Cricket
The sports world and fans wished the legendary Indian skipper Mahendra Singh Dhoni on his 42nd birthday.
Cricket

ക്യാപ്റ്റൻ, ലീഡർ, ലജൻറ്; പിറന്നാൾ ദിനത്തിൽ ധോണിയ്ക്ക് ആശംസാപ്രവാഹം

Sports Desk
|
7 July 2023 10:21 AM GMT

കട്ടൗട്ടിൽ പാലൊഴുക്കി ആരാധകർ, പുകഴ്ത്തി കായിക ലോകം

ഇതിഹാസ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ 42ാം ജന്മദിനത്തിൽ കായികലോകത്തിന്റെയും ആരാധകരുടെയും ആശംസാ പ്രവാഹം. 1981 ജൂലൈ ഏഴിനാണ് ധോണി ജനിച്ചത്. സമൂഹ മാധ്യമങ്ങളിലും പുറത്തുമൊക്കെ പ്രശസ്തരടക്കം നിരവധി പേരാണ് ആശംസ അറിയിച്ചും പുകഴ്ത്തിയും രംഗത്ത് വന്നത്. എംഎസ് ധോണിയുടെ വെടിക്കെട്ട് പ്രകടനങ്ങളുടെ ഹൈലൈറ്റുമായാണ് ബിസിസിഐ ആശംസ നേർന്നത്.

'ക്യാപ്റ്റൻ, ലീഡർ, ലജൻറ്... ക്രിക്കറ്റ് ഇതുവരെ കണ്ട മികച്ച താരങ്ങളിലൊരാളായ മുൻ ഇന്ത്യൻ ടീം നായകന് സന്തോഷകരമായ ജന്മദിനാശംസകൾ നേരുന്നു' എന്ന കുറിപ്പും ബിസിസിഐ പങ്കുവെച്ചു. 2011 ഐസിസി ലോകകപ്പേന്തി നിൽക്കുന്ന ചിത്രവും കുറിപ്പിനൊപ്പമുണ്ടായിരുന്നു. 2011 ലെ ലോകകപ്പിന് പുറമേ ധോണിയുടെ നായകത്വത്തിൽ ടീം ഇന്ത്യ നേടിയ 2007ലെ ഐസിസി ടി20 ലോകകപ്പ് കിരീടവും 2013ലെ ഐസിസി ചാമ്പ്യൻഷിപ്പ് ട്രോഫിയും ഇരുവശങ്ങളിലുമുണ്ടായിരുന്നു.

'ഹെലികോപ്റ്റർ ഷോട്ട് പോലെ നിങ്ങളെന്നും ഉയരങ്ങളിലായിരിക്കട്ടേ, സന്തോഷ ജന്മദിനാശംസകൾ' ധോണിയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ കുറിച്ചു.

ടെണ്ടുൽക്കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്ന വീരേന്ദ്ര സെവാഗം ധോണിയ്ക്ക് ആശംസ അറിയിച്ചു.

'സൂര്യദേവന് തന്റെ സ്വർഗീയ രഥം വലിക്കാൻ ഏഴു കുതിരകളുണ്ട്.

ഋഗ്വേദത്തിൽ ലോകത്തിന് ഏഴു ഭാഗങ്ങളും ഏഴു ഋതുക്കളും ഏഴു കോട്ടകളും ഉണ്ട്.

ഏഴു അടിസ്ഥാന സംഗീതം...

വിവാഹ ചടങ്ങിൽ ഏഴു ചടങ്ങുകൾ...

ലോകത്തിൽ ഏഴ് അത്ഭുതങ്ങൾ...

ഒപ്പം

7-ാം മാസത്തിലെ 7-ാം ദിവസം- ഒരു ഉന്നതനായ മനുഷ്യന്റെ ജന്മദിനം

@msdhoni

ഹാപ്പി ബർത്ത്‌ഡേ ധോണി' സെവാഗ് മനോഹരമായി കുറിച്ചു.

