ചെന്നൈയെ പഞ്ഞിക്കിട്ട് ഹൈദരാബാദ്; ആറുവിക്കറ്റിന്റെ ആധികാരിക ജയം
|ഹൈദരാബാദ്: ആദ്യം പന്തുകൊണ്ട് വരിഞ്ഞുമുറുക്കി, പിന്നീട് ബാറ്റുകൊണ്ട് അടിച്ചുതകര്‍ത്തു... ചെന്നൈക്കെതിരെ ആധികാരിക ജയവുമായി ഹൈദരാബാദ്. ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. 12 പന്തില്‍ നിന്നും 37 റണ്‍സെടുത്ത അഭിഷേക് ശര്‍മ, 36 പന്തില്‍ 50 റണ്‍സെടുത്ത എയ്ഡന്‍ മാര്‍ക്രം, 24 പന്തില്‍ 31 റണ്‍സെടുത്ത ട്രാവിസ് ഹെഡ് എന്നിവരാണ് ഹൈദരാബാദിന്റെ വിജയം ഉറപ്പാക്കിയത്. നാലുമത്സരങ്ങളില്‍ നിന്നും ഹൈദരാബാദിന്റെ രണ്ടാം ജയവും ചെന്നൈയുടെ രണ്ടാം തോല്‍വിയുമാണിത്.
താരതമ്യേന ചെറിയ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഹൈദരാബാദിന് മിന്നും തുടക്കമാണ് അഭിഷേക് ശര്‍മ നല്‍കിയത്. തൊട്ടുപിന്നാലെയെത്തിയവരും ആധികാരികമായി ബാറ്റുവീശിയതോടെ ഹൈദരബാദ് സ്‌കോര്‍ കുതിച്ചുപാഞ്ഞു. ചെന്നൈ ബൗളര്‍മാര്‍ക്ക് ഒരു ഘട്ടത്തിലും ഹൈദരാബാദിന് വെല്ലുവിളിയുയര്‍ത്താന്‍ സാധിച്ചില്ല. തുടരെ വീണ വിക്കറ്റുകള്‍ റണ്‍നിരക്ക് കുറച്ചെങ്കിലും ഹൈദരാബാദ് അനായാസം ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഹൈദരാബാദ് അച്ചടക്കത്തോടെ പന്തെറിഞ്ഞ് ചെന്നൈ ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടുകയായിരുന്നു. അവസാന രണ്ട് ഓവറുകളില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുനല്‍കിയ ഹൈദരാബാദ് ബൗളര്‍മാര്‍ ചെന്നൈ ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചു. നാലോവറില്‍ 28 റണ്‍സ് മാത്രം വിട്ടുനല്‍കിയ ഭുവന്വേശര്‍ കുമാര്‍, 29 റണ്‍സ് വീതം നല്‍കിയ ജയ്‌ദേവ് ഉനദ്കട്ട്, പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഹൈദരാബാദ് ബൗളിങ്ങിനെ നയ്ിച്ചത്. ചെന്നൈക്കായി ശിവം ദുബൈ 45ഉം അജിന്‍ക്യ രഹാനെ 35ഉം രവീന്ദ്ര ജദേജ 31ഉം റണ്‍സെടുത്തു.
തങ്ങളുടെ ബൗളിങ് കരുത്തിനെ വിശ്വസിച്ച് ചെന്നൈയെ ബാറ്റിങ്ങിനയച്ച കമ്മിന്‍സിന്റെ തീരുമാനം ബൗളര്‍മാര്‍ ശരിവെച്ചു. അധികം വൈകാതെ മാര്‍ക്രത്തിന് പിടികൊടുത്ത് രചിന്‍ രവീന്ദ്രയും (9 പന്തില്‍ 12), ഋഥുരാജ് ഗ്വെയ്ക്‌വാദും (21 പന്തില്‍ 26) മടങ്ങി. തൊട്ടുപിന്നാലെ ശിവം ദുബൈ എത്തിയതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചുപാഞ്ഞു. നാലു സിക്‌സറുകളും രണ്ട് ബൗണ്ടറിയുമടക്കം 24 പന്തില്‍ 45 റണ്‍സ് നേടിയാണ് ദുബെ മടങ്ങിയത്. 30 പന്തില്‍ നിന്നും 35 റണ്‍സെടുത്ത രഹാനെ, 23 പന്തില്‍ 31 റണ്‍സെടുത്ത രവീന്ദ്ര ജദേജ എന്നിവര്‍ക്കൊന്നും കൂറ്റനടികള്‍ക്ക് സാധിക്കാത്തതാണ് ചെന്നൈക്ക് വിനയായത്.