Cricket
ഓസീസ് മണ്ണിൽ ഒരു സിംബാബ്‌വേ വീരഗാഥ! ചാരമായി കങ്കാരുക്കള്‍
Cricket

ഓസീസ് മണ്ണിൽ ഒരു സിംബാബ്‌വേ വീരഗാഥ! ചാരമായി കങ്കാരുക്കള്‍

Web Desk
|
3 Sep 2022 10:24 AM GMT

94 റൺസെടുത്ത ഡെവിഡ് വാർണറും 19 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെല്ലും ഒഴികെ ഫിഞ്ച്, സ്മിത്ത്, ക്യാരി, സ്റ്റോയ്‌നിസ് തുടങ്ങുന്ന ബാറ്റിങ് നിരയിൽ ഒരാൾ പോലും രണ്ടക്കം കടന്നില്ല

സിഡ്‌നി: 2022 സെപ്റ്റംബർ മൂന്ന് ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഇനിയങ്ങോട്ട് ഏറെക്കാലം സ്മരിക്കപ്പെടും; ഒരു അട്ടിമറിഗാഥയുടെ പേരിൽ. കരുത്തരായ ആസ്‌ട്രേലിയയെ അവരുടെ സ്വന്തം മണ്ണിൽ തകര്‍ത്തു തരിപ്പണമാക്കി നാണംകെടുത്തിയിരിക്കുന്നത് ദുർബലരായ സിംബാബ്‌വേ.

18 വർഷങ്ങൾക്കുശേഷമാണ് സിംബാബ്‌വേ ആസ്‌ട്രേലിയയിൽ ഒരു ക്രിക്കറ്റ് പരമ്പരയ്ക്കായി എത്തുന്നത്. അവസാനം നടന്ന പര്യടനത്തിൽ 3-0ത്തിനാണ് ഓസീസ് സംഘം ഏകദിന പരമ്പര തൂത്തുവാരിയത്. ഇത്തവണയും കരുത്തന്മാരെല്ലാം അണിനിരന്ന കങ്കാരുപ്പട ആദ്യ രണ്ട് മത്സരങ്ങൾ അനായാസം സ്വന്തമാക്കി. എന്നാൽ, ഇന്ന് ക്വീൻസ്‌ലൻഡിലെ ടൗൺസ്‌വില്ലിൽ നടന്ന മൂന്നാമത്തെ ഏകദിനത്തിലേക്ക് അത്ഭുതങ്ങൾ കാത്തുവച്ചതായിരുന്നു സിംബാബ്‌വേ സംഘം.

നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ കേളികേട്ട താരങ്ങളെല്ലാം ആരോൺ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള ഓസീസ് സംഘത്തിലുണ്ടായിരുന്നു. ഡെവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, മാർക്കസ് സ്റ്റോയ്‌നിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാംപ... അങ്ങനെ ഏതു കരുത്തരായ എതിരാളികളെയും ഒറ്റയ്ക്ക് നിലംപരിശാക്കാൻ ശേഷിയുള്ള ആ കരുത്തൻമാരുടെ നിര പക്ഷെ സിംബാബ്‌വേ കാണിച്ച അസാമാന്യമായ പോരാട്ടവീര്യത്തിനുമുന്നിൽ ഒന്നൊന്നായി ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞു.

സിംബാബ്‌വേയുടെ ദിനം; റയാൻ ബേളിന്റെയും ചകബ്‌വയുടെയും

ടോസ് നേടിയ സിംബാബ്‌വേ നായകൻ റെജിസ് ചകബ്‌വ ആസ്‌ട്രേലിയയെ ബാറ്റിങ്ങിനയച്ചു. തുടക്കത്തിൽ തന്നെ പേസർമാരാ റിച്ചാർഡ് നഗരാവയും വിക്ടർ ന്യൂച്ചിയും ഓസീസ് സംഘത്തെ ഞെട്ടിച്ചു. ആരോൺ ഫിഞ്ച്, സൂപ്പർ താരം സ്മിത്ത് എന്നിവർ വന്ന പാടേ കൂടാരം കയറി. പിന്നാലെ വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരിയെയും ഓൾറൗണ്ടർ സ്റ്റോയിനിസിനെയും വിക്കറ്റിനു പിന്നിൽ ചകബ്‌വയുടെ കൈകളിലെത്തിച്ച് ബ്രാഡ് ഇവാൻസിന്റെ ഷോക്ക്. തൊട്ടുപിന്നാലെ കാമറോൺ ഗ്രീനിനെ ഷോൺ വില്യംസും പുറത്താക്കി. ആസ്‌ട്രേലിയ അഞ്ചിന് 72!

