സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ നരബലി; ഇരയായത് ലോട്ടറി വിൽപനക്കാർ, ആദ്യ കൊല നടന്നത് ജൂണിൽ
|കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ കൊലപ്പെടുത്തുന്നത്. കാലടിയിൽനിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്
കൊച്ചി: കേരള മനഃസാക്ഷിയെ ഞെട്ടിച്ച തിരുവല്ല നരബലിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദമ്പതികൾ സാമ്പത്തിക പ്രശ്നം നേരിട്ടിരുന്നുവെന്നും ഇതിനു പരിഹാരമെന്ന നിലയ്ക്കാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയ ഏജന്റ് നരബലിക്ക് ഉപദേശിക്കുന്നതും. ആദ്യ കൊല ജൂണിലും രണ്ടാമത്തെ കൊല സെപ്റ്റംബർ 28നുമാണ് നടന്നതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മഷണർ സി.എച്ച് നാഗരാജു മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കൊല നടന്നത് തിരുമ്മൽ ചികിത്സാകേന്ദ്രത്തിൽ
ലോട്ടറി വിൽപനക്കാരായ സ്ത്രീകളാണ് ക്രൂരകൃത്യത്തിന് ഇരയായത്. കടവന്ത്ര സ്വദേശി പത്മം, കാലടി സ്വദേശി റോസ്ലിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ലയിൽ താമസിക്കുന്ന ഭഗവൽ സിങ്, ലൈല എന്നിവർക്കു വേണ്ടിയാണ് കൃത്യം നടത്തിയത്. ഇവർക്കായി സ്ത്രീകളെ എത്തിച്ചത് പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന പേരിൽ അറിയപ്പെടുന്ന റഷീദും.
തിരുവല്ലയിൽ തിരുമ്മൽ ചികിത്സ അടക്കം നടത്തുന്ന വൈദ്യനായിരുന്നു ഭഗവൽ. ചികിത്സ നടന്ന കേന്ദ്രത്തിൽ തന്നെയാണ് കൊല നടന്നതെന്നാണ് വിവരം. കുറച്ചുകാലമായി സാമ്പത്തിക പ്രയാസം നേരിടുകയായിരുന്നു ഇവർ. ഇതിനിടയിലാണ് ഷാഫി ഇവരുമായി ബന്ധപ്പെടുന്നതും നരബലിക്ക് ഉപദേശിക്കുന്നതും. പിന്നീട് സ്ത്രീകളെ ഇയാൾ ദമ്പതികളുടെ വീട്ടിലെത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പത്മത്തെ ഏജന്റ് തിരുവല്ലയിൽ എത്തിച്ചത്. റോസ്ലിനെ മറ്റൊരു കാരണവും പറഞ്ഞാണ് ഇവിടെയെത്തിച്ചത്. തുടർന്ന് ഇവിടെ വച്ച് പൂജയും മറ്റ് ആഭിചാരക്രിയകളും നടത്തിയായിരുന്നു കൊല.
കഴിഞ്ഞ ജൂണിലാണ് റോസ്ലിനെ കൊലപ്പെടുത്തുന്നത്. കാലടിയിൽനിന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. 50കാരിയായ പത്മത്തെ കഴിഞ്ഞ മാസവും കൊലപ്പെടുത്തി. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
തലയറുത്ത് കൊല; മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു
നരബലിക്കിരയായ രണ്ടുപേരുടെയും മൃതദേഹങ്ങൾ തിരുവല്ലയിലെ ദമ്പതികളുടെ വീടിനു സമീപത്താണ് കുഴിച്ചിട്ടത്. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. രണ്ടാമത്തെ ആൾക്കായി തിരച്ചിൽ നടത്തുകയാണ്.
തലയറുത്താണ് കൊല നടത്തിയത്. ശേഷം മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
കൊലയ്ക്കിരയായ പത്മത്തെ കഴിഞ്ഞ മാസം 26നായിരുന്നു കാണാതായത്. തുടർന്ന് മകൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്ത്രീയുടെ ഫോൺ നമ്പർ ലൊക്കേഷൻ പിന്തുടർന്നായിരുന്നു പൊലീസ് സംഭവത്തിന്റെ ചുരുളഴിച്ചത്.
Summary: Human sacrifice in Kerala follow-up