ആ 7.62 എംഎം പിസ്റ്റൾ ബിഹാറിൽ നിന്ന്? രഖിലിന്റെ അന്തർസംസ്ഥാന യാത്രകൾ പരിശോധിക്കാൻ പൊലീസ്
|രഖിലിന്റെ ബിസിനസ് പാർട്ണർ കൂടിയായ സുഹൃത്ത് ആദിത്യനെ പൊലീസ് ചോദ്യം ചെയ്തു
കോതമംഗലം: ബിഡിഎസ് വിദ്യാർത്ഥിനി പി.വി മാനസയെ കൊലപ്പെടുത്തിയ രഖിൽ തോക്കു വാങ്ങിയത് എവിടെ നിന്നെന്ന അന്വേഷണം ഊർജിതം. ജൂണില്‍ രഖില്‍ നടത്തിയ ബിഹാര്‍ യാത്രയില്‍ തോക്ക് സംഘടിപ്പിച്ചോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് സുഹൃത്തുക്കൾക്കൊപ്പമായിരുന്നു രഖിലിന്‍റെ ബിഹാര്‍ യാത്ര. കുറച്ചു ദിവസം അവിടെ താമസിക്കുകയും ചെയ്തിരുന്നു. തോക്കിനെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് കോതമംഗലം സിഐ വിപിൻ പറഞ്ഞു.
സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും. എറണാകുളത്തു നിന്നാണ് രഖിൽ ബിഹാറിലേക്ക് പോയത്. എട്ട് ദിവസം ബിഹാറിൽ തങ്ങിയെന്നാണ് റിപ്പോർട്ട്.
7.62 എംഎം കാലിബര്‍ പിസ്റ്റളാണ് രഖിൽ കൊലപാതകം നടത്താൻ ഉപയോഗിച്ചത്. ഏഴു റൗണ്ട് വരെ വെടിവയ്ക്കാൻ കഴിയുന്ന തോക്കാണിത്. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ രഖിൽ രണ്ടു തവണയാണ് മാനസയ്ക്ക് നേരെ നിറയൊഴിച്ചത്. ചെവിക്ക് പിന്നിലും നെഞ്ചിലുമാണ് വെടിയേറ്റത്. പിന്നാലെ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. പഴയ തോക്കാണ് എന്നതിനാൽ എവിടെ നിന്നെങ്കിലും സംഘടിപ്പിക്കാനാണ് സാധ്യത. ബ്ലാക് മാർക്കറ്റിലും ഡാർക് വെബിലും തോക്ക് കൈവശപ്പെടുത്താനാകും.
രഖിലിന്റെ മൊബൈൽ ഫോൺ രേഖകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല നടത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പ് ഏതാനും തവണ ഇയാൾ മാനസയുമായി സംസാരിച്ചിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു. പൊലീസ് വിളിപ്പിച്ച ശേഷവും ബന്ധം ഉപേക്ഷിക്കാൻ രഖിൽ തയ്യാറായിരുന്നില്ല. മാനസ അവഗണിച്ചതിൽ രഖിൽ ഖിന്നനായിരുന്നു എന്നാണ് സഹോദരൻ രാഹുൽ പറയുന്നത്.
അതിനിടെ, രഖിലിന്റെ ബിസിനസ് പാർട്ണർ കൂടിയായ സുഹൃത്ത് ആദിത്യനെ പൊലീസ് ചോദ്യം ചെയ്തു. ആദിത്യൻ ഉൾപ്പെടെ മൂന്നു സുഹൃത്തുക്കളെയാണ് ധർമടം സ്റ്റേഷനിൽ വച്ച് പൊലീസ് ചോദ്യംചെയ്തത്. ആദിത്യന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.