Cricket
നൂറ്റാണ്ടിന്റെ പന്ത്! 90 ഡിഗ്രിയിൽ കുത്തിത്തിരിഞ്ഞ് കുറ്റിയും പിഴുത് ആ മാസ്മരിക ഡെലിവറി-വിഡിയോ
Cricket

നൂറ്റാണ്ടിന്റെ പന്ത്! 90 ഡിഗ്രിയിൽ കുത്തിത്തിരിഞ്ഞ് കുറ്റിയും പിഴുത് ആ മാസ്മരിക ഡെലിവറി-വിഡിയോ

Web Desk
|
4 March 2022 3:42 PM GMT

ഗാറ്റിങ് വിശ്വസിക്കാനാകാതെ പിച്ചിലേക്കു തന്നെ നോക്കി പകച്ചുനിന്നു. ഗാറ്റിങ് മാത്രമല്ല, ഫീൽഡിലുണ്ടായിരുന്ന വോണിന്റെ സഹതാരങ്ങൾക്കു പോലും ആ നിമിഷം വിശ്വസിക്കാനായില്ല. ഒടുവിൽ അപ്രതീക്ഷിതവിധി അംഗീകരിച്ച് ഗാറ്റിങ്ങിന് പവലിയനിലേക്ക് മടങ്ങേണ്ടിവന്നു

രണ്ടര പതിറ്റാണ്ടു മുൻപായിരുന്നു അത്... കൃത്യമായിപ്പറഞ്ഞാൽ 1993 ജൂൺ നാലിന്. ക്രിക്കറ്റിലെ സകല മാന്ത്രികതയുമൊളിപ്പിച്ച ഒരു വിസ്മയപ്പന്ത്. ക്രിക്കറ്റ് ചരിത്രം പിന്നീട് 'നൂറ്റാണ്ടിന്റെ പന്ത്' എന്ന വിളിച്ച, കളിയാരാധകർ മുഴുവൻ ആ മാസ്മരിക നിമിഷം.

ആസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. വേദി മാഞ്ചസ്റ്ററിലെ ചരിത്രപ്രസിദ്ധമായ ഓൾഡ് ട്രാഫോഡ് ക്രിക്കറ്റ് മൈതാനം. അന്ന് വെറും 23കാരനായിരുന്ന ആസ്‌ട്രേലിയയുടെ ഷെയ്ൻ വോൺ ലോകക്രിക്കറ്റിന്റെ സ്പിൻ മാന്ത്രികനായി മാറിയ ആ സുവർണ നിമിഷം ഇങ്ങനെയായിരുന്നു:

കുത്തിത്തിരിഞ്ഞ് കുറ്റിയും പിഴുത്

ഇംഗ്ലണ്ടിന്റെ വലങ്കയ്യൻ ബാറ്റർ മൈക് ഗാറ്റിങ്ങായിരുന്നു സ്‌ട്രൈക്കിൽ. ചെറിയൊരു റണ്ണപ്പിലൂടെ വോൺ തന്റെ വലതു കൈ ഒന്ന് തിരിച്ച് ഒരു ലെഗ് സ്പിൻ പന്തെറിഞ്ഞു. തുടക്കത്തിൽ ബാറ്റർക്കുനേരെയായിരുന്നു ആ പന്തിന്റെ ഗതി. എന്നാൽ, മുന്നോട്ട് ബാറ്ററെ സമീപിക്കുംതോറും പന്ത് സ്പിൻ ചെയ്ത് വലത്തോട്ട് തിരിഞ്ഞുകൊണ്ടിരുന്നു.

പന്തിന്റെ ഗതി മനസ്സിലാക്കി ഗാറ്റിങ് ഇടംകാൽ മുന്നോട്ടുകയറ്റി. ഏതു പരിചയസമ്പന്നനായ ബാറ്ററും ചെയ്യുന്ന പോലെ പന്ത് വന്നു കുത്തുന്ന സ്ഥാനത്ത് കാൽവച്ച് ബാറ്റ് പാഡിനോട് ചേർത്ത് പന്ത് പ്രതിരോധിക്കാന്‍ നോക്കി. പന്ത് ബാറ്റിലോ പാഡിലോ ആയിരിക്കും തട്ടുക എന്ന കണക്കുകൂട്ടലാണ് അതിനുപിന്നിൽ. പന്ത് ലെഗ് സ്റ്റംപിനു പുറത്താണ് കുത്തിയത് എന്നതിനാൽ കാലിൽ കൊണ്ടാലും എൽ.ബി.ഡബ്ല്യു നൽകാനാവില്ല. ഇനി പന്ത് കൂടുതലായി തിരിഞ്ഞാൽ ബാറ്റിൽ കൊണ്ട് സുരക്ഷിതമായി നിലം പതിക്കുകയും ചെയ്യും.

എന്നാൽ, ഗാറ്റിങ്ങിന്റെ എല്ലാ കണക്കുകൂട്ടലുകളും അസ്ഥാനത്താകുകയായിരുന്നു. ലെഗ് സ്റ്റംപിനു പുറത്ത് കുത്തി ഉയർന്ന പന്ത് ഒന്നുകൂടി തിരിഞ്ഞു. നേരെ ഗാറ്റിങ്ങിന്റെ ബാറ്റിനെയും കടന്ന് ഓഫ് സ്റ്റംപിലെ ബെയിലും തെറിപ്പിച്ചാണ് പന്ത് കടന്നുപോയത്. ഗാറ്റിങ് വിശ്വസിക്കാനാകാതെ പിച്ചിലേക്കു തന്നെ നോക്കി പകച്ചുനിന്നു. ഗാറ്റിങ് മാത്രമല്ല, ഫീൽഡിലുണ്ടായിരുന്ന വോണിന്റെ സഹതാരങ്ങൾക്കു പോലും ആ നിമിഷം വിശ്വസിക്കാനായില്ല.

ഒടുവിൽ അപ്രതീക്ഷിതവിധി അംഗീകരിച്ച് ഗാറ്റിങ്ങിന് പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. ലോകത്തെ അമ്പരിപ്പിച്ച ആ ഡെലിവറി പിന്നീട് നൂറ്റാണ്ടിന്റെ പന്ത് എന്ന് അറിയപ്പെട്ടു. ആ ടെസ്റ്റിൽ വോണിന്റെ ആദ്യ പന്ത് കൂടിയായിരുന്നു അതെന്നതാണ് ഏറെ കൗതുകകരം.

ആ ഒരൊറ്റ പന്തിലൂടെ ലോകത്തിലെ മുൻനിര സ്പിന്നർമാരുടെ കൂട്ടത്തിലേക്ക് നടന്നുകയറുകയായിരുന്നു ഷെയ്ൻ വോൺ. അന്ന് ഒന്നാം ഇന്നിങ്‌സിലും രണ്ടാം ഇന്നിങ്‌സിലുമായി യഥാക്രമം 4/51, 4/86 വിക്കറ്റ് നേട്ടമാണ് വോൺ സ്വന്തം പേരിൽ കുറിച്ചത്. 25.79 ശരാശരിയിൽ 34 വിക്കറ്റുകൾ പരമ്പരയിൽ വോൺ വാരിക്കൂട്ടുകയും ചെയ്തു.

Summary: Shane Warne's the 'ball of the century' in 1993, that stuns Mike Gatting and Cricket world

Similar Posts