Cricket
ഇതു കളിയാണ്, ഇവിടെയെങ്കിലും ഹിന്ദു-മുസ്‌ലിം കളി നിര്‍ത്തണം; ലൈവ് റിപ്പോർട്ടിങ്ങിനിടെ തുറന്നടിച്ച് ആരാധകൻ
Cricket

''ഇതു കളിയാണ്, ഇവിടെയെങ്കിലും 'ഹിന്ദു-മുസ്‌ലിം കളി' നിര്‍ത്തണം''; ലൈവ് റിപ്പോർട്ടിങ്ങിനിടെ തുറന്നടിച്ച് ആരാധകൻ

Web Desk
|
11 Nov 2022 2:46 AM GMT

അലെക്‌സ് ഹെയിൽസും നായകൻ ജോസ് ബട്‌ലറും ചേർന്ന് ഓപണിങ് കൂട്ടുകെട്ടില്‍ തന്നെ ഇന്ത്യൻ കിരീടമോഹങ്ങൾ തച്ചുടക്കുന്നതാണ് ഇന്നലെ അഡലെയ്ഡില്‍ കണ്ടത്

അഡലെയ്ഡ്: ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് നാണംകെട്ട തോൽവിയാണ് ടീം ഇന്ത്യ ഇന്നലെ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം നാല് ഓവർ ബാക്കിനിൽക്കെ പത്തു വിക്കറ്റിനാണ് ജോസ് ബട്‌ലറും സംഘവും അനായാസം മറികടന്ന് ഫൈനലിലേക്ക് കുതിച്ചത്. തോൽവിക്കു പിന്നാലെ ടൂർണമെന്റിലുടനീളമുള്ള ടീം കോംപിനേഷനെയും ഇന്ത്യൻ ടീമിന്റെ പ്രകടനത്തെയും വിമർശിച്ച് മുൻ താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്.

മത്സരശേഷം ദേശീയ വാർത്താ ചാനലായ സീ ന്യൂസ് അഡലെയ്ഡിൽനിന്ന് നടത്തിയ തത്സമയ സംപ്രേഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മത്സരത്തിൽ ഇന്ത്യയുടെ പരാജയത്തെക്കുറിച്ച് പ്രതികരണങ്ങൾ തേടുന്നതിനിടെയാണ് ഒരു ആരാധകൻ ചാനലിനെതിരെ തുറന്നടിച്ചത്. കളിയിലേക്കും ഹിന്ദു-മുസ്‌ലിം ചർച്ച കൊണ്ടുവരരുതെന്നാണ് ആരാധകൻ ആവശ്യപ്പെട്ടത്.

''ഇത് കളിയാണ്. നമ്മുടെ നിയന്ത്രണത്തിലോ മറ്റാരുടെയും നിയന്ത്രണത്തിലോ അല്ല അത്. അതിനാൽ, അതിനെ അങ്ങനെ വിടണം. എന്നാൽ, ആദ്യമായി എനിക്ക് പറയാനുള്ളത് ഒരു കാര്യമാണ്. ചുരുങ്ങിയത് ഇവിടെയെങ്കിലും 'ഹിന്ദു-മുസ്‌ലിം കളി' നിര്‍ത്തണം. ഇന്ത്യയിലെ ഏറ്റവും മോശം മീഡിയ ചാനലാണ് നിങ്ങൾ.''-ആരാധകൻ റിപ്പോർട്ടറോട് തുറന്നടിച്ചു. ഉടൻ തന്നെ മൈക്ക് ഇയാളിൽനിന്നു മാറ്റിപ്പിടിക്കുകയാണ് റിപ്പോർട്ടർ ചെയ്തത്. എന്നാൽ, തത്സമയം സംപ്രേഷണം ചെയ്തതിനാൽ ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മഹിളാ കോണ്‍ഗ്രസ് ദേശീയ നേതാവ് നടാശ ശര്‍മ, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ദേശീയ കോഒാഡിനേറ്റര്‍ വിനയ് കുമാര്‍ ദോകാനിയ തുടങ്ങിയ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വിഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ടൂർണമെന്റിൽ ഒരിക്കൽകൂടി ഇന്ത്യൻ ഓപണർമാരടക്കം പരാജയപ്പെട്ടതാണ് ഇന്ത്യയ്ക്ക് ഇന്നലെ തിരിച്ചടിയായത്. നായകൻ രോഹിത് ശർമയും കെ.എൽ രാഹുലും അമ്പേ പരാജയമായപ്പോൾ വിരാട് കോഹ്ലിയുടെ അർധസെഞ്ച്വറി(50)യും ഹർദിക് പാണ്ഡ്യ(63)യുടെ അവിസ്മരണീയമായ ഇന്നിങ്‌സും ആണ് ഇന്ത്യയെ രക്ഷിച്ചത്. എന്നാൽ, ഇന്ത്യ ഉയർത്തിയ ലക്ഷ്യം നിസ്സാരമാണെന്നു തെളിയിക്കുകയായിരുന്നു മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട്. ഓപണിങ് കൂട്ടുകെട്ടിൽ തന്നെ അലെക്‌സ് ഹെയിൽസും(86) നായകൻ ജോസ് ബട്‌ലറും(80) ചേർന്ന് ഇന്ത്യൻ കിരീടമോഹങ്ങൾ തച്ചുടക്കുന്ന കാഴ്ചയാണ് അഡലെയ്ഡിൽ ഇന്നലെ കണ്ടത്.

Summary: 'This is a game, don't play Hindu-Muslim here at least'; says one fan in Zee news' live reporting from Adelaide, after India's defeat against England in semi-final in T20 World Cup

Similar Posts