വേണ്ടി ഋതുരാജ് ഗെയ്ക്ക്‌വാദ് പിന്മാറിയപ്പോൾ യശസ്വി ജയ്‌സ്വാളിനെയാണ് ഉൾപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെ നടക്കുന്ന ടെസ്റ്റ്, ഏകദിന പരമ്പരകൾക്കുള്ള ടീമുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് പരമ്പരയിലുള്ളത്. ഒരിടവേളയ്ക്കുശേഷം സഞ്ജു സാംസൺ ഏകദിന ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലാണ് സഞ്ജു ഇതിന് മുമ്പ് ഇന്ത്യയ്ക്കായി കളിച്ചത്.
ഏകദിന ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്ക്വാദ്, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, സഞ്ജു സംസൺ(വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റൻ), ഷർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്കട്ട്, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
ടെസ്റ്റ് ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്ലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ(വൈസ് ക്യാപ്റ്റൻ), കെ.എസ് ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്‌ദേവ് ഉനദ്കട്ട്, നവ്ദീപ് സൈനി.
രഞ്ജി ട്രോഫി 2021-22 സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനായിരുന്നു സർഫറാസ്. ആകെ ആറു മത്സരങ്ങളിൽനിന്ന് 122 ശരാശരിയിൽ നാല് സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും സഹിതം 982 റൺസാണ് താരം അടിച്ചുകൂട്ടിയത്. 275 ആയിരുന്നു ഉയർന്ന സ്‌കോർ. പുതിയ സീസണിൽ 107 ശരാശരിയിൽ ഇതുവരെ 431 റൺസുമായി ഫോം തുടരുകയാണ്. രണ്ട് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയും ഇത്തവണ അടിച്ചിട്ടുണ്ട്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ശരാശരിയിൽ ഇതിഹാസ താരം ഡോൺ ബ്രാഡ്മാന്(95.14) പിന്നിൽ രണ്ടാം സ്ഥാനത്തുണ്ട് സർഫറാസ്. 80.47 ആണ് താരത്തിന്റെ ശരാശരി. എന്നാൽ, ബംഗ്ലാദേശിനെതിരായ പരമ്പരയ്ക്കു പിന്നാലെ അടുത്ത മാസം നടക്കാനിരിക്കുന്ന ആസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സംഘത്തിലും സർഫറാസിന് ഇടംലഭിച്ചിട്ടില്ല. അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ദുലീപ് ട്രോഫിയിൽ വെസ്റ്റ് സോണിനു വേണ്ടി സർഫ്രാസ് കളത്തിലിറങ്ങുന്നുണ്ട്.
Summary: Sarfaraz Khan excluded from Indian team for fff-field reasons: BCCI official