സിഎസ്‌കെയിൽ ചിന്നത്തലയെന്ന് വിളിക്കപ്പെട്ടിരുന്നു സുരേഷ് റെയ്‌ന ആരാധകരുടെ പ്രിയപ്പെട്ട തലയ്ക്ക് ആശംസ നേർന്നു. 'എന്റെ വല്യേട്ടൻ എംഎസ് ധോണിയ്ക്ക് ജന്മദിനാശംസകൾ, പിച്ചിലെ പങ്കുവെക്കലുകൾ മുതൽ നമ്മുടെ സ്വപ്‌നത്തിലെ പങ്കുവെക്കലുകൾ വരെ. നാം സൃഷ്ടിച്ചെടുത്ത ബന്ധം തകർക്കാനാകാത്തതാണ്. നായകനെന്ന നിലയിലും സുഹൃത്തെന്ന നിലയിലും നിങ്ങളുടെ ശക്തിയാണ് എന്റെ മാർഗദർശക വെളിച്ചം. ഈ വർഷവും നിങ്ങൾക്ക് സന്തോഷവും വിജയവും നല്ല ആരോഗ്യവും നൽകട്ടെ. തിളങ്ങിക്കൊണ്ടിരിക്കുക. നയിച്ചുകൊണ്ടിരിക്കുക. നിങ്ങളുടെ അത്ഭുതം പ്രസരിപ്പിച്ചുകൊണ്ടിരിക്കുക' റെയ്‌ന ട്വിറ്ററിൽ കുറിച്ചു.

രവീന്ദ്ര ജഡേജയും ആശംസ നേർന്നു. '2009 മുതൽ ഇന്നുവരെയും എന്നേക്കും മനുഷ്യനിലേക്കുള്ള എന്റെ യാത്ര. മഹി ഭായ് നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു' തന്റെ വളർച്ചയിൽ ധോണിയുടെ പങ്ക് വ്യക്തമാക്കിയായിരുന്നു ജഡേജയുടെ കുറിപ്പ്.

ആരാധകർ ധോണിയുടെ കൂറ്റൻ കട്ടൗട്ടിൽ പാലഭിഷേകം നടത്തുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു.

ഐപിഎല്ലിലും ഐഎസ്എല്ലിലുമുള്ള വിവിധ ടീമുകളും ധോണിയ്ക്ക് ആശംസ അറിയിച്ചു. ധോണിയുടെ ടീമായാ ചെന്നൈ സൂപ്പർ കിംഗ്‌സ്, ആർ.സി.ബി, ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിംഗ്‌സ്, മുംബൈ ഇന്ത്യൻസ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ്, ഒഡീഷ എഫ്‌സി തുടങ്ങിയ ടീമുകൾ ആശംസകൾ നേർന്നു.

90 ടെസ്റ്റുകളും 350 ഏകദിനങ്ങളും 98 ടി20 കളും മഹേന്ദ്രസിംഗ് ധോണി കളിച്ചിട്ടുണ്ട്. മത്സരങ്ങളിലാകെ 17,266 റൺസ്, 634 ക്യാച്ചുകൾ, 195 സ്റ്റപിംഗ് എന്നിവ ധോണിയുടെ പേരിലുണ്ട്. 200-16 കാലയളവിൽ ലിമിറ്റഡ് ഓവർ മത്സരങ്ങളിലും 2008 -14 കാലയളവിൽ ടെസ്റ്റിലും ഇന്ത്യയെ നയിച്ചു. ഏകദിനങ്ങളിലും ടി 20യിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ വിജയം നേടിത്തന്ന നായകനാണ് ധോണി. എല്ലാ ഐസിസി ട്രോഫികളും നേടിയ ഏക നായകനും താരമാണ്. 2009ൽ ഇന്ത്യയെ ആദ്യമായി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാമതെത്തിക്കാനും എംഎസ് ധോണിയ്ക്ക് സാധിച്ചു.

2008, 2009 വർഷങ്ങളിലെ മികച്ച ഐസിസി ഏകദിന താരമായി തിരഞ്ഞെടുക്കപ്പെട്ടു. 2007ൽ രാജീവ് ഗാന്ധി ഖേൽ രത്‌ന അവാർഡും 2009ൽ പദ്മശ്രീ അവാർഡും നേടി. 2018ൽ പദ്മഭൂഷണും താരത്തെ തേടിയെത്തി.

The sports world and fans wished the legendary Indian skipper Mahendra Singh Dhoni on his 42nd birthday.

Similar Posts