Cricket
ടെസ്റ്റ്‌ ഒഴിവാക്കിയാണോ ടി20 കളിക്കേണ്ടത്? പാകിസ്ഥാനെതിരെ വിമർശനവുമായി ഇൻസമാം ഉൽ ഹഖ്
Cricket

ടെസ്റ്റ്‌ ഒഴിവാക്കിയാണോ ടി20 കളിക്കേണ്ടത്? പാകിസ്ഥാനെതിരെ വിമർശനവുമായി ഇൻസമാം ഉൽ ഹഖ്

Web Desk
|
18 May 2021 6:27 AM GMT

പാകിസ്ഥാന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽ നിന്ന് ടെസ്റ്റ്‌ മത്സരം ഒഴിവാക്കി ടി20 കളിക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഇൻസമാം ഉൽ ഹഖ് രംഗത്ത്.

പാകിസ്ഥാന്റെ വെസ്റ്റിന്‍ഡീസ് പര്യടനത്തിൽ നിന്ന് ടെസ്റ്റ്‌ മത്സരം ഒഴിവാക്കി ടി20 കളിക്കാനുള്ള തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് ഇൻസമാം ഉൽ ഹഖ് രംഗത്ത്. ജൂലൈയിൽ നടക്കാനിരിക്കുന്ന വിൻഡീസ് പര്യടനത്തിൽ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ടെസ്റ്റ്‌ മത്സരങ്ങളുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ പിന്നീട് ഒരു ടെസ്റ്റ്‌ മത്സരം ഒഴിവാക്കി രണ്ട് ടി20 മത്സരങ്ങൾ അധികമായി ചേർക്കുകയായിരുന്നു.

ഇതോടെ കരീബിയൻ പര്യടനത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് നിലവിലുള്ളത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഈ തീരുമാനമാണ് മുൻ പാകിസ്ഥാൻ നായകൻ കൂടിയായ ഇൻസമാമിനെ ചൊടിപ്പിച്ചത്.

ടെസ്റ്റ് ക്രിക്കറ്റിനെ ഒഴിവാക്കി ടി20 ക്രിക്കറ്റിന് പ്രാധാന്യം നല്‍കുന്നത് ശരിയായ പ്രവണതയല്ലെന്നായിരുന്നു ഇൻസമാമിന്റെ പ്രതികരണം. 'ആരാധകര്‍ക്ക് ഇഷ്ടം ടി20 ക്രിക്കറ്റാണ് അത് തീര്‍ച്ചയായും പരമ്പരയിലുണ്ടാകേണ്ടതുണ്ട്. പക്ഷേ അതിനായി ടെസ്റ്റ് ക്രിക്കറ്റിനെ ബലി കഴിക്കുവാന്‍ പാടില്ല. ആദ്യം പണത്തിനു പിന്നാലെയുള്ള നിങ്ങളുടെ ഓട്ടം മതിയാക്കൂ, ഇല്ലെങ്കിൽ കളിക്കാരും ഇതേ പാത പിന്തുടരും', ഇന്‍സമാം വ്യക്തമാക്കി.

എന്നാൽ ടി20 ലോകകപ്പ് മുന്നിൽ കണ്ടാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നീക്കമെന്നാണ് ആരാധകരുടെ പക്ഷം.

Similar Posts