സിഡ്‌നിയിൽ ലൈംഗിക പീഡനം: ശ്രീലങ്കൻ താരം ഗുണതിലകയ്‌ക്കെതിരായ മൂന്ന് കേസുകൾ പിൻവലിച്ചു
|കഴിഞ്ഞ നവംബറിൽ ആസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനിടെയായിരുന്നു ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ ധനുഷ്‌ക ഗുണതിലക വീട്ടിലെത്തി പീഡിപ്പിച്ചതായി കേസുള്ളത്
സിഡ്‌നി: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്‌ക ഗുണതിലകയ്‌ക്കെതിരായ ലൈംഗിക പീഡനക്കേസിൽ മൂന്നെണ്ണം പിന്‍വലിച്ചു. സിഡ്‌നി കോടതിയിൽ പ്രോസിക്യൂട്ടറാണ് ഇക്കാര്യം അറിയിച്ചത്. ഒരു കേസ് നിലനിൽക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഡൗണിങ് സെന്റർ ലോക്കൽ കോടതിയാണ് കേസ് പരിഗണിച്ചത്. താരത്തിനെതിരായ ഒരു കുറ്റം സ്ഥിരീകരിച്ചതായി പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. ബലപ്രയോഗത്തിലൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ട കേസിലാണ് കുറ്റം സ്ഥിരീകരിച്ചത്. അനുമതിയില്ലാതെ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായുള്ള ബാക്കി മൂന്ന് കേസുകളിൽ കുറ്റം തെളിയിക്കാനായിട്ടില്ലെന്നും പ്രോസിക്യൂട്ടർ വ്യക്തമാക്കി.
കഴിഞ്ഞ നവംബറിൽ ആസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ആസ്‌ട്രേലിയൻ യുവതിയുമായി താരം ഡേറ്റിങ് ആപ്പ് വഴി സൗഹൃദത്തിലാകുകയും ഒരു ദിവസം സിഡ്‌നിയിൽ വച്ച് നേരിൽ കണ്ടുമുട്ടുകയും ചെയ്തു. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും സിഡ്‌നി റോസ് ബേയിലുള്ള യുവതിയുടെ വീട്ടിലെത്തുകയായിരുന്നു.
ഗുണതിലക പെൺകുട്ടിയുടെ കഴുത്തിൽ 20-30 സെക്കൻഡ് നേരം പിടിച്ചുവച്ച് ശ്വാസംമുട്ടിച്ചതായി പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ പറയുന്നു. ആറ് സെക്കൻഡോളം പെൺകുട്ടിക്ക് ശ്വാസമെടുക്കാൻ പോലുമായില്ല. ഒടുവിൽ താരത്തിന്റെ കണങ്കൈയിൽ മുറുക്കിപ്പിടിച്ച് പിടിത്തം അഴിക്കുകായയിരുന്നു. ഇതിനുശേഷവും കഴുത്തിൽ മുറുക്കിപ്പിടിച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. ജീവഭയത്തിനിടെയും ഓടിരക്ഷപ്പെടാൻ പെൺകുട്ടിക്കായില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.
ശ്രീലങ്കൻ ടി20 സംഘത്തിലുണ്ടായിരുന്നെങ്കിലും നമീബിയയ്‌ക്കെതിരായ ഒറ്റ മത്സരത്തിൽ മാത്രമാണ് ഗുണതിലക കളിച്ചത്. പരിക്കിനെ തുടർന്ന് ബാക്കിമത്സരങ്ങൾക്കുള്ള ടീമിൽനിന്ന് പുറത്തായി. എന്നാൽ, ആസ്‌ട്രേലിയയിൽ തന്നെ തുടരുകയായിരുന്നു താരം. ഇതിനിടെയാണ് ലൈംഗികപീഡന പരാതിയിൽ താരത്തെ സിഡ്‌നി പൊലീസ് ടീം ഹോട്ടലിൽനിന്ന് അറസ്റ്റ് ചെയ്തത്.
ശ്രീലങ്കയ്ക്കു വേണ്ടി 47 ഏകദിനവും 46 ടി20യും കളിച്ചിട്ടുണ്ട് ധനുഷ്‌ക ഗുണതിലക. എട്ട് ടെസ്റ്റിലും ശ്രീലങ്കൻ കുപ്പായമണിഞ്ഞിട്ടുണ്ട്.
Summary: Three out of four sexual assault charges against Sri Lankan cricketer Danushka Gunathilaka has been dropped