''താങ്കളുടെ തിരിച്ചുവരവിനായി ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട്''; ആരോഗ്യവിവരങ്ങള്‍ തിരക്കിയ വിരാട് കോഹ്ലിയോട് ഷാഹിൻ ഷാ അഫ്രീദി
|മുട്ടിനു പരിക്കേറ്റ് ടീമിനു പുറത്തായ ഷാഹിനെ വിരാട് കോഹ്ലി, ചഹല്‍, ഋഷഭ് പന്ത്, രാഹുല്‍ അടക്കമുള്ള ഇന്ത്യൻ താരങ്ങൾ നേരിൽ സന്ദര്‍ശിച്ചിരുന്നു
ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് പോരാട്ടങ്ങൾക്ക് നാളെ ദുബൈയിൽ തുടക്കമാകുകയാണ്. ഞായറാഴ്ച നടക്കുന്ന ബദ്ധവൈരികളുടെ പോരാട്ടമായ ഇന്ത്യ-പാക് മത്സരത്തിനായാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ, ബൗളിങ് ആക്രമണത്തിന്റെ കുന്തമുനകളില്ലാതെയാണ് ഇരുടീമുകളും പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുംറയ്ക്കും പാക് പേസർ ഷാഹിൻ ഷാ അഫ്രീദിയ്ക്കുമാണ് പരിക്ക് വില്ലനായിരിക്കുന്നത്. ഇതിനിടെ ദുബൈയിൽ ഷാഹിൻ ഷാ അഫ്രീദിയെ സന്ദർശിക്കുന്ന ഇന്ത്യൻ താരങ്ങളുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
ദുബൈയിൽ ദിവസങ്ങൾക്കുമുൻപ് തന്നെ ടീമുകൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇതിനിടയിലാണ് പരിക്കുകാരണം പരിശീലനത്തിന്റെ ഭാഗമാകാനാകാതെ പുറത്തിരുന്ന ഷാഹിനെ വിരാട് കോഹ്ലി അടക്കമുള്ള ഇന്ത്യൻ താരങ്ങൾ നേരിൽകണ്ട് കുശലം പറഞ്ഞത്. ടീമിനൊപ്പം ദുബൈയിലെത്തിയെങ്കിലും മുട്ടിനേറ്റ പരിക്കാണ് ഷാഹിൻ അഫ്രീദിക്ക് തിരിച്ചടിയായത്. ഏഷ്യാ കപ്പ് സംഘത്തിൽ താരം ഉണ്ടാകില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് അറിയിച്ചിരുന്നു.
ആദ്യം ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചാഹലാണ് ഷാഹിനെ കാണാനെത്തിയത്. ഇരുവരും സംസാരിച്ചു പിരിഞ്ഞതിനു പിന്നാലെ കോഹ്ലിയുമെത്തി. കോഹ്ലി താരത്തിന്റെ ആരോഗ്യസ്ഥിതിയെല്ലാം ചോദിച്ചറിഞ്ഞു. പിരിയുമ്പോൾ കോഹ്ലിയോട് ഷാഹിന്റെ മറുപടി ഇങ്ങനെയായിരുന്നു: ''താങ്കൾ ഫോമിൽ തിരിച്ചെത്താൻ വേണ്ടി ഞങ്ങളെല്ലാം പ്രാർത്ഥിക്കുന്നുണ്ട്.''
ഇതു കേട്ട് ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു കോഹ്ലി. ആരോഗ്യവാനായിരിക്കൂവെന്ന് ആശംസിച്ചാണ് കോഹ്ലി തിരിച്ചുനടന്നത്. കോഹ്ലിക്കു പിന്നാലെ ഋഷഭ് പന്ത്, കെ.എൽ രാഹുൽ എന്നിവരെല്ലാം ഷാഹിനെ നേരിൽകാണുകയും ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. താരങ്ങളുടെ കൂടിക്കാഴ്ചയുടെ വിഡിയോ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ പങ്കുവച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ബാബർ അസമും കോഹ്ലിയും തമ്മിൽ ഗ്രൗണ്ടിൽ നടന്ന കൂടിക്കാഴ്ചയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. താരത്തിന്റെ മോശം ഫോമിൽ പിന്തുണയുമായി നേരത്തെ ബാബർ രംഗത്തെത്തിയിരുന്നു. ഇതിനു കോഹ്ലി സോഷ്യൽ മീഡിയയിൽ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ഏഷ്യാകപ്പിലെ ആദ്യ മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകില്ല. ദ്രാവിഡിന്റെ അഭാവത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ വി.വി.എസ് ലക്ഷ്മൺ ഇന്ത്യയുടെ പരിശീലകനാകും. സിംബാബ്‌വേക്കെതിരായ ഇന്ത്യൻ ടീമിന്റെ ഏകദിന പരമ്പരയിലും ദ്രാവിഡ് പങ്കെടുത്തിരുന്നില്ല. ലക്ഷ്മണാണ് പരമ്പരയിലും ഇന്ത്യയുടെ പരിശീലകനായി ഉണ്ടായിരുന്നത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ(ക്യാപ്റ്റൻ), കെ.എൽ രാഹുൽ(വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക്ക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്ക്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, രവി ബിഷ്‌ണോയി, ഭുവനേശ്വർ കുമാർ, അർശ്ദീപ് സിങ്, ആവേശ് ഖാൻ. ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ, ദീപക് ചഹർ എന്നിവരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.
Summary: ''We are praying that your form comes back'', Shaheen Shah Afridi tells Virat Kohli