'ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടു; ആദ്യ കൂടിക്കാഴ്ചയിൽ ഒപ്പമിരുന്ന് മദ്യം കഴിച്ചു'- ധനുഷ്കയ്ക്കെതിരായ പീഡനക്കേസിൽ ഓസീസ് പൊലീസ്
|ശ്രീലങ്കയുടെ ടി20 ലോകകപ്പ് സംഘത്തിലുണ്ടായിരുന്ന ധനുഷ്ക പരിക്കിനെ തുടർന്ന് ടീമില്നിന്ന് പുറത്തായിരുന്നു
സിഡ്നി: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയ്ക്കെതിരായ ലൈംഗിക പീഡനക്കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആസ്ട്രേലിയൻ പൊലീസ്. ആസ്ട്രേലിയയിൽ ലോകകപ്പിനായി എത്തിയ ധനുഷ്ക ഡേറ്റിങ് ആപ്പ് വഴിയാണ് 29കാരിയെ പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. പരസ്പരം മെസേജുകൾ അയച്ചിരുന്ന ഇരുവരും ആദ്യമായി നേരിൽകാണാനെത്തിയപ്പോഴായിരുന്നു പീഡനം നടന്നതെന്നും പൊലീസ് പറയുന്നു.
ദിവസങ്ങൾക്കുമുൻപാണ് ഡേറ്റിങ് ആപ്പ് വഴി ഇരുവരും പരിചയമാകുന്നത്. ഇരുവരും നമ്പർ കൈമാറുകയും ചെയ്തു. ഇതിനുശേഷം നിരന്തരം ഫോണിൽ വിളിയും മെസേജുകളും ഉണ്ടായിരുന്നുവെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് വാർത്താകുറിപ്പിൽ പറയുന്നു. വിഡിയോ കോൾ ചെയ്തതായും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പിൽനിന്ന് ശ്രീലങ്ക നേരത്തെ പുറത്തായിരുന്നു. എന്നാൽ, ശനിയാഴ്ചയായിരുന്നു ടീമിന്റെ അവസാന മത്സരം. മത്സരശേഷം ടീം നാട്ടിലേക്ക് തിരിക്കുന്നതിനാൽ അതിനുമുൻപ് തന്നെ ഇരുവരും നേരിൽ കാണാൻ തീരുമാനിക്കുകയായിരുന്നു. നേരത്തെ തീരുമാനിച്ച പ്രകാരം യുവതി താമസിക്കുന്ന ന്യൂ സൗത്ത് വെയിൽസിലെ റോസ് ബേയിലെത്തി. ഇവിടെ ഒരു ബാറിലെത്തി മദ്യം കഴിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു.
ശേഷം പെൺകുട്ടി താമസിക്കുന്ന റോസ് ബേയിലെ വീട്ടിലേക്ക് ധനുഷ്ക എത്തി. ഇവിടെ വച്ചായിരുന്നു ലൈംഗികമായി പീഡനം നടന്നതെന്ന് ബാലപീഡന-ലൈംഗിക കുറ്റകൃത്യ വിഭാഗം ഡിറ്റക്ടീവ് സുപ്രണ്ട്് ജെയിൻ ഡോഹർട്ടി പറഞ്ഞു. കൂടിക്കാഴ്ചയ്ക്കു മുൻപ് പെൺകുട്ടി എല്ലാ മുൻകരുതലുമെടുത്തിരുന്നുവെന്നും അവർ പറഞ്ഞു. പൊതുസ്ഥലത്തു വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഡേറ്റിങ്ങിനായാണ് ഇരുവരും സ്ഥലത്തെത്തിയതെന്ന് കൂടെയുള്ളവർക്കും അറിവുണ്ടായിരുന്നുവെന്നും ഡോഹർട്ടി കൂട്ടിച്ചേർത്തു.
ടീം ഹോട്ടലിലെത്തി അറസ്റ്റ്
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതി വിവരം പുറത്തെത്തിയതിനു പിന്നാലെ താരത്തെ കൂട്ടാതെ ശ്രീലങ്കൻ ടീം ഇന്നലെ നാട്ടിലേക്ക് തിരിച്ചിരുന്നു. പിന്നീട് ഇന്ന് പുലർച്ചെയാണ് സിഡ്നിയിലെ സസക്സ് സ്ട്രീറ്റിലുള്ള ടീം ഹോട്ടലിലെത്തിയാണ് താരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത ശേഷം ധനുഷ്കയെ സിഡ്നി സിറ്റി പൊലീസ് സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. ഉഭയസമ്മതമില്ലാതെ ലൈംഗിക പീഡനം നടത്തിയ കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിട്ടുണ്ട്.
ശ്രീലങ്കയുടെ ഓപണിങ് ബാറ്ററാണ് ധനുഷ്ക. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ചിരുന്നു. പിന്നീട് പരിക്കിനെ തുടർന്ന് പുറത്തായെങ്കിലും ടീമിനൊപ്പം ആസ്ട്രേലിയയിൽ തുടരുകയായിരുന്നു. ലോകകപ്പിൽനിന്ന് പുറത്തായ ശ്രീലങ്ക ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന അവസാന മത്സരത്തിലും തോറ്റു.
Summary: ''Sri Lankan cricketer Danushka Gunathilaka and the woman had exchanged messages for days via an online dating app and they met for prearranged drinks", says Australian Police in sexual assault case