Crime
ആദ്യം പൂച്ചകളെ കൊന്നു, പിന്നീട് മനുഷ്യരെ; ഇന്‍റര്‍നെറ്റിലെ അപകടകാരിയായ ആ സൈക്കോ കില്ലര്‍ പിടിക്കപ്പെട്ടതെങ്ങനെ?
Crime

ആദ്യം പൂച്ചകളെ കൊന്നു, പിന്നീട് മനുഷ്യരെ; ഇന്‍റര്‍നെറ്റിലെ അപകടകാരിയായ ആ സൈക്കോ കില്ലര്‍ പിടിക്കപ്പെട്ടതെങ്ങനെ?

Roshin Raghavan
|
29 July 2021 2:46 PM GMT

2010ല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 1 ബോയ്, 2 കിറ്റണ്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ഒരാള്‍ രണ്ട് പൂച്ചക്കുട്ടികളെ വളരെ മൃഗീയമായി കൊലപ്പെടുത്തുന്നു

ഇതുപോലൊരു കേസ് ഇതിന് മുമ്പും ശേഷവും കണ്ടിട്ടില്ല എന്ന് കാനഡയിലെ പോലീസുകാരെക്കൊണ്ട് പോലും പറയിപ്പിച്ച ഒരു സീരിയല്‍ സൈക്കോ കില്ലറെക്കുറിച്ച് കേട്ടിട്ടുണ്ടോ?. നെറ്റ് ഫ്ലിക്സിന്‍റെ ഡോണ്ട് ഫക്ക് വിത്ത് ക്യാറ്റ്സ് എന്ന മിനി ഡോക്യുമെന്‍ററി സീരീസ് ചര്‍ച്ച ചെയ്യുന്നത് ആ സീരിയല്‍ സൈക്കോ കില്ലറിനെക്കുറിച്ചാണ്. ഒറ്റനോട്ടത്തില്‍ ഒരു ത്രില്ലര്‍ നോവലിന്‍റെ പ്രതീതി നല്‍കുന്ന ഈ ഡോക്യുമെന്‍ററി സീരീസ്, തെല്ലു പോലും യഥാര്‍ത്ഥ കഥയില്‍ മായം ചേര്‍ക്കാതെയാണ് പ്രേക്ഷകരിലേക്കെത്തുന്നത്. എന്താണ് ആ സൈക്കോ കില്ലറിന്‍റെ കഥ?

2010ല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ 1 ബോയ്, 2 കിറ്റണ്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ഒരാള്‍ രണ്ട് പൂച്ചക്കുട്ടികളെ വളരെ മൃഗീയമായി കൊലപ്പെടുത്തുന്നു. പൂച്ചകളെ പ്ലാസ്റ്റിക് ബാഗിലാക്കി വാക്യും ക്ലീനര്‍ കൊണ്ട് കൊലപ്പെടുത്തുന്ന ആ ദൃശ്യങ്ങള്‍ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. വീഡിയോ വൈറലായതോടെ ഈ ക്രൂരകൃത്യം നടത്തുന്നത് ആരാണെന്ന് കണ്ടുപിടിക്കാന്‍ ചിലര്‍ മുന്നിട്ടിറങ്ങുന്നു. ബൌഡി മൂവന്‍, ജോണ്‍ ഗ്രീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് ഇതിനായി പ്രവര്‍ത്തനമാരംഭിക്കുന്നു.




ലോകത്താകമാനമുള്ള ഒരുപാട് പേര്‍ ആ ഗ്രൂപ്പില്‍ അംഗങ്ങളായി. ആ കൊലപാതകിയെക്കുറിച്ച് എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കാന്‍ പറ്റുമോ അതെല്ലാം കണ്ടെത്താന്‍ ശ്രമിച്ചു. പക്ഷെ, ഏവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി യൂട്യൂബില്‍ മറ്റൊരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ഒട്ടും വൈകിയില്ല, അതിനേക്കാള്‍ ഭയാനകമായ രീതിയില്‍ മറ്റൊരു വീഡിയോ കൂടി വരുന്നു. എല്ലാ വീഡിയോയിലും പൈശാചികമായി പൂച്ചകളെ അയാള്‍ കൊന്നൊടുക്കുന്നു. ഏവരും വീണ്ടും നിരാശരായി. പക്ഷെ, ഒടുവില്‍ അവര്‍ക്ക് ഉത്തരം ലഭിച്ചു. അയാള്‍ ആരാണെന്നും അയാളുടെ പേരെന്താണെന്നും ആ ഫേസ്ബുക്ക് ഗ്രൂപ് കണ്ടുപിടിച്ചു. ലൂക്ക മഗ്നോട്ട.

