സച്ചിന് പരിക്കേൽപ്പിക്കണമെന്ന് ഉറപ്പിച്ചാണ് അന്ന് ഞാൻ പന്തെറിഞ്ഞത്- കുറ്റസമ്മതവുമായി ഷുഐബ് അക്തർ
|കായിക പോർട്ടലായ 'സ്‌പോർട്‌സ്‌കീഡ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അക്തറിന്റെ വെളിപ്പെടുത്തൽ
ഇസ്‌ലാമാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും പാകിസ്താന്റെ മുൻ പേസ് എക്‌സ്പ്രസ് ഷുഐബ് അക്തറും തമ്മിലുള്ള ക്രീസിലെ പോരാട്ടം പേരുകേട്ടതാണ്. മിക്ക സമയത്തും സച്ചിൻ ജയിക്കുന്ന അയൽക്കാരുടെ യുദ്ധത്തിൽ പലപ്പോഴും അക്തർ ബൗൺസറുകൾ കൊണ്ട് തീതുപ്പുന്നതും കാണാറുണ്ട്. ഒരു മത്സരത്തിൽ സച്ചിന് പരിക്കേൽപ്പിക്കണമെന്ന് ഉറച്ച് പന്തെറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഷുഐബ് അക്തർ.
കായിക പോർട്ടലായ 'സ്‌പോർട്‌സ്‌കീഡ'യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അക്തറിന്റെ കുറ്റസമ്മതം. ''ഞാനൊരു കാര്യം വെളിപ്പെടുത്തട്ടെ.. ആ മത്സരത്തിൽ(2006ലെ കറാച്ചി ടെസ്റ്റിൽ) ബോധപൂർവം സച്ചിനെ ലക്ഷ്യമിട്ടായിരുന്നു ഞാൻ പന്തെറിഞ്ഞത്. എന്തു വിലകൊടുത്തും സച്ചിന് പരിക്കേൽപ്പിക്കണമെന്ന് ഉറച്ചുതന്നെയായിരുന്നു ഞാൻ.''-അക്തർ തുറന്നുസമ്മതിച്ചു.
''വിക്കറ്റിനു മുന്നിൽ എറിയാനാണ് ഇൻസമാം(മുൻ പാക് നായകൻ ഇൻസമാമുൽ ഹഖ്) പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ, സച്ചിനുനേരെ എറിയാനാണ് ഞാൻ നോക്കിയത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ ഹെൽമറ്റിനുനേരെ എറിഞ്ഞത്. അദ്ദേഹം തീർന്നെന്ന് ഉറപ്പിച്ചതാണ്. എന്നാൽ, വിഡിയോ നോക്കുമ്പോൾ സച്ചിൻ എങ്ങനെയോ രക്ഷപ്പെടുന്നതാണ് കണ്ടത്.''-അദ്ദേഹം വെളിപ്പെടുത്തി.
തുടർന്നും സച്ചിന് പ്രഹരമേൽപ്പിക്കുന്നത് ഞാൻ തുടർന്നു. മറുവശത്ത് ആസിഫിന്റെ(മുൻ പാക് പേസർ മുഹമ്മദ് ആസിഫ്) രൂപത്തിൽ ഇന്ത്യൻ ബാറ്റിങ് നിര പ്രയാസപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. അന്ന് ആസിഫ് എറിഞ്ഞതിലും മനോഹരമായി ആരെങ്കിലും ബൗണ്ട് ചെയ്യുന്നത് അപൂർവമായേ ഞാൻ കണ്ടിട്ടുള്ളൂ-ഷുഐബ് അക്തർ തുടർന്നു.
ഇർഫാൻ പത്താൻ ഹാട്രിക് നേട്ടം കൊയ്ത കറാച്ചിയിലെ മത്സരത്തിൽ ഇന്ത്യ പാകിസ്താനോട് തോറ്റിരുന്നു. പരമ്പരയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു.
Summary: Shoaib Akhtar reveals he wanted to injure Sachin Tendulkar at any cost during 2006 Karachi Test