Cricket
ഇംഗ്ലണ്ടിനെ തകർക്കും, കപ്പുമടിക്കും; എ.ബി.പി ന്യൂസ് സ്റ്റുഡിയോയിൽ ഇന്ത്യയുടെ ഭാവി പ്രവചിച്ച് ജ്യോതിഷ ചർച്ച
Cricket

'ഇംഗ്ലണ്ടിനെ തകർക്കും, കപ്പുമടിക്കും'; എ.ബി.പി ന്യൂസ് സ്റ്റുഡിയോയിൽ ഇന്ത്യയുടെ ഭാവി പ്രവചിച്ച് ജ്യോതിഷ ചർച്ച

Web Desk
|
11 Nov 2022 8:16 AM GMT

11 ജ്യോത്സ്യന്മാർ പങ്കെടുത്ത ചർച്ചയിൽ രോഹിത് മികച്ച പ്രകടനം പുറത്തെടുക്കുമെന്നും കോഹ്ലി നിരാശപ്പെടുത്തുമെന്നും പറഞ്ഞവരുണ്ട്

ന്യൂഡൽഹി: ടി20 ലോകകപ്പ് സെമി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിനെതിരായ ഇന്ത്യയുടെ കനത്ത പരാജയത്തിനു പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി ദേശീയ മാധ്യമമായ 'എ.ബി.പി ന്യൂസി'ലെ ജ്യോതിഷ ചർച്ച. ഇന്ത്യയുടെ ലോകകപ്പ് കിരീടസാധ്യതകൾ വിലയിരുത്തിയായിരുന്നു 11 ജ്യോത്സ്യന്മാരെ ചാനൽ സ്റ്റുഡിയോയിലിരുത്തി മത്സരത്തലേന്ന് ചര്‍ച്ച നടന്നത്. മത്സരം കടുത്തതാകുമെന്ന നിലപാടിലായിരുന്നു ഭൂരിഭാഗം പേരും. എന്നാല്‍, കടുത്ത പോരാട്ടത്തിനൊടുവിലും ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫൈനലിലെത്തി ടീം ഇന്ത്യ കിരീടം സ്വന്തമാക്കുമെന്നാണ് എല്ലാവരും പ്രവചിച്ചത്.

എ.ബി.പിയിലെ അഖിലേഷ് ആനന്ദ് ആണ് ഇന്ത്യയുടെ വിധിയെഴുത്തുമായി ചർച്ച നയിച്ചത്. സെമി ഫൈനലിൽ എന്തൊക്കെ സംഭവിക്കും, ഇന്ത്യയുടെ കിരീടസാധ്യതകൾ, പ്രധാന താരങ്ങളുടെ ഗ്രഹനില തുടങ്ങിയവയെല്ലാം ഇഴകീറിയായിരുന്നു ചർച്ച. ശംഖുവിളികളോടെയായിരുന്നു പ്രവചനങ്ങൾക്ക് തുടക്കമിട്ടത്.

ഇരുടീമുകളിലെയും താരങ്ങളുടെ ഗ്രഹനിലകൾ പരിശോധിച്ച് ഇന്ത്യ ജയിക്കാൻ 60:40 സാധ്യതയാണുള്ളതെന്നാണ് കൂട്ടത്തിൽ ഒരാൾ പ്രവചിച്ചത്. കടുത്ത മത്സരമായിരിക്കും നടക്കാൻ പോകുന്നതെങ്കിലും അന്തിമജയം ഇന്ത്യയ്‌ക്കൊപ്പമായിരിക്കുമെന്ന് മറ്റൊരാൾ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് അനുകൂലമായ ഘടകങ്ങൾ ഓരോരുത്തരും എണ്ണിപ്പറയുകയും ചെയ്തു.

ഇന്ത്യൻ ടീമിലെ മൂന്ന് താരങ്ങളുടെ ജാതകം വ്യാഴമാണ്. ഇതിനാൽ വിജയം ഇന്ത്യയ്ക്ക് അനുകൂലമാകുമെന്ന് പല സാധ്യതകൾ മുൻനിർത്തി മറ്റൊരാൾ പ്രവചിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെയും ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലറുടെയും ഗ്രഹം ശുക്രനാണെന്നും ഇതിനാൽ കാര്യങ്ങൾ കടുത്തതാകുമെന്നും ഒരാൾ ചൂണ്ടിക്കാട്ടി.

മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് രോഹിത് ശർമയാകുമെന്നാണ് മറ്റൊരാൾ വാദിച്ചത്. ഇതിനായി രോഹിതിന്റെ ജന്മദിനമടക്കമുള്ള ഘടകങ്ങൾ നിരത്തുകയും ചെയ്തു. എന്നാൽ, കോഹ്ലിയുടെ കാര്യം കുറച്ച് കഷ്ടമായിരിക്കുമെന്ന അഭിപ്രായക്കാരായിരുന്നു കൂടുതൽ പേരും. ഏറ്റവും നിരാശാജനകമായ പ്രകടനം കോഹ്ലിയുടേതാകുമെന്നാണു പലരും പറഞ്ഞത്.

സൂര്യകുമാർ യാദവ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും താരത്തിന്റെ ടൂർണമെന്റിലെ ഏറ്റഴവും മോശം പ്രകടനമായിരിക്കുമെന്നും പറഞ്ഞവർ കൂട്ടത്തിലുണ്ട്. ഹർദിക് പാണ്ഡ്യ ഓൾറൗണ്ട് പ്രടനത്തിലൂടെ മാൻ ഓഫ് ദ മാച്ചാകുമെന്ന് ഒരാൾ പ്രവചിച്ചു. ഇന്ത്യയെ വിജയതീരത്തെത്തിക്കുക പാണ്ഡ്യയുടെ പ്രകടനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂരിഭാഗം പേരും കടുത്ത മത്സരമായിരിക്കുമെന്നാണ് പ്രവചിച്ചത്. എളുപ്പത്തിൽ ജയിക്കാൻ ഇന്ത്യയ്ക്കാകില്ല. അൽപം വിയർത്താണെങ്കിലും അന്തിമവിജയം രോഹിതിനും സംഘത്തിനുമാകുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല.

Summary: After India's big defeat against England in the T20 World Cup semi-final, the astrology discussion of the national media 'ABP News', that predicted that India will win the match and the cup, went viral on social media

Similar Posts