Cricket
ലോകത്തിലെ ഏറ്റവും മികച്ച കാറുണ്ടായിട്ടും അത് ഗ്യാരേജിൽ; ഉമ്രാൻ മാലികിനു വേണ്ടി വാദിച്ച് ബ്രറ്റ് ലീ
Cricket

'ലോകത്തിലെ ഏറ്റവും മികച്ച കാറുണ്ടായിട്ടും അത് ഗ്യാരേജിൽ'; ഉമ്രാൻ മാലികിനു വേണ്ടി വാദിച്ച് ബ്രറ്റ് ലീ

Web Desk
|
12 Oct 2022 7:55 AM GMT

"140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നവരും 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നവരും തമ്മിൽ വ്യത്യാസമുണ്ട്."

പേസർ ഉമ്രാൻ മാലികിനെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താത്തതിനെ വിമർശിച്ച് ഓസീസ് മുൻ സ്പീഡ്സ്റ്റർ ബ്രറ്റ് ലീ. ലോകത്തിലെ ഏറ്റവും മികച്ച കാറുണ്ടായിട്ടും അത് ഗ്യാരേജിൽ വച്ച അവസ്ഥയാണ് ഇന്ത്യയുടേതെന്ന് അദ്ദേഹം പരിഹസിച്ചു. ഖലീജ് ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലീ.

'മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിൽ ബൗൾ ചെയ്യുന്ന താരമാണ് ഉമ്രാൻ മാലിക്. ലോകത്തിലെ ഏറ്റവും മികച്ച കാറുണ്ടായിട്ട് അത് ഗ്യാരേജിൽ വച്ചിരുന്നാൽ അതു കൊണ്ട് എന്തു കാര്യം. ലോകകപ്പ് ടീമിൽ ഉമ്രാൻ മാലികിനെ കൂടി ഉൾപ്പെടുത്തണം. 140 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നവരും 150 കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നവരും തമ്മിൽ വ്യത്യാസമുണ്ട്. പ്രത്യേകിച്ചും ആസ്‌ട്രേലിയൻ പിച്ചുകളില്‍' - ലീ ചൂണ്ടിക്കാട്ടി.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ നെറ്റ് ബൗളറായി ഉമ്രാൻ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിലും വിസ പ്രശ്‌നങ്ങൾ കാരണം ഇതുവരെ ആസ്‌ട്രേലിയയിലേക്ക് തിരിക്കാനായിട്ടില്ല. പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തിൽ ഇന്ത്യൻ ബൗളിങ്ങിനെ കുറിച്ചുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് ലീയുടെ ആവശ്യം.

'ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് തിരിച്ചടിയാണ്. ലോകകപ്പ് നേടാനുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് അത് ആഘാതമേൽപ്പിക്കുന്നു. അവർക്കത് നേടാനാകില്ല എന്നല്ല ഞാൻ പറയുന്നത്. വിസ്മയകരമായ സംഘമാണ് ഇന്ത്യയുടേത്. എന്നാൽ ബുംറ കൂടി ഉണ്ടായിരുന്നെങ്കില്‍ അവർ കൂടുതൽ കരുത്തരായേനെ. ഇപ്പോൾ ഭുവനേശ്വർ കുമാറിനെ പോലുള്ളവർക്ക് കൂടുതൽ സമ്മർദം ഉണ്ടാകുന്ന സാഹചര്യമാണുള്ളത്- ബ്രറ്റ് ലീ കൂട്ടിച്ചേർത്തു.

ബുംറയ്ക്ക് പകരം റിസര്‍വ് സംഘത്തിലുണ്ടായിരുന്ന മുഹമ്മദ് ഷമി ടീമിലെത്തും. പേസർമാരായ മുഹമ്മദ് സിറാജിനെയും ഷാർദുൽ ഠാക്കൂറിനെയും ബിസിസിഐ റിസർവ് സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related Tags :
Similar Posts