''അന്ന് നെറ്റ്സിൽ കോഹ്ലിയെ കണ്ട് ഞെട്ടിപ്പോയി''; അനുഭവം വെളിപ്പെടുത്തി റാഷിദ് ഖാൻ
|പാക് മാധ്യമപ്രവർത്തക സവേര പാഷയ്ക്കു നൽകിയ അഭിമുഖത്തിലാണ് സ്പിൻ മാന്ത്രികൻ റാഷിദ് ഖാന്റെ വെളിപ്പെടുത്തൽ
ദുബൈ: ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ സ്വയം സമർപ്പണത്തെ വാനോളം വാഴ്ത്തി അഫ്ഗാനിസ്താന്റെ സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ. കോഹ്ലി ഫോമിലല്ലെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്ഥാപിച്ച ഉയർന്ന നിലവാരം കാരണമാണ് അങ്ങനെ തോന്നുന്നതെന്നും പാക് മാധ്യമപ്രവർത്തക സവേര പാഷയ്ക്കു നൽകിയ അഭിമുഖത്തിൽ റാഷിദ് പറഞ്ഞു.
''കണ്ടാൽ ഫോമിലല്ലെന്നു തോന്നാന്ന തരം മികച്ച ഷോട്ടുകളാണ് കോഹ്ലി കളിക്കുന്നത്. അദ്ദേഹം ഫോമിലല്ലെന്ന് എനിക്ക് തോന്നുന്നില്ല. താരത്തിൽനിന്ന് അത്രയും വലിയ പ്രതീക്ഷയാണുള്ളത്. അദ്ദേഹം ഓരോ കളിയിലും സെഞ്ച്വറി അടിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ടെസ്റ്റ് ഇന്നിങ്സുകൾ നോക്കിയാൽ കഠിനമായ ഘട്ടത്തിലും ബുദ്ധിമുട്ടുന്ന പിച്ചിൽ പോലും മികച്ച നിലയിൽ ബാറ്റ് ചെയ്ത് 50ഉം 60ഉം 70ഉം ഒക്കെ സ്കോർ ചെയ്യുന്നുണ്ട് അദ്ദേഹം.''-റാഷിദ് ഖാൻ സവേരയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
മറ്റൊരു താരമാണെങ്കിൽ അദ്ദേഹം ഫോമിലാണെന്നാകും എല്ലാരും പറയുകയെന്നും റാഷിദ് അഭിപ്രായപ്പെട്ടു. ഐ.പി.എൽ സമയത്ത് അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഫോമിലല്ലെന്ന് അദ്ദേഹത്തിന് തോന്നിയിട്ടില്ല. മത്സരങ്ങൾക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ മുന്നൊരുക്കം കണ്ടാൽ നമ്മൾക്ക് പ്രചോദനമാകും. അതു കണ്ട് നമ്മൾ കൂടുതൽ അധ്വാനിക്കുകയും ചെയ്യുമെന്നും റാഷിദ് പറഞ്ഞു.
''ഐ.പി.എല്ലിൽ ഞങ്ങൾ തമ്മിൽ നടന്ന ഒരു മത്സരത്തിനിടെ നെറ്റ്സിൽ അദ്ദേഹത്തെ കണ്ടു. എത്ര നേരമാണ് അദ്ദേഹം നെറ്റ്സിൽ പരിശീലിക്കുന്നത്! രണ്ടു മണിക്കൂറിലേറെ അദ്ദേഹം ബാറ്റ് ചെയ്യുന്നതു കണ്ട് ഞാൻ അന്തംവിട്ടുപോയി. ഞങ്ങളൊക്കെ പരിശീലനം നിർത്തിയിട്ടും അദ്ദേഹം ബാറ്റ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.''-റാഷിദ് ഖാൻ കൂട്ടിച്ചേർത്തു.
Summary: ''I was amazed watching Virat Kohli in nets'', says Afghanistan superstar Rashid Khan