ശ്രീലങ്കൻ പര്യടനം; പരിക്ക് മാറിയാൽ അയ്യർ ക്യാപ്റ്റൻ, സഞ്ജു ടീമിലിടം പിടിച്ചേക്കും
|അയ്യർക്ക് മടങ്ങിയെത്താൻ ആയില്ലെങ്കിൽ ശിഖർ ധവാനോ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കോ നായകന്റെ തൊപ്പി ലഭിക്കും.
ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിൽ ക്യാപ്റ്റൻ ക്യാപ് ലഭിക്കാൻ ഏറ്റവും സാധ്യത ശ്രേയസ്സ് അയ്യര്‍ക്ക്. എന്നാല്‍ അയ്യർക്ക് ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെയേറ്റ പരിക്ക് മാറി ഫിറ്റ്നസ് തെളിയിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാല്‍ ബി.സി.സി.ഐ ഇതുവരെ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ശ്രേയസ്സ് അയ്യര്‍ക്കാണ് പ്രഥമ പരിഗണന. അയ്യർക്ക് മടങ്ങിയെത്താൻ ആയില്ലെങ്കിൽ ശിഖർ ധവാനോ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കോ നായകന്റെ തൊപ്പി ലഭിക്കും.
'ശ്രീലങ്കൻ പര്യടനത്തിൽ ശ്രേയസ് അയ്യർ കളിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാധാരണ ഗതിയിൽ ഒരു സർജറി കഴിഞ്ഞ് കളത്തിലിറങ്ങാൻ 4 മാസമെങ്കിലും സമയം എടുക്കും. ശ്രേയസ് ടീമിൽ ഇടം നേടുകയാണെങ്കിൽ അദ്ദേഹം തന്നെ ക്യാപ്റ്റനാവും. ശിഖർ ധവാനാണ് ടീമിലെ ഏറ്റവും സീനിയറായ താരം. മികച്ച പ്രകടനങ്ങളാണ് കഴിഞ്ഞ കാലയളവിൽ ധവാൻ കാഴ്ചവെക്കുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹാർദ്ദിക് പാണ്ഡ്യക്കും മികച്ച റെക്കോർഡാണുള്ളത്. ഹാർദ്ദിക്കിനെയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്' ബി.സി.സി.ഐ പ്രതിനിധിയെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെല്ലാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ശേഷം ഇഗ്ലണ്ടിനെതിരായി നടക്കുന്ന ടെസ്റ്റ് പരമ്പരക്കുമായി പോകാൻ തയ്യാറെടുക്കുകയാണ്. അതുകൊണ്ട് തന്നെ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ലങ്കയിലേക്ക് തിരിക്കുന്നത്.
സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, ദീപക് ചഹാർ, രാഹുൽ ചഹാർ, ദേവ്ദത്ത് പടിക്കൽ, ഇഷാന്ത് കിഷൻ തുടങ്ങിയ യുവ താരങ്ങൾക്കും ശ്രീലങ്കൻ പര്യടനത്തിനുള്ള സ്ക്വാഡിൽ ഇടം ലഭിച്ചേക്കും.