അതിവേഗം ജയ്സ്വാൾ, സഞ്ജു, രാജസ്ഥാൻ; കൊൽക്കത്തയ്ക്കെതിരെ ഒന്പത് വിക്കറ്റ് ജയം
|മത്സരം മൂന്നാം ഓവര് പിന്നിടുമ്പോഴേക്കും യശസ്വി ജയ്സ്വാൾ ഐ.പി.എല്ലിലെ അതിവേഗ അർധസെഞ്ച്വറി സ്വന്തം പേരിലാക്കിയിരുന്നു, വെറും 13 പന്തില്
കൊൽക്കത്ത: ഈഡൻ ഗാർഡനിൽ കൊൽക്കത്തയുടെ നെഞ്ചിൽ രാജസ്ഥാന്റെ ചെണ്ടമേളം. യുസ്വേന്ദ്ര ചഹൽ നിറഞ്ഞാടിയ ദിനം രാജസ്ഥാൻ ബൗളർമാർ ആതിഥേയരെ 149 എന്ന ചെറിയ സ്കോറിൽ ഒതുക്കിയ ശേഷമായിരുന്നു യഥാർത്ഥ പൂരം തട്ടിക്കേറിയത്. യശസ്വി ജയ്സ്വാൾ എന്ന രാജസ്ഥാന്റെ യുവ പ്രതിഭ ഗ്രൗണ്ടിന്റെ നാലു ഭാഗത്തേക്കും സിക്സറുകളും ബൗണ്ടറികളും പറത്തി ഐ.പി.എല്ലിലെ അതിവേഗ അർധസെഞ്ച്വറി കുറിച്ചു; വെറും 13 പന്തിൽ, മത്സരത്തിലെ മൂന്നാം ഓവറിൽ. ഒടുവിൽ സഞ്ജു സാംസണും വെടിക്കെട്ടുമായി കളംനിറഞ്ഞപ്പോൾ രാജസ്ഥാന് 41 പന്ത് ബാക്കിനിൽക്കെ ഒൻപത് വിക്കറ്റ് വിജയം കുറിച്ചു.
ജയ്സ്വാൾ അർഹിച്ച സെഞ്ച്വറി നേടാൻ പോലും കൊൽക്കത്ത ഉയർത്തിയ ലക്ഷ്യം മതിയായിരുന്നില്ല. 47 പന്തിൽ 98 റൺസുമായാണ് ജയ്സ്വാൾ പുറത്താകാതെ നിന്നത്. അഞ്ച് സിക്സറും 12 ഫോറും ഇന്നിങ്സിനു കൊഴുപ്പേകി. സഞ്ജു സാംസൺ 29 പന്തിൽ 48 റൺസുമായും പുറത്താകാതെ നിന്നു. അഞ്ച് സിക്സറും രണ്ടു ഫോറുമാണ് താരം പറത്തിയത്. നാലു വിക്കറ്റ് കൊയ്ത ചഹൽ ഐ.പി.എൽ ചരിത്രത്തിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനുമായി. 187 വിക്കറ്റുമായി വെസ്റ്റിൻഡീസ് താരം ഡൈ്വൻ ബ്രാവോയെയാണ് ചഹൽ മറികടന്നത്.
ജയ്സ്വാൾ പൂരം; സഞ്ജു പൊടിപൂരം
മറുപടി ബാറ്റിങ്ങിന്റെ തുടക്കം തന്നെ വരാൻ പോകുന്നതിന്റെ മുന്നറിയിപ്പായിരുന്നു. ബൗളിങ് ഓപൺ ചെയ്യാനുള്ള തീരുമാനത്തിൽ ഖേദിക്കുകയാകും മത്സരത്തിലുടനീളം കൊൽക്കത്ത നായകൻ നിതീഷ് റാണ. നേരിട്ട ആദ്യ പന്ത് തന്നെ ഗാലറിയിലേക്ക് പറത്തി ജയ്സ്വാൾ വെടിക്കെട്ടിനു തുടക്കമിട്ടു. 80 മീറ്റർ സിക്സർ. അടുത്ത പന്തും ഗാലറിയിലേക്ക്. ഇത്തവണ 69 മീറ്റർ. അടുത്ത പന്തിൽ റാണ താളം മാറ്റിപ്പിടിക്കാൻ നോക്കിയെങ്കിലും ഒരു രക്ഷയുമുണ്ടായിരുന്നില്ല, നേരെ ബൗണ്ടറിയിലേക്ക്. നാലാം പന്തും ബൗണ്ടറി കടത്തി. തൊട്ടടുത്ത പന്തിൽ രണ്ട്. അവസാന പന്തും ബൗണ്ടറി കടത്തി ഓവറിൽ ജയ്സ്വാൾ ഒറ്റയ്ക്ക് അടിച്ചെടുത്തത് 26 റൺസ്! ഐ.പി.എല്ലിൽ ആദ്യ ഓവറിലെ ഏറ്റവും ഉയർന്ന സ്കോർ.
