Cricket
ഹർദിക് പാണ്ഡ്യയ്‌ക്കെതിരെ പീഡന പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുടെ ഭാര്യ
Cricket

ഹർദിക് പാണ്ഡ്യയ്‌ക്കെതിരെ പീഡന പരാതിയുമായി ദാവൂദ് ഇബ്രാഹിമിന്റെ സഹായിയുടെ ഭാര്യ

Web Desk
|
13 Nov 2021 12:23 PM GMT

ബിസിസിഐ മുൻ ചെയർമാൻ രാജീവ് ശുക്ല, മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ എന്നിവർക്കെതിരെയും കുപ്രസിദ്ധ ഗുണ്ടാ നേതാവായ റിയാസ് ഭാട്ടിയുടെ ഭാര്യ റെഹ്‌നുമ രംഗത്തെത്തിയിട്ടുണ്ട്

ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യയ്‌ക്കെതിരെ പീഡന പരാതിയുമായി അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സഹായി റിയാസ് ഭാട്ടിയുടെ ഭാര്യ. ഹർദിക് അടക്കമുള്ള പ്രമുഖർ പീഡിപ്പിച്ചെന്നാണ് ഭാട്ടിയുടെ ഭാര്യ റെഹ്‌നുമയുടെ വെളിപ്പെടുത്തൽ. ബിസിസിഐ മുൻ ചെയർമാൻ രാജീവ് ശുക്ല, മുൻ ഇന്ത്യൻ താരം മുനാഫ് പട്ടേൽ എന്നിവർക്കെതിരെയും ആരോപണമുണ്ട്.

കുപ്രസിദ്ധ ഗുണ്ടാ നേതാവായ റിയാസ് ഭാട്ടി ഭാര്യയെ തന്റെ ബിസിനസ് പങ്കാളികളുമായും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുമായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്നാണ് പരാതി. ലൈംഗികബന്ധത്തിനു സമ്മതിച്ചില്ലെങ്കിൽ മക്കളെയടക്കം കൊല്ലുമെന്ന് ഭാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പീഡനങ്ങളുടെ വിശദാംശങ്ങൾ റെഹ്‌നുമ പൊലീസിന് നൽകിയിട്ടില്ല. സംഭവത്തിൽ പരാതി നൽകി രണ്ടു മാസം പിന്നിട്ടിട്ടും പൊലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയോ അന്വേഷണത്തിന് തയാറാകുകയോ ചെയ്തിട്ടില്ലെന്നും അവർ ആരോപിക്കുന്നു.

വിവിധതലങ്ങളിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ നിരവധി തവണ താൻ സമീപിച്ചിട്ടുണ്ട്. എന്നാൽ, പണം ആവശ്യപ്പെടുകയാണ് അവർ ചെയ്തത്. ഞാനെന്തിന് അഴിമതിക്ക് കൂട്ടുനിൽക്കണം? അവരാണ് യഥാർത്ഥ ക്രിമിനലുകൾ-റെഹ്‌നുമ കുറ്റപ്പെടുത്തി.

കഴിഞ്ഞ സെപ്റ്റംബർ 24നാണ് മുംബൈയിലെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ റെഹ്‌നുമ പരാതി നൽകിയത്. പരാതി ലഭിച്ച വിവരം മുംബൈ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ മഞ്ജുനാഥ് സിങ്ങെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ അറിയില്ലെന്നും മഞ്ജുനാഥ് പറഞ്ഞു.

ഐപിഎല്ലിലെയും ടി20 ലോകകകപ്പിലെയും മോശം പ്രകടനമാണ് ഹർദിക് കാഴ്ചവച്ചത്. ഇതിനു പിറകെ ന്യൂസിലൻഡിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ടീമിൽനിന്ന് പുറത്താകുകയും ചെയ്തിട്ടുണ്ട്.

Summary: Riyaz Bhatti, wife of Dawood Ibrahim's aide, has filed a sexual harassment complaint against Indian cricketer Hardik Pandya. Former BCCI chairman Rajiv Shukla and former Indian cricketer Munaf Patel have also been charged.

Similar Posts