Crime
തലശ്ശേരി ഇരട്ടക്കൊല: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി
Crime

തലശ്ശേരി ഇരട്ടക്കൊല: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി

Web Desk
|
28 Nov 2022 7:40 AM GMT

തലശ്ശേരി സി.ഐ എം. അനിലാണ് ഇരട്ടക്കൊലക്കേസ് അന്വേഷിച്ചിരുന്നത്

തലശ്ശേരി: സി.പി.എം പ്രവർത്തകരുടെ ഇരട്ടക്കൊലപാതകത്തിൽ കേസന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എ.സി.പി കെ.വി ബാബുവിന് അന്വേഷണ ചുമതല. നിലവിൽ തലശ്ശേരി സി.ഐ എം. അനിലാണ് അന്വേഷണം നടത്തുന്നത്.

കേസില്‍ ഇതുവരെ ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. ഇതിൽ അഞ്ചുപേർ കുറ്റകൃത്യത്തിൽ നേരിട്ട് ഇടപെടുകയും മറ്റു രണ്ടുപേർ സഹായം നൽകുകയും ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനിടയിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു വിട്ട് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

ലഹരി മാഫിയയെ ചോദ്യംചെയ്തതതാണ് കൊലപാതകത്തിനു കാരണമെന്നാണ് സി.പി.എം ആരോപിച്ചത്. എന്നാൽ, ഇതുമാത്രമല്ല, വ്യക്തിപരമായ വിഷയങ്ങളും ഗുണ്ടാപോരും സാമ്പത്തിക ഇടപാടും കൊലപാതകത്തിനു കാരണമായിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം. റിമാൻഡ് റിപ്പോർട്ടിൽ ലഹരി വിഷയമാണ് ചൂണ്ടിക്കാട്ടുന്നതെങ്കിലും മറ്റു കാരണങ്ങൾകൂടി അന്വേഷിക്കണമെന്ന നിലപാടിലായിരുന്നു.

ഈ മാസം 23ന് വൈകീട്ട് നാലോടെയാണ് തലശ്ശേരി സഹകരണ ആശുപത്രിക്ക് സമീപത്ത് കൊലപാതകം നടന്നത്. സി.പി.എം നെട്ടൂർ ബ്രാഞ്ചംഗം ത്രിവർണ ഹൗസിൽ പൂവനാഴി ഷമീർ(40), ബന്ധു തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതികളെല്ലാം സി.പി.എം പ്രവർത്തകരാണെന്നും ലഹരി മാഫിയ വളരുന്നത് പാർട്ടി തണലിലാണെന്നും കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ആരോപിച്ചിരുന്നു. എന്നാൽ, പ്രതികളെ പാർട്ടി സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ വ്യക്തമാക്കുകയും ചെയ്തു. ലഹരി മാഫിയക്കെതിരെ പാർട്ടിയും സർക്കാരും നടത്തുന്ന പ്രവർത്തനങ്ങളിൽ വിറളി പൂണ്ടവരാണ് തലശ്ശേരി ഇരട്ട കൊലപാതകത്തിന് പിന്നിലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും നിലപാട്.

Summary: The investigation into the double murder of CPM workers in Thalassery has been handed over to the District Crime Branch

Similar Posts