Crime
എറണാകുളത്തെ 20 കോടിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ ഇനിയും നടപടിയെടുക്കാതെ സർക്കാർ
Crime

എറണാകുളത്തെ 20 കോടിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ ഇനിയും നടപടിയെടുക്കാതെ സർക്കാർ

Web Desk
|
22 Nov 2022 2:01 AM GMT

13 ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി എ കൗശിക് കമ്മിറ്റി റിപ്പോർട്ടില്‍ കണ്ടെത്തിയിരുന്നു

കൊച്ചി: എറണാകുളം ജില്ലയിലെ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലെ വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ നടപടിയെടുക്കാതെ സർക്കാർ. 20.12 കോടി രൂപയുടെ ഗുരുതര തട്ടിപ്പ് നടന്നെന്ന് വ്യക്തമാക്കുന്നതാണ് എ കൗശിക്ക് കമ്മിറ്റി റിപ്പോർട്ട്. എന്നാൽ, ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിൽ കലക്ടറേറ്റിലെ ജീവനക്കാരനെതിരെ മാത്രമാണ് നടപടിയെടുത്തത്.

പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ ഗുരുതര ക്രമക്കേടും വീഴ്ചയും സംഭവിച്ചുവെന്ന് അക്കമിട്ട് നിരത്തുന്നതാണ് ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട്. 13 ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച സംബന്ധിച്ച് എ കൗശിക് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, കലക്ടറേറ്റിലെ ക്ലർക്ക് വിഷ്ണുപ്രസാദിനെതിരെ മാത്രമാണ് ഇതുവരെ വകുപ്പുതല നടപടിയെടുത്തത്.

റിപ്പോർട്ട് സമർപ്പിക്കപ്പെട്ട് രണ്ട് വർഷത്തിനിപ്പുറവും ക്രമക്കേട് നടത്തിയ മറ്റ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തിട്ടില്ല. 20.12 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നുണ്ട്. അനർഹരെ പട്ടികയിൽ ഉൾപ്പെടുത്തി അതിലേക്ക് പണം ലഭിക്കുന്ന തരത്തിലായിരുന്നു ഒരു തട്ടിപ്പ്. തെറ്റായ അക്കൗണ്ട് നമ്പർ ചേർക്കുകയും അതിലേക്ക് പണം അയയ്ക്കും. ഇതു മടങ്ങുമ്പോൾ തുക കൈമാറുന്നതാണ് മറ്റൊരു തട്ടിപ്പ്. എന്നാൽ, ഒരു വിഷ്ണുപ്രസാദിലേക്ക് മാത്രം അന്വേഷണം കേന്ദ്രീകരിച്ച് കേസ് ഒതുക്കിത്തീർക്കുകയാണ് ചെയ്തതെന്ന് പരാതി ഉയർന്നിട്ടുണ്ട്. തട്ടിപ്പിനു പിന്നിലെ ഉദ്യോഗസ്ഥ-രാഷ്ട്രീയ ബന്ധം കണ്ടെത്തുന്നതിന് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

Summary: The Kerala government did not take action on the departmental inquiry report on the fraud of Rs 20.12 crore in the flood relief fund scam in Ernakulam district

Similar Posts