ലൂക്ക മഗ്നോട്ട എന്ന പേരില്‍ നൂറുകണക്കിന് സേര്‍ച്ച് റിസല്‍ട്സുകളാണ് ഗൂഗിളില്‍ പ്രത്യക്ഷപ്പെട്ടത്. ലൂക്കയുടെ ചിത്രങ്ങളടങ്ങുന്ന വെബ് സൈറ്റുകള്‍, ഫേസ്ബുക്ക് ഫാന്‍ പേജുകള്‍, ഫാന്‍ ഗ്രൂപ്പുകള്‍, നൂറുകണക്കിന് ഫോട്ടോകള്‍, പല ഓഡീഷനുകളുടെയും വീഡിയോകള്‍, അങ്ങനെ. പക്ഷെ, അതെല്ലാം ലൂക്ക തന്നെ ക്രിയേറ്റ് ചെയ്തതായിരുന്നു. പല ഫേക്ക് അക്കൌണ്ടുകളില്‍ നിന്നായി അയാള്‍ അയാളെക്കുറിച്ച് ഇന്‍റര്‍നെറ്റില്‍ സേര്‍ച്ച് റിസല്‍ടുകള്‍ ഉണ്ടാക്കുന്നു.




തന്നെക്കുറിച്ച് ലോകം അറിയണമെന്ന് ലൂക്ക ആഗ്രഹിച്ചിരുന്നു. അതെ, ലൂക്ക അതി ഭീകരനായ ഒരു സൈക്കോ കില്ലറാണ്. കാര്യം കുറച്ചുകൂടി ഗൌരവമുള്ളതാണെന്നും അയാളുടെ കൊലപാതക വാസന മനുഷ്യരിലേക്കും വ്യാപിച്ചേക്കാം എന്നും ലൂക്കയെ അന്വേഷിക്കുന്ന ഫേസ്ബുക്ക് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മനസിലായി. അവര്‍ പൊലീസിനോട് ഇക്കാര്യങ്ങള്‍ അറിയിച്ചു. പക്ഷെ, പോലീസ് അത് ഗൌരവത്തിലെടുത്തില്ല. എന്നാല്‍, അവരുടെ ഊഹം ശരിയായിരുന്നു. അത് സംഭവിച്ചു.

1 ലുണാറ്റിക്, 1 ഐസ് പെര്‍ക്ക് എന്ന പേരില്‍ പുതിയെരു വീഡിയോ പ്രത്യക്ഷപ്പടുന്നു. ഇന്‍റര്‍നെറ്റില്‍ മറ്റൊരു വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഏവരും കരുതിയത് അത് പതിവുപോലെ ഒരു ക്യാറ്റ് കില്ലിങ് വീഡിയോ ആയിരിക്കും എന്നായിരുന്നു. പക്ഷെ, പ്രതീക്ഷകള്‍ വീണ്ടും തെറ്റി. ഇത്തവണ അയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു മനുഷ്യനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുന്ന വീഡിയോ ആയിരുന്നു.




അടുത്ത ദിവസം കാനഡയിലെ ഒരു ഹോട്ടലിലെ വേസ്റ്റ് ബിന്നില്‍ നിന്നും ഒരു പെട്ടി കണ്ടെത്തുന്നു. തലയും കയ്യും കാലും ഛേദിച്ച ഒരു ഉടലായിരുന്നു അത്. ഉടലില്‍ നിന്നും വെട്ടിമാറ്റിയ കൈകളും കാലുകളും ആ കില്ലര്‍ ഡവണ്‍മെന്‍റ് ഒഫീഷ്യല്‍സിനും പൊളിറ്റിക്കല്‍ പാര്‍ട്ടി ഓഫീസുകള്‍ക്കും അയച്ചുകൊടുത്തു. ലൂക്ക തന്നെയാണ് അതിക്രൂരമായ ആ കൊലപാതകവും ചെയ്തത്. അതിന് ശേഷം ലൂക്ക പാരീസിലേക്ക് ചേക്കേറി.

