Crime
ഉലയൂതുന്നു, പണിക്കത്തി കൂട്ടുണ്ട്, കുനിഞ്ഞ തനു; ഹൈക്കുകളുമായി ഭഗവൽ ഫേസ്ബുക്കിലും സജീവം
Crime

'ഉലയൂതുന്നു, പണിക്കത്തി കൂട്ടുണ്ട്, കുനിഞ്ഞ തനു'; ഹൈക്കുകളുമായി ഭഗവൽ ഫേസ്ബുക്കിലും സജീവം

Web Desk
|
11 Oct 2022 7:42 AM GMT

കുറച്ചുകാലമായി സാമ്പത്തിക പ്രയാസത്തിലായിരുന്നു ഭഗവലും കുടുംബവും. ഇതിനിടയിലാണ് സ്ത്രീകളെ കൊലയ്ക്ക് എത്തിച്ച ഏജന്റ് ഷാഫിയെ പരിചയപ്പെടുന്നത്

തിരുവല്ല: കേരള മനഃസാക്ഷിയെ ഞെട്ടിച്ച നരബലിയിൽ പ്രതിയായ വൈദ്യൻ ഭഗവൽ സിങ് ഹൈക്കു കവിതകളുമായി ഫേസ്ബുക്കിലും സജീവം. 5,000ത്തോളം സുഹൃത്തുക്കളും ഇയാൾക്ക് ഫേസ്ബുക്കിലുണ്ട്. വിവിധ വിഷയങ്ങളെക്കുറിച്ച് ഇയാൾ ഫേസ്ബുക്കിൽ ഇട്ടിട്ടുള്ള ഹൈക്കു കവിതകൾക്കു താഴെ മലയാളികൾ പൊങ്കാലയും ആരംഭിച്ചിട്ടുണ്ട്.

''ഉലയൂതുന്നു, പണിക്കത്തി കൂട്ടുണ്ട്, കുനിഞ്ഞ തനു'' എന്നാണ് ഹൈക്കു എന്ന പേരിൽ ഭഗവൽ അവസാനമായി ഫേസ്ബുക്കിൽ കുറിച്ചത്. ഈ വരികൾ നരബലിയുമായി ചേർത്തുകെട്ടിയാണ് സോഷ്യൽ മീഡിയയുടെ പൊങ്കാല. ചുരുണ്ട രൂപം, പീടികത്തിണ്ണയിൽ, മുഷിഞ്ഞ പുത, പുറംകോണിൽ, ആനമയിൽ ഒട്ടകം, ഉത്സവരാവ് എന്നിങ്ങനെയും കവിതകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് ലൈവ് വഴി ഹൈക്കു പഠനക്ലാസിനും ഭഗവൽ സിങ് നേതൃത്വം നൽകിയിട്ടുണ്ട്. ഫേസ്ബുക്ക് കൂട്ടായ്മയായ മലയാള സാഹിത്യ ലോകമായിരുന്നു പരിപാടിയുടെ സംഘാടകർ. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ചടങ്ങ്.

വൈദ്യൻ; തിരുമ്മൽ ചികിത്സ

തിരുവല്ലയിൽ തിരുമ്മൽ ചികിത്സ അടക്കം നടത്തുന്ന വൈദ്യനായിരുന്നു ഭഗവൽ. ഫേസ്ബുക്കിനു പുറമെ നാട്ടിലും ഏറെ ജനപ്രിയനായിരുന്നു. ഇതുവരെയും മോശമായി ഒന്നും ഇവരെക്കുറിച്ച് കേട്ടിരുന്നില്ലെന്നും നരബലിയെക്കുറിച്ചുള്ള വാർത്തകൾ ഞെട്ടിപ്പിക്കുന്നതുമാണെന്നാണ് അയൽക്കാർ മീഡിയവണിനോട് പ്രതികരിച്ചത്. അതേസമയം, ഇയാളുടെ ഭാര്യ ലൈലയെ നാട്ടുകാർക്ക് കൂടുതൽ പരിചയമില്ല.

കുറച്ചുകാലമായി സാമ്പത്തിക പ്രയാസത്തിലായിരുന്നു ഭഗവലും കുടുംബവും. ഇതിനിടയിലാണ് പെരുമ്പാവൂർ സ്വദേശി ഷാഫി എന്ന റഷീദിനെ ഭഗവൽ പരിചയപ്പെടുന്നത്. സമ്പത്തിനും ഐശ്വര്യത്തിനും പൂജ എന്ന പേരിൽ ഇയാൾ ഫേസ്ബുക്കിലിട്ട പോസ്റ്റ് കണ്ട് ഭഗവൽ ഫോണിൽ ബന്ധപ്പെടുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

ഷാഫിയാണ് ഭഗവലിനെ നരബലിക്ക് ഉപദേശിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബലിക്കായി ഇയാൾ തന്നെ സ്ത്രീകളെ ദമ്പതികളുടെ പത്തനംതിട്ട കുഴിക്കലിലുള്ള വീട്ടിലെത്തിക്കുകയായിരുന്നു. വിവിധ കാര്യങ്ങൾ പറഞ്ഞായിരുന്നു സ്ത്രീകളെ ഇയാൾ സ്ഥലത്തെത്തിച്ചത്.

ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് കൊല്ലപ്പെട്ട കടവന്ത്ര സ്വദേശി പത്മത്തെ ഏജന്റ് തിരുവല്ലയിൽ എത്തിച്ചത്. കാലടി സ്വദേശി റോസ്ലിനെ മറ്റൊരു കാരണവും പറഞ്ഞാണ് കൊണ്ടുപോയത്. തുടർന്ന് ഇവരുടെ വീടിന്റെ പരിസരത്തുവച്ച് പൂജയും മറ്റ് ആഭിചാരക്രിയകളും നടത്തിയായിരുന്നു കൊല.

കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ കൊലപ്പെടുത്തുന്നത്. കാലടിയിൽനിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. 50കാരിയായ പത്മത്തെ കഴിഞ്ഞ മാസവും കൊലപ്പെടുത്തി. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

ഭഗവൽ സിങ് സജീവ ഇടതുപക്ഷ പ്രവർത്തകനാണെന്ന് നാട്ടുകാർ പറയുന്നു. എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയ വേളയിലുള്ള ദേശാഭിമാനി ദിനപത്രത്തിന്റെ ഒന്നാം പേജും വീണാ ജോർജ് തെരഞ്ഞെടുപ്പ് ജയിച്ച വേളയിലുള്ള ചിത്രവും ഫേസ്ബുക്കിൽ ഇദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. അഭിവാദ്യങ്ങൾ സഖാവെ എന്നാണ് വീണയുടെ ചിത്രത്തിന് ഇദ്ദേഹം നൽകിയിട്ടുള്ള ശീർഷകം. ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കളെ പരിഹസിക്കുന്ന ട്രോളുകളും ഇദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

Summary: Thiruvalla human sacrifice case accused Bhagaval Singh is active on Facebook with haiku poems

Similar Posts