യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി; ഇൻസ്റ്റഗ്രാം ഐ.ഡി കൈക്കലാക്കി-വിനീതിനെതിരെ പുതിയ പരാതി
|വിവാഹിതരായ യുവതികളെയായിരുന്നു ഇയാൾ കാര്യമായി ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്
തിരുവനന്തപുരം: പീഡനക്കേസിൽ അറസ്റ്റിലായ ടിക്‌ടോക്-ഇൻസ്റ്റഗ്രാം താരം കിളിമാനൂർ വെള്ളല്ലൂർ കീഴ്‌പേരൂർ സ്വദേശി വിനീതിനെതിരെ വീണ്ടും പരാതി. വീട്ടമ്മയായ യുവതിയാണ് തമ്പാനൂർ പൊലീസിൽ ഏറ്റവുമൊടുവിൽ പരാതി നൽകിയിരിക്കുന്നത്. സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും ഇ-മെയിൽ, ഇൻസ്റ്റഗ്രാം ഐഡികളും പാസ്‌വേർഡും കൈക്കലാക്കി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പുതിയ പരാതി.
കൊല്ലം സ്വദേശിയായ പെൺകുട്ടിയാണ് വിനീതിനെതിരെ ആദ്യമായി പൊലീസിൽ പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിൽ വൈറലാകാനും വിഡിയോ ചെയ്യാനും സഹായിക്കാമെന്നു പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി. ഇതിനു പിന്നാലെ തമ്പാനൂർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
വിനീതിന്റെ അറസ്റ്റ് വാർത്തയായതോടെയാണ് പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത് സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പുതിയ പരാതി. ഇയാളുടെ ക്രിമിനൽ സ്വഭാവം വ്യക്തമായതോടെ ബന്ധം അവസാനിപ്പിച്ചെന്ന് യുവതി പറയുന്നു. ഫോൺകോളുകൾ എടുക്കുന്നത് നിർത്തിയതോടെ ഇവരുടെ ഇൻസ്റ്റഗ്രാം ഐഡിയിൽനിന്ന് വിനീത് സ്‌റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് യുവതി പൊലീസിൽ പരാതിയുമായി രംഗത്തെത്തിയത്.
'സ്വകാര്യദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ, ബലാത്സംഗം'
ടിക്‌ടോക് നിരോധിച്ചതോടെയാണ് വിനീത് ഇൻസ്റ്റഗ്രാമിലേക്ക് മാറിയത്. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിനു ഫോളോവർമാരാണ് ഇയാൾക്കുണ്ടായിരുന്നത്. ഓരോ ആഴ്ചയും പുതിയ കാറുകളുമായാണ് വിനീത് കറങ്ങിയിരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കാര്യമായും വിവാഹിതരായ യുവതികളെയായിരുന്നു ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽനിന്നു ലഭിക്കുന്ന വരുമാനത്തിലാണ് ജീവിച്ചിരുന്നതെന്നാണ് ഇയാൾ യുവതികളോട് പറഞ്ഞിരുന്നത്. പൊലീസിലാണെന്നും സ്വകാര്യ ചാനലിലാണെന്നുമെല്ലാം പലരോലും പലതരത്തിലാണ് പറഞ്ഞിരുന്നത്.
വിനീത് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ഇവരുമായി വ്യക്തിബന്ധം ഉണ്ടാക്കിയ ശേഷം. സമൂഹമാധ്യമങ്ങളിൽ എങ്ങനെ മികച്ച വിഡിയോകൾ ചെയ്യാം, കൂടുതൽ കാഴ്ചക്കാരിലേക്ക് എങ്ങനെ എത്തിക്കാം തുടങ്ങിയ കാര്യങ്ങളുടെ ടിപ്സ് നൽകുകയാണ് ആദ്യത്തെ രീതിയെന്നും അതിനു ശേഷമാണ് ഇവരെ വലയിലാക്കുന്നതെന്നും പൊലീസ് പറയുന്നു. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ പറ്റിച്ചതായും പൊലീസ് വ്യക്തമാക്കി.
'വിനീത് ടിക് ടോക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമാണ്. സോഷ്യൽ മീഡിയയിലുള്ള പെൺകുട്ടികൾക്ക് എങ്ങനെ നല്ല രീതിയിൽ വിഷയങ്ങൾ പ്രസന്റ് ചെയ്യാം, കൂടുതൽ കാഴ്ചക്കാരിലേക്ക് എങ്ങനെയെത്തിക്കാം തുടങ്ങിയ ടിപ്‌സുകൾ നൽകി അവരുമായി ഇയാൾ വ്യക്തിബന്ധമുണ്ടാക്കുന്നു. അത് കഴിഞ്ഞ് ഇവരുമായി വീഡിയോ കോൾ ചെയ്ത് സ്നാപ്ഡീൽ പോലെയുള്ള സൈറ്റ് വഴി റെക്കോർഡ് ചെയ്യുന്നു. ആ ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തുകയും പണം ഉൾപ്പെടെ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ ശൈലി.' - പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചിട്ടുണ്ട്. പരിചയപ്പെട്ട ശേഷം ആദ്യം ഒരുമിച്ചുള്ള ടിക് ടോക് വീഡിയോകൾ ചെയ്യുന്നു. പിന്നീട് മറ്റു ആപ്പുകൾ വഴി അടുത്തു സംസാരിക്കുന്നു. അത് റെക്കോർഡ് ചെയ്ത് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.- പൊലീസ് കൂട്ടിച്ചേർത്തു.
കോളജ് വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നിലവിൽ വിനീതിനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത്. കാറു വാങ്ങിക്കാൻ ഒപ്പം വരണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ മുറിയെടുത്ത് ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.
വിനീത് ഒഫീഷ്യൽ പേരുള്ള ഇയാളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇരുപതിനായിരത്തോളം പേരാണ് പിന്തുടരുന്നത്. മീശ ഫാൻ ഗേൾ എന്ന അക്കൗണ്ടിലും ഇയാളുടെ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. ഇയാളുടെ റീൽസുകൾക്ക് നല്ല കാഴ്ചക്കാരുണ്ട്. നിരവധി വിവാഹിതരായ സ്ത്രീകളുമായി വിനീതിന് ബന്ധമുണ്ട് എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.
Summary: Blackmailed after shooting private videos, new complaint filed against TikTok star Vineeth after sexual abuse case