Cricket
Shashi Tharoor criticizes BCCI in ODI World Cup fixture, Shashi Tharoor against Ahmedabad Narendra Modi stadium, Shashi Tharoor, 2023 ODI World Cup
Cricket

'കേരളത്തെ അവഗണിച്ചു; അഹ്മദാബാദ് ക്രിക്കറ്റിന്‍റെ പുതിയ തലസ്ഥാനമാകുന്നു'; വിമർശനവുമായി തരൂർ

Web Desk
|
28 Jun 2023 2:28 AM GMT

കഴിഞ്ഞ ദിവസമാണ് 2023 ഏകദിന ലോകകപ്പിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടത്

തിരുവനന്തപുരം: 2023 ഏകദിന ലോകകപ്പിന്റെ വേദികൾ പുറത്തുവിട്ടതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കേരളത്തോടുള്ള അവഗണനയിൽ നിരാശ പരസ്യമാക്കിയ അദ്ദേഹം അഹ്മദാബാദിനെ ക്രിക്കറ്റിന്റെ തലസ്ഥാനമാക്കി മാറ്റുകയാണെന്ന വിമർശനവുമുയർത്തി. മികച്ച സ്റ്റേഡിയങ്ങൾ പുറത്തുനിൽക്കേ ഒരേ സ്റ്റേഡിയത്തിന് നാലും അഞ്ചും മത്സരം നൽകിയത് ബി.സി.സി.ഐയുടെ വീഴ്ചയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോകകപ്പ് സമയക്രമത്തിന്റെ ചിത്രം പങ്കുവച്ച് ട്വിറ്ററിലൂടെയാണ് തരൂരിന്റെ വിമർശനം. 'ഒരുപാടുപേർ ഇന്ത്യയിലെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പ്രകീർത്തിച്ച തിരുവനന്തപുരം സ്‌പോർട്‌സ് ഹബ്(കാര്യവട്ടം സ്റ്റേഡിയം) 2023 ലോകകപ്പ് ഫിക്‌സ്ചർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് നിരാശപ്പെടുത്തുന്നതാണ്. അഹ്മദാബാദ് രാജ്യത്തെ ക്രിക്കറ്റിന്റെ തലസ്ഥാനമായി മാറുകയാണ്. എന്നാൽ, ഒന്നോ രണ്ടോ മത്സരമൊക്കെ കേരളത്തിനും അനുവദിക്കാമായിരുന്നില്ലേ?'-തരൂർ ചോദിച്ചു.

ഒരുപാട് മത്സരങ്ങളാണ് ടൂർണമെന്റിലുള്ളത്. പത്തു പതിനൊന്ന് നഗരങ്ങൾക്കാണ് മത്സരം അനുവദിച്ചിട്ടുള്ളത്. ഇതിൽ ചിലതിന് നാലും അഞ്ചും മത്സരങ്ങൾ ലഭിച്ചിട്ടുണ്ട്. മനോഹരമായ പുതിയ സ്റ്റേഡിയമുള്ള തിരുവനന്തപുരത്തും മൊഹാലിയിലും റാഞ്ചിയിലുമെല്ലാം മത്സരം വച്ച് സന്തോഷം കൂടുതൽ പ്രസരിപ്പിക്കണമായിരുന്നു. ഇതെല്ലാം വലിയ ആരാധകപിന്തുണയും മികച്ച സ്റ്റേഡിയങ്ങളുമുള്ള നഗരങ്ങളാണ്. ഒരു വേദിക്ക് നാലും അഞ്ചും മത്സരം നൽകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇത് ബി.സി.സി.ഐയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചയാണ്-വാർത്താ ഏജൻസിയായ എ.എൻ.ഐയോട് ശശി തരൂർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഐ.സി.സിയും ബി.സി.സി.ഐയും ചേർന്നാണ് 2023 ഏകദിന ലോകകപ്പിന്റെ ഫിക്‌സ്ചർ പുറത്തുവിട്ടത്. ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന മത്സരം 46 ദിവസം നീണ്ടുനിൽക്കും. ഒക്ടോബർ 15നു നടക്കുന്ന ഇന്ത്യാ-പാക് മത്സരത്തിന് അഹ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയമാണ് വേദിയാകുന്നത്.

ഒക്ടോബർ അഞ്ചിനു നടക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് ഉദ്ഘാടന മത്സരത്തിനും നവംബർ 19നു നടക്കുന്ന കലാശപ്പോരാട്ടത്തിനും വേദിയാകുന്നത് അഹ്മദാബാദ് സ്‌റ്റേഡിയമാണ്. സെമി ഫൈനലുകൾ മുംബൈ വാങ്കഡെയിലും കൊൽക്കത്ത ഈഡൻ ഗാർഡൻസിലും നടക്കും. കാര്യവട്ടം സ്റ്റേഡിയത്തിൽ സന്നാഹമത്സരങ്ങൾ മാത്രമാണ് നടക്കുന്നത്.

Summary: 'Ahmedabad is becoming the new cricket capital of the country, but could a match or two not have been allotted to Kerala?'; Congress leader Shashi Tharoor criticizes BCCI in ODI World Cup fixture

Similar Posts