പിന്നീട് ആ കേസിന് ഇന്‍റര്‍നാഷണല്‍ കവറേജ് ലഭിച്ചു. ഹെവി ഇന്‍വസ്റ്റിഗേറ്റീവ് പ്രോട്ടോക്കോള്‍സ് സ്വീകരിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി. അയാള്‍ പ്രതീക്ഷിച്ചത് പോലെത്തന്നെ, അയാളെക്കുറിച്ച് ലോകം ഇതിനോടകം സംസാരിച്ചു തുടങ്ങിയിരുന്നു. ഒടുവില്‍ 2012ല്‍ തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇന്‍റര്‍നെറ്റില്‍ വായിച്ചുകൊണ്ടിരുന്ന ലൂക്കയെ ബെര്‍ലിനിലെ ഒരു ഇന്‍റര്‍നെറ്റ് കഫേയില്‍ നിന്നുമാണ് പിടികൂടിയത്.

ചൈന സ്വദേശിയായ ജുന്‍ ലിന്‍ എന്ന കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയെയാണ് ലൂക്ക ക്രൂരമായി കൊലപ്പെടുത്തിയത്. സ്വവര്‍ഗരതിയില്‍ തല്‍പരനായ ജുന്‍ ലിന്നിനെ തന്‍റെ റൂമിലേക്ക് വിളിച്ചുകൊണ്ടുവന്ന ശേഷം ലൈംഗിക പീഡനത്തിന് ശേഷമായിരുന്നു കൊലപാതകം.




ലൂക്കയുടെ ട്രയലിന്‍റെ അവസാന ദിവസം തന്‍റെ കുടുംബത്തിന്‍റെ എല്ലാ പ്രതീക്ഷകളുമാണ് ഒറ്റ രാത്രി കൊണ്ട് മറഞ്ഞതെന്ന് ജുന്‍ ലിന്നിന്‍റെ അച്ഛന്‍ പറഞ്ഞു. ലൂക്ക മഗ്നോട്ടയെ ആജീവനാന്തം തടവുശിക്ഷക്ക് കോടതി വിധിച്ചു. പക്ഷെ, താന്‍ തെറ്റുകാരനല്ലെന്നും മാനി എന്ന ഒരാളാണ് തന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചതെന്നും ലൂക്ക പറഞ്ഞു. ആരാണ് മാനി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. പക്ഷെ, അത് മനസിലാവണമെങ്കില്‍ ഒരു കാര്യം അറിയണം. ആരായിരുന്നു ലൂക്ക മെഗ്നോട്ട?

എറിക് കിര്‍ക്ക് ന്യൂമാന്‍ എന്നായിരുന്നു അയാളുടെ യഥാര്‍ത്ഥ പേര്. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം മാനസിക വിഭ്രാന്തി ആ കുട്ടിയെ പിടികൂടിയിരുന്നു. ശേഷം ഒരുപാട് കാലം മെന്‍റല്‍ അസൈലത്തില്‍. മാനസിക അസ്വാസ്ഥ്യത്തില്‍ നിന്നും മോചിതനായ എറിക്കിന് ഒരു നടനാകണം എന്നായിരുന്നു ആഗ്രഹം. അതിനായി അയാള്‍ പുതിയൊരു പേര് സ്വീകരിക്കുന്നു. ലൂക്ക റോക്കോ മെഗ്നോട്ട. പക്ഷെ, അയാള്‍ക്ക് തന്‍റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുന്നില്ല. അതിന് ശേഷം അയാള്‍ പല പോണ്‍ മൂവീസിലും അഭിനയിക്കുന്നു. പക്ഷെ, 1 ബോയ് 2 കിറ്റണ്‍ എന്ന വീഡിയോ പുറത്ത് വന്നതോടെയാണ് അയാളിലെ ഹാനിബല്‍ മനോഭാവം ലോകമറിയുന്നത്.




ഒരുപാട് സിനിമകള്‍ കാണുകയും അതിലൂടെ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ് ലൂക്ക. സിനിമയിലൂടെ പ്രശസ്തനാവണമെന്നും അയാള്‍ ആഗ്രഹിച്ചു. അയാളെ പിടികൂടിയത് അയാളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വായിച്ച് നിര്‍വൃതിയണയുമ്പോഴാണ്. ഇപ്പോള്‍ ജയിലിലാണ് ലൂക്ക. പിടിയിലായതിന് ശേഷം എല്ലാം അയാള്‍ ആഗ്രഹിച്ച പോലെത്തന്നെ സംഭവിച്ചു. അയാളെക്കുറിച്ച് ലോകം സംസാരിച്ചു. അല്ലെങ്കില്‍ അയാള്‍ പിടിക്കപ്പെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും ലൂക്ക മെഗ്നോട്ട എന്ന സൈക്കോ കില്ലറെക്കുറിച്ച് നമ്മള്‍ ഇങ്ങനെ സംസാരിക്കുമോ?



Similar Posts