'പ്രിയപ്പെട്ടവര്‍ക്ക് നടുവില്‍ പോലും ഒറ്റയ്ക്കായ തോന്നലുണ്ടായിട്ടുണ്ട്' : മാനസികാരോഗ്യം വളരെ പ്രധാനമെന്ന് വിരാട് കോഹ്ലി
|ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരിക എന്നത് നിസ്സാരമായി കണക്കാക്കാനാവില്ല
ന്യൂഡല്‍ഹി : കരിയറിലുടനീളം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്ന് പോയതെന്ന് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ആളുകള്‍ തിങ്ങി നിറഞ്ഞ മുറിയിലും പ്രിയപ്പെട്ടവര്‍ക്കൊപ്പവും നില്ക്കുമ്പോള് പോലും ഒറ്റപ്പെടലുണ്ടായിട്ടുണ്ടെന്നും സാധാരണ സംഭവമാണെങ്കിലും ഇതൊരു ഗുരുതര പ്രശ്നമാണെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
"ഒരുപാടാളുകള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന അവസ്ഥയാണിതെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. നമ്മളെ പ്രോത്സാഹിപ്പിയ്ക്കുകയും സ്നേഹിയ്ക്കുകയും ചെയ്യുന്ന ആളുകള്‍ക്കൊപ്പം നില്‍ക്കുമ്പോളും ഒറ്റപ്പെടല്‍ അനുഭവിക്കേണ്ടി വരിക എന്നത് നിസ്സാരമായി കണക്കാക്കാനാവില്ല. കരുത്ത് നേടി മുന്നേറണം എന്ന് വിചാരിക്കുന്തോറും തകര്‍ന്ന് പോകുന്നത് പോലെ തോന്നും. മാനസിക സമ്മര്‍ദത്തിനയവ് വരുത്താന്‍ കായികതാരങ്ങള്‍ക്ക് വിശ്രമമാണ് അത്യാവശ്യമായി വേണ്ടത്. നമുക്ക് നമ്മളുമായി തന്നെ റീകണക്ട് ചെയ്യാന്‍ സമയം വേണം. അതിന് സാധിച്ചില്ലെങ്കില്‍ ഒരു കാര്യത്തിലും ശ്രദ്ധ ചെലുത്താനാവില്ല." കോഹ്ലി പറഞ്ഞു.
2014ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ വിചാരിച്ച സ്കോര്‍ നേടാനാവാഞ്ഞതിനാല്‍ താന്‍ ഡിപ്രഷനിലായിരുന്നുവെന്ന് നേരത്തേ ഒരു അഭിമുഖത്തില്‍ കോഹ്ലി വെളിപ്പെടുത്തിയിരുന്നു. റണ്‍സ് നേടാനാവില്ല എന്ന ചിന്തയോടെയാണ് അന്നൊക്കെ ഉറക്കമുണര്‍ന്നിരുന്നതെന്നും ആ സമയത്ത് ലോകത്താരും തന്റെയൊപ്പമില്ലെന്ന തോന്നലാണുണ്ടായിരുന്നതെന്നും ഇംഗ്ലീഷ് കമന്റേറ്റര്‍ മാര്‍ക്ക് നിക്കോളാസിന് നല്കിയ അഭിമുഖത്തില്‍ കോഹ്ലി കൂട്ടിച്ചേര്‍ത്തിരുന്നു.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി കോഹ്ലി അറിയിച്ചത്. ട്വന്റി20 ലോകകപ്പില്‍ ഫോമിലല്ലാതിരുന്ന കോഹ്ലി ഇതിന് നിരവധി വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു.