"അത് ശരിയായ തീരുമാനം" കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞതിനെ സ്വാഗതം ചെയ്ത് അഫ്രീദി
|ഇന്ത്യൻ ക്രിക്കറ്റിലെ ഒരു യുഗത്തിന് അന്ത്യം കുറിച്ച ദിവസമായിരുന്നു കഴിഞ്ഞ ശനിയാഴ്ച. വിരാട് കോഹ്‌ലി നായകസ്ഥാനം ഒഴിഞ്ഞ ദിനം. ടി 20 നായകസ്ഥാനം ഒഴിയുകയും ഏകദിന നായകസ്ഥാനത്ത് നീക്കിയതിനും ശേഷം ദക്ഷിണാഫ്രിക്കയിലെ പരമ്പര നഷ്ടത്തോടെ കോഹ്‌ലി ടെസ്റ്റ് ടീം നായകസ്ഥാനവും ഒഴിക്കുകയായിരുന്നു.
കോഹ്‌ലിയുടെ തീരുമാനത്തോട് പ്രതികരിച്ച് വിഖ്യാത ക്രിക്കറ്റർമാർ രംഗത്തെത്തിയിരുന്നു. മൈക്കിൾ വോൺ. ഷെയിൻ വോൺ, സുനിൽ ഗാവസ്‌കർ തുടങ്ങിയർ കോഹ്‌ലിയുടെ നായക കരിയറിലെ സംഭാവനകൾ എടുത്തു പറഞ്ഞു. കോഹ്‌ലിയുടെ തീരുമാനത്തെ മുൻ പാക്കിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും സ്വാഗതം ചെയ്തു.
എന്താണ് ശരിയെന്നും എന്താണ് തെറ്റെന്നും തിരിച്ചറിയാൻ പാകത്തിന് വിരാട് ക്രിക്കറ്റ് കളിച്ചു കഴിഞ്ഞു. എല്ലാ കളിക്കാരും അനുഭവിച്ച ഒരു ഘട്ടത്തിലൂടെയാണ് അദ്ദേഹവും കടന്നു പോകുന്നത്. തന്റെ ബാറ്റിങ് കഴിവുകൾ നന്നായി ആസ്വദിക്കുവാൻ നായകനെന്ന വലിയ ഉത്തരവാദിത്തം ഒഴിഞ്ഞതിലൂടെ അദ്ദേഹത്തിന് കഴിയുമെന്നും അഫ്രീദി പറഞ്ഞു.
" അത് ശരിയായ തീരുമാനമാണെന്നാണ് എന്റെ അഭിപ്രായം. വിരാട് നല്ലവണ്ണം ക്രിക്കറ്റ് കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ഇത് ശരിയായ തീരുമാനം തന്നെയാണെന്നാണ് എന്റെ വിശ്വാസം. കരിയറിലെ ഒരു ഘട്ടമെത്തിയാൽ നിങ്ങൾക്ക് സമ്മർദങ്ങൾ അതിജീവിക്കാൻ പ്രയാസമാവുകയും അത് നിങ്ങളുടെ കളിയെ ബാധിക്കുകയും ചെയ്യുന്നു. ഒരുപാട് കാലം നല്ല നിലയിൽ ടീമിനെ നയിക്കാൻ കോഹ്‌ലിക്ക് കഴിഞ്ഞു. ഇനി ഒരു ബാറ്റസ്മാനെന്ന നിലയിൽ അദ്ദേഹം ക്രിക്കറ്റ് ആസ്വദിക്കട്ടെ" സമാ ടി.വി. യിലെ ' ഗെയിം സെറ്റ് മാച്ച് ' ഷോയിൽ അഫ്രീദി പറഞ്ഞു.
Summary : 'There comes a stage when you can't handle pressure': Afridi on Kohli