ദക്ഷിണാഫ്രിക്കയെ മില്ലർ രക്ഷിച്ചു; ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഓസീസിന് 213 റൺസ് വിജയലക്ഷ്യം
|ആസ്ട്രേലിയൻ പേസ് ആക്രമണത്തിനുമുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റർമാരെല്ലാം വിറച്ചു കീഴടങ്ങിയ വേദിയിൽ സെഞ്ച്വറി പ്രകടനവുമായി മില്ലർ(101) അപൂർവകാഴ്ചയായി
കൊൽക്കത്ത: ഡേവിഡ് മില്ലറിന്റെ ഒറ്റയാൾ പോരാട്ടം ദക്ഷിണാഫ്രിക്കയെ നാണക്കേടിൽനിന്നു കാത്തു. ആസ്ട്രേലിയൻ പേസ് ആക്രമണത്തിനുമുന്നിൽ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റർമാരെല്ലാം പതറി വീണ വേദിയിൽ സെഞ്ച്വറി പ്രകടനവുമായി മില്ലർ(101) അപൂർവകാഴ്ചയായി. മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും പാറ്റ് കമ്മിൻസും നിറഞ്ഞാടിയ ദിവസത്തിൽ കലാശപ്പോരിനു യോഗ്യത നേടാൻ ആസ്ട്രേലിയയ്ക്കു മുന്നിൽ ഇനി 213 എന്ന ചെറിയ കടമ്പ മാത്രമാണുള്ളത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമയെ കുറിച്ചാകും ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ആലോചിക്കുന്നത്. ആദ്യ ഓവറിൽ തന്നെ ഡക്കായി ബാവുമ തന്നെ സ്വന്തം തീരുമാനം ചോദ്യംചെയ്തു. പിന്നാലെ ഫോമിലുള്ള ക്വിന്റൻ ഡീകോക്കും(മൂന്ന്) വീണു. മിച്ചൽ സ്റ്റാർക്കിന്റെയും ജോഷ് ഹേസൽവുഡിന്റെയും പവർപ്ലേ ആക്രമണത്തിൽ തപ്പിത്തടഞ്ഞ പ്രോട്ടിയാസ് ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറി.
ഇടയ്ക്കു മഴ കളി തടസപ്പെടുത്തിയ ശേഷം തീരുമാനിച്ചിറങ്ങിയ ഡേവിഡ് മില്ലർ-ഹെൺറിച്ച് ക്ലാസൻ സഖ്യമാണ് കൂട്ടത്തകർച്ചയിൽനിന്ന് ദക്ഷിണാഫ്രിക്കയെ കരകയറ്റിയത്. അഞ്ചാം വിക്കറ്റിൽ 95 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയാണു സഖ്യം വേർപിരിഞ്ഞത്. അർധസെഞ്ച്വറിക്ക് വെറും മൂന്ന് റൺസകലെ ക്ലാസൻ വീണു. ആദ്യ സ്പെൽ എറിയാനെത്തിയ ട്രാവിസ് ഹെഡിന്റെ നാലാം പന്തിൽ ബൗൾഡായായിരുന്നു മടക്കം. പിന്നീട് ജെറാൾഡ് ക്യൂറ്റ്സി(119)യെ കൂട്ടുപിടിച്ചായിരുന്നു മില്ലറുടെ പോരാട്ടം. ഒടുവിൽ ഓസീസ് ക്യാപ്റ്റൻ കമ്മിൻസ് മില്ലറെ ഹെഡിന്റെ കൈയിലെത്തിച്ചു. 116 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും അഞ്ച് സിക്സറും സഹിതം 101 എന്ന വിലയേറിയ റൺസ് സ്കോർബോർഡിൽ കൂട്ടിച്ചേർത്താണു മടങ്ങിയത്.
റസി വാൻ ഡെർ ഡസ്സൻ(31 പന്തിൽ ആറ്), ഐഡൻ മാർക്രാം(20 പന്തിൽ 10), മാർക്കോ ഴാൻസൻ(പൂജ്യം), കേശവ് മഹാരാജ്(നാല്), കഗിസോ റബാഡ(10) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവന.
ബൗളിങ്ങിൽ എട്ട് ഓവറിൽ വെറും 12 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റെടുത്ത ഹേസൽവുഡ് ആണ് ദക്ഷിണാഫ്രിക്കയെ ശരിക്കും വരിഞ്ഞുമുറുക്കിയത്. കമ്മിൻസും സ്റ്റാർക്കും മൂന്നു വീതവും ഹെഡ് രണ്ടും വിക്കറ്റ് സ്വന്തമാക്കി.
Summary: South Africa vs Australia Live Score, World Cup 2023 Semi Final