ഒരറ്റത്ത് തുരുതുരെ വിക്കറ്റുകൾ വീണ്ടുകൊണ്ടിരുന്നപ്പോഴും ഓപണർ ഡേവിഡ് വാർണർ പോരാട്ടം തുടരുകയായിരുന്നു. ടീമിനെ വലിയൊരു നാണക്കേടിൽനിന്ന് രക്ഷിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുത്തായിരുന്നു വാർണറുടെ പോരാട്ടം. ഏഴാമനായി ക്രീസിലെത്തിയ ഗ്ലെൻ മാക്‌സ്‌വെല്ലിനെ കൂട്ടുപിടിച്ച് ടീമിനെ കരകയറ്റാനുള്ള ശ്രമമായി പിന്നീട്. എന്നാൽ, മാക്‌സ്‌വെല്ലിന്റെ പോരാട്ടവും അധികം നീണ്ടുനിന്നില്ല. 19 റൺസുമായി സ്റ്റാർ ഓൾറൗണ്ടറെ റയാൻ ബേൾ സ്വന്തം പന്തിൽ പിടികൂടി. പിന്നീട് വന്നവർക്കാർക്കും ഒന്നും ചെയ്യാനായില്ല.

സെഞ്ച്വറിയിലേക്ക് കുതിച്ച വാർണറെ ബേൾ ഇവാൻസിന്റെ കൈകളിലെത്തിച്ച് ഓസീസിന്റെ അവസാന സാധ്യതയും തല്ലിത്തകർത്തു. 96 പന്തിൽ 14 ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 94 റൺസ് അടിച്ചെടുത്താണ് വാർണർ മടങ്ങിയത്. പിന്നാലെ ഓരോന്നായി ഓസീസ് വാലറ്റത്തെ പിടികൂടി ബേൾ. ആഷ്ടൻ അഗാർ, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരെല്ലാം ബേളിനു വിക്കറ്റ് സമ്മാനിച്ചു കൂടാരം കയറ്റി.

ഓസീസ് സംഘത്തിൽ വാർണറും മാക്‌സ്‌വെല്ലും ഒഴികെ ഒരാളും രണ്ടക്കം കടന്നില്ലെന്നതാണ് ഏറ്റവും വിചിത്രകരമായ കാര്യം. രണ്ട് ഡക്കുകളും ടീമിന്റെ പേരിലുണ്ട്. പേസർമാർ നൽകിയ മികച്ച തുടക്കം മുതലെടുത്ത് അഞ്ച് ഓസീസ് വിക്കറ്റ് പിഴുത് സിംബാബ്‌വേ ബൗളർമാരിൽ റയാൻ ബേൾ താരമായി.

മറുപടി ബാറ്റിങ്ങിൽ ഓപണർമാരായ കൈതാനോയും മറുമാണിയും മികച്ച തുടക്കമാണ് സിംബാബ്‌വേയ്ക്ക് നൽകിയത്. 19 റണ്ണെടുത്ത് അടിച്ചുകളിച്ച കൈതാനോയെ സ്മിത്തിന്റെ കൈയിലെത്തിച്ച് ജോഷ് ഹേസൽവുഡ് ആസ്‌ട്രേലിയയ്ക്ക് മത്സരത്തിലെ ആദ്യത്തെ ആശ്വാസം നൽകി. തൊട്ടടുത്ത ഓവറിൽ വെസ്‌ലി മാധവീറിനെയും ഷോൽ വില്യംസിനെയും കൂടാരംകയറ്റി ഹേസൽവുഡ് അപകടകാരിയാകുന്നതാണ് കണ്ടത്.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയിൽ താരമായ സിക്കന്ദർ റസയെ സ്റ്റോയ്‌നിസും പുറത്താക്കി. വൈകാതെ അർധസെഞ്ച്വറിയിലേക്ക് കുതിച്ച ഓപണർ മറുമാണിയെ ഗ്രീൻ അലക്‌സ് ക്യാരിയുടെ കൈയിലെത്തിച്ച് ഫിഞ്ചിനും സംഘത്തിനും പ്രതീക്ഷ നൽകി. 47 പന്തിൽ നാലു ബൗണ്ടറിയുമായ 35 റൺസുമായാണ് താരം പുറത്തായത്. നാണക്കേടിൽനിന്നു രക്ഷപ്പെടാനുള്ള ആസ്‌ട്രേലിയയുടെ അവസാന പ്രതീക്ഷയ്ക്കും മുന്നിൽ വിലങ്ങുതടിയായി ചകബ്‌വ ക്രീസിൽ നിലയുറപ്പിച്ചു. ഒടുവിൽ ടോണി മുൻയോങ്ങ(17)യെയും റയാൻ ബേളി(11)നെയും കൂട്ടുപിടിച്ച് സിംബാബ്‌വേ നായകൻ ആ ചരിത്രവിജയം കുറിച്ചു. 72 പന്തിൽ അസാമാന്യ പ്രതിരോധവുമായി 37 റൺസെടുത്ത് നായകൻ പുറത്താകാതെ നിന്നു.

Summary: History as Zimbabwe shock Australia down under for first time in 3rd ODI

Similar Posts