Cricket
SunilGavaskarsupportsKLRahul, favouritisminCricket
Cricket

'രാഹുലിന് ഒരു അവസരംകൂടി നൽകണം'; വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണയുമായി സുനിൽ ഗവാസ്‌കർ

Web Desk
|
12 Feb 2023 9:50 AM GMT

പ്രകടനം പരിഗണിച്ചല്ല, പക്ഷപാതം കൊണ്ടുമാത്രമാണ് രാഹുലിന് ടീമിൽ അവസരം ലഭിക്കുന്നതെന്ന് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ് വിമർശിച്ചിരുന്നു

മുംബൈ: മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദിന്റെ രൂക്ഷവിമർശനത്തിനു പിന്നാലെ മോശം പ്രകടനം തുടരുന്ന കെ.എൽ രാഹുലിനെ പിന്തുണച്ച് സുനിൽ ഗവാസ്‌കർ. കഴിഞ്ഞ രണ്ടു വർഷം രാഹുൽ മികച്ച പ്രകടനമാണ് നടത്തിയതെന്നും താരത്തിന് ഒരു അവസരം കൂടി നൽകണമെന്നും ഗവാസ്‌കർ പറഞ്ഞു.

കഴിഞ്ഞ ഒന്നു രണ്ടുവർഷമായി രാഹുൽ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹത്തിന് ഒരു അവസരം കൂടി നൽകണം. ഡൽഹി ടെസ്റ്റിൽ താരത്തെ കളിപ്പിക്കുമെന്ന് എനിക്ക് ഉറപ്പാണ്. അതിനുശേഷം വേണമെങ്കിൽ ആലോചിക്കാം. കാരണം, ഫോമിലുള്ള ശുഭ്മൻ ഗിൽ അദ്ദേഹത്തിനു പകരം കളിക്കാൻ അവിടെയുണ്ട്-ഗവാസ്‌കർ 'ഇന്ത്യ ടുഡേ'യോട് പറഞ്ഞു.

തീർച്ചയായും അദ്ദേഹത്തിന് ഒരു അവസരം നൽകണം. രാഹുൽ ദക്ഷിണാഫ്രിക്കയിൽ സെഞ്ച്വറി നേടിയ കാര്യം വിക്രം റാത്തോഡും വാർത്താസമ്മേളനത്തിൽ ഓർമിപ്പിക്കുകയുണ്ടായി. രാഹുലിന് കഴിവുണ്ട്, പക്ഷെ കുറച്ചായി ഫോമിലില്ല. ആസ്‌ട്രേലിയയ്‌ക്കെതിരെ റൺസ് നേടുക തന്നെ വലിയ വെല്ലുവിളിയാണ്. റൺസ് കണ്ടെത്താനായാൽ അത് വലിയ ആത്മവിശ്വാസം പകരും. രാഹുലിന്റെ കഴിവ് പരിഗണിച്ച് താരത്തിന് ഒരു അവസരംകൂടി നൽകണമെന്നും ഗവാസ്‌കർ കൂട്ടിച്ചേർത്തു.

രാഹുലിനെ ടീമിലെടുക്കുന്നത് പ്രകടനം നോക്കിയല്ലെന്നും വെറും പക്ഷപാതമാണെന്നുമടക്കമുള്ള രൂക്ഷവിമർശനമാണ് കഴിഞ്ഞ ദിവസം വെങ്കിടേഷ് പ്രസാദ് നടത്തിയത്. അസ്ഥിരതയുടെ കാര്യത്തിൽ സ്ഥിരത പുലർത്തിക്കൊണ്ടിരിക്കുകയാണ് രാഹുൽ. എട്ടു വർഷത്തോളമായി ടീമിലുണ്ടായിട്ടും സാധ്യതകളൊന്നും മികച്ച പ്രകടനമാക്കി മാറ്റാൻ അദ്ദേഹത്തിനായിട്ടില്ല. എട്ടുവർഷത്തെ അന്താരാഷ്ട്ര കരിയറിൽ 46 ടെസ്റ്റ് കളിച്ചിട്ടും 34 ശരാശരിയാണുള്ളത്. ഇത്രയും അവസരം കിട്ടിയ അധികം താരങ്ങളെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നും വെങ്കിടേഷ് വിമർശിച്ചു.

Summary: After Venkatesh Prasad's 'favouritism' allegation, Sunil Gavaskar supports KL Rahul

Similar Posts