രോഗം വകവച്ചില്ല, കൊടുംചൂടില്‍ തളര്‍ന്നില്ല; ദിവസം മുഴുവന്‍ ക്രീസിലുറച്ചുനിന്ന് കോഹ്ലിയുടെ 'മാസ്റ്റര്‍ക്ലാസ്'
|ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയാണ് കോഹ്ലിയുടെ രോഗവിവരം വെളിപ്പെടുത്തിയത്
അഹ്മദാബാദ്: ഏകദിനത്തിലും ടി20യിലും സെഞ്ച്വറി ഇന്നിങ്‌സുകളിലൂടെ കംബാക്ക് വരവറിയിച്ച കോഹ്ലിക്കു മുന്നിൽ കടമ്പയായി അവശേഷിച്ചത് ടെസ്റ്റ് ക്രിക്കറ്റായിരുന്നു. ടെസ്റ്റിൽ കോഹ്ലി സെഞ്ച്വറി അടിച്ചിട്ട് മൂന്നു വർഷം. അഥവാ നീണ്ട 1,205 ദിവസങ്ങൾ. ഒടുവിൽ മൊട്ടേരയിൽ അസാമാന്യമായ മാസ്റ്റർക്ലാസ് പ്രകടനത്തിലൂടെ കോഹ്ലി ആ ശനിദശയ്ക്കും അന്ത്യംകുറിച്ചിരിക്കുന്നു. ഓസീസ് ബൗളർമാരെ ശരിക്കും കുഴക്കിയ കോഹ്ലി ഇന്നിങ്‌സ് അവസാനം ഇരട്ട സെഞ്ച്വറിക്ക് തൊട്ടരികെയാണ് അവസാനിച്ചത്.
അതേസമയം, അസുഖത്തെ വകവയ്ക്കാതെയായിരുന്നു കോഹ്ലി കളിക്കാനിറങ്ങിയതെന്നാണ് ബോളിവുഡ് താരവും ഭാര്യയുമായ അനുഷ്‌ക ശർമ വെളിപ്പെടുത്തിയിരിക്കുന്നത്. അഹ്മദാബാദിലെ കൊടുംചൂടിനിടയിലാണ് രോഗവും താരത്തെ അലട്ടിയിരുന്നത്. എന്നാല്‍, ഇതൊന്നും ആരെയും അറിയിക്കാതെയായിരുന്നു ദിവസം മുഴുവന്‍ കോഹ്ലി ബാറ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അനുഷ്‌കയുടെ വെളിപ്പെടുത്തൽ.
'രോഗത്തിനിടയിലാണ് ഇത്രയും ശാന്തതയോടെയാണ് കളിക്കുന്നത്. എപ്പോഴും എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു.'-കോഹ്ലി ഇന്നിങ്‌സിന്റെ വിഡിയോ പങ്കുവച്ച് അനുഷ്‌ക കുറിച്ചു.
128 പന്തിൽ 59 റൺസുമായാണ് ഇന്ന് കോഹ്ലി കളി തുടങ്ങിയത്. പിന്നീട് സെഞ്ച്വറിയിലേക്ക് വെറും 41 പന്ത് മാത്രമാണ് താരം എടുത്തത്. വെറും അഞ്ച് ബൗണ്ടറി മാത്രം എടുത്തായിരുന്നു ആ സെഞ്ച്വറിയെന്നതും അതിശയകരമാണ്. സെഞ്ച്വറിയിലേക്കുള്ള നീണ്ട കാത്തിരിപ്പ് അവസാനിച്ചതോടെ ഗിയർ പിന്നെയും മാറ്റി. ആസ്‌ട്രേലിയൻ ബൗളർമാരെ കടന്നാക്രമിച്ചും മുന്നേറി. ഇതിനിടെ 313 പന്ത് നേരിടുമ്പോൾ 150ഉം കടന്നു.
ക്ഷമയും ക്ലാസും സമ്മോഹനമായി സമ്മേളിച്ച ടെസ്റ്റ് ബാങ്ങിങ്ങിന്റെ ചേതോഹരക്കാഴ്ചയ്ക്കാണ് മൊട്ടേര സാക്ഷിയായത്. കരിയറിലെ 28-ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച താരം ഇരട്ട ശതകത്തിനു തൊട്ടരികെ 186 റൺസിനാണ് പുറത്താകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 75-ാം സെഞ്ച്വറി സ്വന്തമാക്കിയ കോഹ്ലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിലേക്കുള്ള ദൂരം കുറച്ചുകൂടി കുറച്ചിരിക്കുകയാണ്.
Summary: Anushka Sharma reveals Virat Kohli batted through sickness in Ahmadabad Test against Australia