Cricket
സിറാജിന്റെ കാലുകളിൽ സ്പ്രിങ്ങുണ്ട്; പ്രശംസ കൊണ്ട് മൂടി സച്ചിൻ
Cricket

''സിറാജിന്റെ കാലുകളിൽ സ്പ്രിങ്ങുണ്ട്''; പ്രശംസ കൊണ്ട് മൂടി സച്ചിൻ

Web Desk
|
22 Dec 2021 1:22 PM GMT

മുതിർന്ന സ്പോര്‍ട്‍സ് ലേഖകന്‍ ബോറിയ മജൂംദറിന്റെ 'ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയ' ഷോയില്‍ സംസാരിക്കുകയായിരുന്നു ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കര്‍

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറില്‍നിന്ന് ഒരു ഉപദേശം കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു യുവതാരവും ക്രിക്കറ്റ് ലോകത്തുണ്ടാകില്ല. അപ്പോള്‍ ക്രിക്കറ്റ് ദൈവത്തിന്റെ വാനോളം പ്രശംസ ലഭിച്ച താരത്തിന്റെ സ്ഥിതിയെന്താകും! ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ പേസ് സെൻസേഷനായ മുഹമ്മദ് സിറാജിനാണ് അവസാനമായി അത്തരൊരു സൗഭാഗ്യം ലഭിച്ചിരിക്കുന്നത്. സിറാജിനെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് സച്ചിൻ. കളിക്കളത്തിലെ അപാരമായ ഊർജത്തിനു പുറമെ ഓരോ നിമിഷവും പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള താരത്തിന്റെ മിടുക്കിനെയും പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു സച്ചിന്റെ അനുമോദനം.

''അവന്റെ കാലുകളിൽ സ്പ്രിങ്ങുണ്ട്. അത് കാണാനാണ് എനിക്കിഷ്ടം. അവന്റെ റണ്ണപ്പ് നോക്കൂ... അപാരമായ ഊർജം കാണാം അതിൽ. ആദ്യത്തെ ഓവറാണെങ്കിലും അവസാനത്തെ ഓവറാണെങ്കിലും ഒരേ ഊർജത്തോടെ എറിയുന്ന ബൗളർമാരുടെ കൂട്ടത്തിലാണ് അവന്‍...'' മുതിർന്ന സ്പോര്‍ട്‍സ് ലേഖകൻ ബോറിയ മജൂംദറിന്റെ 'ബാക്ക്‌സ്‌റ്റേജ് വിത്ത് ബോറിയ' ഷോയിൽ സച്ചിൻ പറഞ്ഞു.

യഥാർത്ഥ പേസ് ബൗളറാണ് അവൻ. അത്രയും പോസിറ്റീവാണ് അദ്ദേഹത്തിന്റെ ശരീരഭാഷ. അതാണ് എനിക്കിഷ്ടം. കാര്യങ്ങൾ അതിവേഗം പഠിച്ചെടുക്കുന്നയാളാണ്. കഴിഞ്ഞ വർഷം താരം ആസ്‌ട്രേലിയയിൽ കളിച്ചപ്പോൾ, മെൽബണിലെ ആ അരങ്ങേറ്റത്തിൽ തന്റെ ആദ്യ മത്സരമാണ് സിറാജ് കളിക്കുന്നതെന്ന് ഒരിക്കലും തോന്നിയിരുന്നില്ല. അത്രയും പക്വതയാണ് അവനന്ന് കാണിച്ചത്. മനോഹരമായായിരുന്നു സ്‌പെല്ലുകളോരോന്നുമെറിഞ്ഞത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഓരോ സമയം താരം പന്തെറിയുന്നത് കാണുമ്പോഴും പുതിയതെന്തെങ്കിലും കൊണ്ടുവരുന്നത് നമുക്ക് കാണാം- സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു.

ക്രിക്കറ്റ് ഇതിഹാസത്തിന്‍റെ വലിയ വാക്കുകള്‍ക്ക് സമൂഹമാധ്യമത്തില്‍ നന്ദി പറയുകയും ചെയ്തിട്ടുണ്ട് മുഹമ്മദ് സിറാജ്. ബോറിയയുടെ ട്വീറ്റ് പങ്കുവച്ചായിരുന്നു സിറാജിന്റെ പ്രതികരണം. ''ഇതിന് നന്ദി സച്ചിൻ ടെണ്ടുല്‍ക്കര്‍. താങ്കളിൽനിന്ന് എനിക്ക് കിട്ടുന്ന വലിയൊരു പ്രചോദനാണിത്. എന്റെ രാജ്യത്തിന് വേണ്ടി ഴിവിന്റെ പരമാവധി ഞാൻ ചെയ്യും. നന്നായിരിക്കൂ, സർ''- സിറാജ് ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ വർഷം നടന്ന ഐതിഹാസികമായ ഇന്ത്യയുടെ ഓസീസ് പര്യടനത്തിൽ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം കുറിച്ച സിറാജ് വെറും പത്തു മത്സരങ്ങളിൽനിന്ന് ഇതിനകം 33 വിക്കറ്റുകളാണ് കൊയ്തത്. അതിൽ ഒരു അഞ്ചു വിക്കറ്റ് നേട്ടവും ഉൾപ്പെടും.

Summary: ''There is spring in his legs and that is what I like to see. His run-up… you can see he is full of energy. Every time I see him, there is something new that he introduces'', Sachin Tendulkar's in high praise for Indian Seamer Mohammed Siraj

Similar Posts