തൊട്ടടുത്ത ഓവറിൽ അനാവശ്യമായൊരു റണ്ണിനുള്ള ശ്രമത്തിൽ സൂപ്പർ താരം ബട്ലർ പുറത്ത്. രണ്ടാം ഇന്നിങ്സിൽ കൊൽക്കത്തയ്ക്ക് ആശ്വസിക്കാൻ ലഭിച്ച ഒരേയൊരു അവസരമായിരുന്നു അത്. ഗാലറിയിൽനിന്ന് ഉയർന്ന ആരവം അവിടംകൊണ്ട് അതു തീരുകയും ചെയ്തു.
മൂന്നാം ഓവർ എറിഞ്ഞ ഷർദുൽ താക്കൂറിനായിരുന്നു ജയ്സ്വാളിന്റെ അടുത്ത മർദനം ഏറ്റുവാങ്ങാനുള്ള വിധി. താക്കൂറിനെ തുടരെ മൂന്ന് ബൗണ്ടറി പറത്തി സിംഗിളുമെടുത്ത് ഐ.പി.എല്ലിലെ അതിവേഗ അർധശതകം സ്വന്തം പേരിലാക്കി താരം. വെറും 13 പന്തെടുത്തായിരുന്നു റെക്കോർഡ് കുറിച്ചത്.
മറുവശത്ത് നായകൻ സഞ്ജു സാംസനു പതിഞ്ഞ തുടക്കമായിരുന്നു. എന്നാൽ, വരുൺ ചക്രവർത്തിയുടെ ഓവർ സഞ്ജുവിന്റെ ചങ്ങലയും പൊട്ടിച്ചു. ചക്രവർത്തിയുടെ ഓവറിൽ സിക്സറും ഫോറും പറത്തിത്തുടങ്ങിയ സഞ്ജു സ്വന്തം ബാറ്റിങ്ങിന്റെ ഗിയർ കൂടി മാറ്റിയതോടെ കൊൽക്കത്ത ബൗളർമാർ തലയിൽ കൈ വയ്ക്കുന്ന കാഴ്ചയായിരുന്നു ഗ്രൗണ്ടിൽ കണ്ടത്. അനുകുൽ റോയിയെ ഒരോവറിൽ മൂന്ന് സിക്സർ പറത്തി സഞ്ജു അതിവേഗം ഇന്നിങ്സ് തീർക്കാൻ നോക്കി. ഒടുവിൽ 14-ാം ഓവറിൽ ബൗണ്ടറി പറത്തി ജയ്സ്വാൾ തന്നെ ടീമിന്റെ വിജയറണ്ണും കുറിച്ചു.
ചഹൽ ആറാട്ട്
നേരത്തെ ടോസ് ലഭിച്ച രാജസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് കൊൽക്കത്തൻ പടയ്ക്ക് നേടാനായത്. ഇന്നത്തെ പ്രകടനത്തോടെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ താരമായ യുസ്വേന്ദ്ര ചഹലാണ് നിതീഷ് റാണയുടെ സംഘത്തെ കുഴക്കിയത്. താരം നാലു ഓവറിൽ 25 റൺസ് വിട്ടുനൽകി നാലുവിക്കറ്റ് വീഴ്ത്തി. അർധസെഞ്ച്വറി നേടി കൊൽക്കത്തയ്ക്കായി തിളങ്ങിയ വെങ്കിടേഷ് അയ്യരടക്കമുള്ളവരാണ് താരത്തിന് മുമ്പിൽ വീണത്.
57 റൺസടിച്ച അയ്യരെ ചഹലിന്റെ പന്തിൽ ബോൾട്ട് പിടികൂടി. വെടിക്കെട്ട് താരം റിങ്കു സിംഗിനെയും ചഹലാണ് പുറത്താക്കിയത്. ജോ റൂട്ടിനായിരുന്നു ക്യാച്ച്. ഓപ്പണർമാരായ ജേസൺ റോയ്, റഹ്മാനുല്ല ഗുർബാസ്, നായകൻ നിതീഷ് റാണ, ആൻഡ്രേ റസ്സൽ എന്നിവരൊക്കെ അധികം പൊരുതാതെ പുറത്തായി. ട്രെൻഡ് ബോൾട്ട് റോയിയെ ഹെറ്റ്മെയറുടെയും ഗുർബാസിനെ സന്ദീപിന്റെയും കൈകളിലെത്തിക്കുകയായിരുന്നു. മത്സരം 11ാം ഓവറിലേക്ക് കടന്നതോടെയാണ് നിതീഷ് റാണ കൊൽക്കത്തയുടെ പവലിയനിലേക്ക് മടങ്ങിയത്. ചഹലിന്റെ പന്തിൽ ഹെറ്റ്മെയർ പിടികൂടുകയായിരുന്നു. റസ്സലിനെ മലയാളി ബൗളർ കെ.എം ആസിഫ് അശ്വിന്റെ കൈകളിലെത്തിച്ചു. സുനിൽ നരയ്നെ സന്ദീപിന്റെ പന്തിൽ ജോ റൂട്ട് പിടികൂടി.