വനിതാ ലോകകപ്പ്; കിവികളുടെ ചിറകരിഞ്ഞ് കങ്കാരുപ്പട, 141 റണ്‍സ് ജയം
|ജയത്തോടെ പോയിന്‍റ് ടേബിളില്‍ ആസ്ട്രേലിയ ഒന്നാമതെത്തി.
ലോകകപ്പിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അപരാജിത കുതിപ്പുമായി ആസ്ട്രേലിയന്‍ വനിതകള്‍. ന്യൂസിലന്‍ഡിനെ 141 റണ്‍സിനാണ് ആസ്ട്രേലിയ തകര്‍ത്തുവിട്ടത്. ജയത്തോടെ പോയിന്‍റ് ടേബിളില്‍ ആസ്ട്രേലിയ ഒന്നാമതെത്തി.
ആസ്ട്രേലിയ ഉയര്‍ത്തിയ വിജയലക്ഷ്യമായ 270 റണ്‍സ് പിന്തുടര്‍ന്ന് ബാറ്റിങിനിറങ്ങിയ കിവീസിന്‍റെ ബാറ്റര്‍മാരെല്ലാം കവാത്ത് മറക്കുകയായിരുന്നു. വെറും 30.2 ഓവറിൽ ന്യൂസിലന്‍ഡ് 128 റൺസിന് ഓള്‍ഔട്ട് ആയി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എൽസെ പെറി(68), താഹ്‍ലിയ മഗ്രാത്ത്(57) എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്കോര്‍ കണ്ടെത്തിയത്. അവസാന ഓവറുകളില്‍ വെടിക്കെട്ട് നടത്തിയ (18 പന്തിൽ പുറത്താകാതെ 48 റൺസ്)ആഷ്‍ലൈ ഗാര്‍ഡ്നറുടെ ഇന്നിംഗ്സും ആസ്ട്രേലിയക്ക് തുണയായി. ബെത്ത് മൂണി(30), റേച്ചൽ ഹെയ്ൻസ്(30) എന്നിവരും ഓസീസിനായി റൺസ് കണ്ടെത്തി. ലിയ തഹുഹു ന്യൂസിലന്‍ഡിനായി മൂന്നു വിക്കറ്റ് നേടി.
മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലന്‍ഡ് ആദ്യ വിക്കറ്റിൽ 22 റൺസ് നേടിയെങ്കിലും പിന്നീടെത്തിയവര്‍ പവലിയനിലേക്ക് വളരെവേഗം മടങ്ങുന്ന കാഴ്ചയാണ് കണ്ടത്. 44 റൺസ് നേടിയ ആമി സാത്തെര്‍ത്ത്‍വൈറ്റ് മാത്രമാണ് കിവീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ആസ്ട്രേലിയയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയ തഹുഹു കിവീസ് ഇന്നിങ്സില്‍ 23 റൺസ് കൂടി നേടി. ആസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗൺ മൂന്നും അമാന്‍ഡ വെല്ലിംഗ്ടൺ, ആഷ്‍ലൈ ഗാര്‍ഡ്നർ എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി.