രോഹിതിനെ മുംബൈ എന്തിനു മാറ്റി? കാരണങ്ങൾ വിശദീകരിച്ച് സുനിൽ ഗവാസ്‌കർ
|''കഴിഞ്ഞ രണ്ടു വർഷം ബാറ്റ് കൊണ്ട് ഉൾപ്പെടെ രോഹിതിന്റെ സംഭാവന കുറഞ്ഞിട്ടുണ്ട്. ക്യാപ്റ്റൻസി ഉത്തരവാദിത്തങ്ങൾ കാരണം താരം ക്ഷീണിതനാണ്.''
മംബൈ: രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻസിയിൽനിന്നു മാറ്റിയതിനെ ചൊല്ലിയുള്ള വിവാദം ക്രിക്കറ്റ് ലോകത്ത് ചൂടുപിടിക്കുകയാണ്. ഹർദിക് പാണ്ഡ്യയെ പകരം ക്യാപ്റ്റനായി പ്രഖ്യാപിച്ചതിനു പിന്നാലെ ടീമിനെതിരെ രോഹിത് ആരാധകരുടെ വൻ കാംപയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിനു ഫോളോവർമാരെ ഇതിനകം തന്നെ മുംബൈയ്ക്ക് നഷ്ടമായിക്കഴിഞ്ഞു. അതിനിടെ, മുംബൈയുടെ തീരുമാനത്തിനു പിന്നിലെ കാരണങ്ങൾ വിശദീകരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌ക്കർ.
മുംബൈ ഇന്ത്യൻസ് തീരുമാനത്തിന്റെ ശരിതെറ്റുകളിലേക്കു പോകേണ്ട ആവശ്യമില്ലെന്ന് ഗവാസ്‌കർ പറഞ്ഞു. അവർ ടീമിന്റെ ഗുണത്തിനു വേണ്ടി എടുത്ത തീരുമാനമാണ്. കഴിഞ്ഞ രണ്ടു വർഷം ബാറ്റ് കൊണ്ട് ഉൾപ്പെടെ രോഹിതിന്റെ സംഭാവന അൽപം കുറഞ്ഞിട്ടുണ്ട്. മുൻപൊക്കെ വമ്പൻ സ്‌കോറുകൾ അടിച്ചിരുന്നു അദ്ദേഹം. എന്നാൽ, കഴിഞ്ഞ രണ്ടു വർഷം ഒൻപത്, പത്ത് സ്ഥാനങ്ങളിലേക്കു പിന്തുള്ളപ്പെട്ടു അവർ. കഴിഞ്ഞ വർഷം പ്ലേഓഫിനു യോഗ്യതയും നേടിയെന്നും 'സ്റ്റാർ സ്‌പോർട്‌സ്' പരിപാടിയിൽ ഗവാസ്‌കർ ചൂണ്ടിക്കാട്ടി.
ക്യാപ്റ്റൻസി ഉത്തരവാദിത്തങ്ങൾ കാരണം രോഹിത് ക്ഷീണിതനാണെന്നാണു തോന്നുന്നതെന്ന് ഗവാസ്‌ക്കർ അഭിപ്രായപ്പെട്ടു. ഐ.പി.എല്ലിൽ മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റിലും ഇതു തന്നെയാണു സ്ഥിതി. അതിനാൽ, കഴിഞ്ഞ രണ്ടു സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലെത്തിച്ച ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റനായി കൊണ്ടുവരുന്നത് യുക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു.
''മുൻപൊക്കെ കാണാറുണ്ടായിരുന്ന പോരാട്ടവീര്യം ഇപ്പോൾ രോഹിത് ശർമയിൽ കാണാനില്ല. നിരന്തരമുള്ള കളികൾ കാരണം ക്ഷീണിതനായിരിക്കും. ഇന്ത്യയെയും മുംബൈയെയും നയിച്ച് അൽപം ക്ഷീണിതനാണ്. ഒരുപാട് ഫലങ്ങളുണ്ടാക്കിയിട്ടുള്ള യുവനായകനാണ് ഹർദിക് എന്നു മനസിലാക്കി ആകും അവർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഹർദിക് ഗുജറാത്തിനെ രണ്ടുതവണ ഫൈനലിലേക്കു നയിച്ചു. 2022ൽ കിരീടവും നേടിക്കൊടുത്തു. ഇതെല്ലാം പരിഗണിച്ചാകും അവർ അദ്ദേഹത്തെ ക്യാപ്റ്റനാക്കിയിരിക്കുക.''
ചില സമയത്ത് പുത്തൻ ആലോചനകൾ ആവശ്യമാണ്. ഹർദിക്കിന് അതുകൊണ്ടുവരാനാകും. ആ തീരുമാനത്തിന്റെ ഗുണം മുംബൈയ്ക്കു തന്നെയായിരിക്കുമെന്നും സുനിൽ ഗവാസ്‌ക്കർ കൂട്ടിച്ചേർത്തു.
ദിവസങ്ങൾക്കുമുൻപാണ് രോഹിത് ശർമയ്ക്കു പകരം ഹർദിക് പാണ്ഡ്യയെ പുതിയ ക്യാപ്റ്റനായി മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചത്. 2024 സീസണിലേക്കാണ് നായകനായി പ്രഖ്യാപിച്ചതെങ്കിലും ദീർഘകാല പദ്ധതിയാണെന്ന് വ്യക്തമാണ്. 2015ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിൽ അരങ്ങേറ്റം കുറിക്കുന്നത്. 2021 വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന താരം 2022ലെ മെഗാ ലേലത്തിനു മുന്നോടിയായി പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റൻസിനൊപ്പം ചേരുകയായിരുന്നു.
ക്യാപ്റ്റനായുള്ള ആദ്യ സീസണിൽ തന്നെ ടീമിന് കിരീടവും സമ്മാനിച്ചു. 2023ൽ ടീമിനെ വീണ്ടും ഫൈനലിലേക്കു നയിച്ചു. ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടാണ് ടീം അടിയറവ് പറഞ്ഞത്. ഇത്തവണ ലേലം ആരംഭിക്കുന്നതിനു മുന്നോടിയായാണ് മുംബൈ ഹർദികിനെ വീണ്ടും ടീമിലെത്തിച്ചത്. മുംബൈ സമീപിച്ചപ്പോൾ തന്നെ താരം ക്യാപ്റ്റൻസി ആവശ്യം മുന്നോട്ടുവച്ചിരുന്നതായും റിപ്പോർട്ടുണ്ട്.
Summary: Sunil Gavaskar explains 'reasons' that prompted Mumbai Indians to replace captain Rohit Sharma