Cricket
തകർത്താടി മാർഷും വാർണറും; കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍
Cricket

തകർത്താടി മാർഷും വാർണറും; കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍

Web Desk
|
14 Nov 2021 5:25 PM GMT

കെയിൻ വില്യംസന്റെ ബാറ്റിങ് കരുത്തിൽ ന്യൂസിലന്‍ഡ് മുന്നോട്ടുവച്ച 173 വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനിൽക്കെയാണ് ആസ്‌ട്രേലിയ മറികടന്നത്. അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷും ഓപണർ ഡെവിഡ് വാർണറുമാണ് കങ്കാരുജയം ഉറപ്പാക്കിയത്

കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍. ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കിവിസംഘത്തെ എട്ടു വിക്കറ്റിന് തകർത്ത് ആസ്‌ട്രേലിയയ്ക്ക് കന്നി കിരീടം. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്, നായകൻ കെയിൻ വില്യംസന്റെ ബാറ്റിങ് കരുത്തിൽ മുന്നോട്ടുവച്ച 173 വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനിൽക്കെയാണ് ആസ്‌ട്രേലിയ മറികടന്നത്. അർധ സെഞ്ച്വറികളുമായി തകർത്തടിച്ച മിച്ചൽ മാർഷും ഓപണർ ഡെവിഡ് വാർണറുമാണ് കങ്കാരുജയം ഉറപ്പാക്കിയത്.

ടി20 ലോകകപ്പിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ആസ്‌ട്രേലിയ്ക്ക് തുടക്കത്തിൽ തന്നെ നായകൻ ആരോൺ ഫിഞ്ചി(അഞ്ച്)നെ നഷ്ടമായി. ട്രെന്റ് ബോൾട്ടിന്റെ മനോഹരമായ പന്തിൽ ഡാരിൽ മിച്ചൽ പിടിച്ചുപുറത്താകുകയായിരുന്നു. മൂന്നാമനായെത്തിയ മാർഷുമായി ചേർന്ന് വാര്‍ണര്‍ കൂറ്റനടികളുമായി തകർത്താടുന്നതാണ് പിന്നീട് കണ്ടത്. പവർപ്ലേ തൊട്ട് തുടങ്ങിയ അഴിഞ്ഞാട്ടം അവസാന ഓവർവരെ ഓസീസ് തുടർന്നു. ബൗളിങ്ങിൽ ഒരു ഘട്ടത്തിലും കിവീസിന് മേധാവിത്വം പുലർത്താൻ വാർണറും മാർഷും അവസരം നൽകിയില്ല. എന്നാൽ, ടൂർണമെന്റിലെ ടോപ്‌സ്‌കോററാകാൻ ഏതാനും റണ്‍സ് മാത്രമകലെ വാർണർ വീണു. വീണ്ടും ബോൾട്ടിന്റെ മനോഹരമായ ഡെലിവറി വാർണറുടെ കുറ്റി പിഴുതെറിയുമ്പോൾ 38 പന്തിൽ 53 റൺസ് നേടിയിരുന്നു താരം. മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും വാർണറുടെ ഇന്നിങ്‌സിന് മിഴിവേകി.


തുടർന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെല്ലിന് അനിവാര്യ വിജയം കൂടുതൽ പരിക്കുകളില്ലാതെ പൂർത്തിയാക്കുക എന്ന ദൗത്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അസാധ്യ ഫോമിൽ നിൽക്കുന്ന മാർഷിന് മികച്ച പിന്തുണ നൽകുകയായിരുന്നു മാക്‌സ്‌വെൽ. ഒടുവിൽ ടിം സൗത്തി എറിഞ്ഞ 19-ാം ഓവറിലെ അഞ്ചാം പന്ത് മാക്‌സ്‌വെൽ ബൗണ്ടറിയിലേക്ക് പായിച്ച് കലാശപ്പോരാട്ടം പൂർത്തിയാക്കി. മറുവശത്ത് പുറത്താകാതെ 50 പന്തിൽ 77 റൺസ് അടിച്ചെടുത്ത മാർഷിന്റെ ഇന്നിങ്‌സിൽ നാല് സിക്‌സും ആറ് ബൗണ്ടറിയും പിറന്നു.


നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിന് തകർപ്പൻ ബാറ്റിങ്ങുമായി കളംനിറഞ്ഞുകളിച്ച നായകൻ കെയിൻ വില്യംസനാണ് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. സെമിയിൽ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഓപണർ മിച്ചലിനെ തുടക്കത്തിൽ തന്നെ ഓസീസ് പേസർ ജോഷ് ഹേസൽവുഡ് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ കൈയിലെത്തിച്ചു. പിന്നീട് നായകൻ കെയിൻ വില്യംസനെത്തിയിട്ടും കിവി സ്‌കോർ മന്ദഗതിയിലായിരുന്നു. പത്ത് ഓവറിൽ 60 റൺസ് പോലും പിന്നിട്ടിരുന്നില്ല കിവികൾ.

എന്നാൽ, പിന്നീടാണ് വില്യംസൻ ഗിയർ മാറ്റിയത്. മിച്ചൽ സ്റ്റാർക്കിന്റെ ഒരു ഓവറിൽ നാല് ഫോറും ഒരു സിക്‌സും സഹിതം 22 റൺസാണ് താരം അടിച്ചെടുത്തത്. ഈ ഓവറാണ് കിവി സ്‌കോറിങ്ങിന്റെ ഗതിമാറ്റിയത്. എന്നാൽ, സെഞ്ച്വറിയിലേക്ക് അടുക്കെ ഹേസിൽവുഡിന്റെ പന്തിൽ ഡീപ്പിൽ സ്മിത്തിന് ക്യാച്ച് നൽകി വില്യംസൻ മടങ്ങി. 48 പന്തിൽ പത്ത് ഫോറും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു വില്യംസണിന്റെ ഇന്നിങ്സ്. മാർട്ടിൻ ഗപ്റ്റിൽ(28), ഗ്ലെൻ ഫിലിപ്പ്സ്(18) എന്നിവർ മികച്ച പിന്തുണയാണ് നായകന് നൽകിയത്. അവസാനത്തിൽ ജിമ്മി നീഷമിന്റെ രക്ഷാപ്രവർത്തനം കൂടിയായതോടെ(ഏഴ് പന്തിൽ 13 ) ന്യൂസിലാൻഡ് സ്‌കോർ 170 കടന്നു.


ആസ്ട്രേലിയക്കായി ജോഷ് ഹെസിൽവുഡ് നാല് ഓവറിൽ വെറും 16 റൺസ് മാത്രം വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു. സ്റ്റാർക്ക് നാല് ഓവറിൽ 60 റൺസാണ് വാങ്ങിക്കൂട്ടിയത്.

Similar Posts