ഉഡുപ്പി കൂട്ടക്കൊല: പ്രതി പ്രവീൺ അരുണിന്റെ ജാമ്യഹരജി തള്ളി
|നാലു പേരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ജാമ്യഹരജിയുമായി കോടതിയെ സമീപിച്ചത്
മംഗളൂരു: ഏറെ കോളിളക്കം സൃഷടിച്ച ഉഡുപ്പി കൂട്ടക്കൊലപാതക കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ഛൗഗല(39) യുടെ ജാമ്യഹരജി തള്ളി. ഉഡുപ്പി ജില്ല അഡി. സെഷൻസ് കോടതിയാണ് ജാമ്യഹരജി തള്ളിയത്.
നവംബർ 12 ന് ഉഡുപ്പി മൽപെ നജാറുവിലെ പ്രവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നാലു പേരെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചത്. പബ്ലിക് പ്രൊസിക്യൂട്ടർ തടസ്സം ഉന്നയിച്ചതിനെ തുടർന്ന് ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് ജഡ്ജി ദിനേശ് ഹെഗ്ഡെ ജാമ്യം നിഷേധിച്ചത്.
പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാൻ, ഐനാസ്, അസീം എന്നിവരെ നവംബർ 12 നാണ് എയർ ഇന്ത്യ എക്സ്പ്രസിലെ ജീവനക്കാരനായ ചൗഗലെ കൊന്നത്. തുടർന്ന് ഒളിവിൽ പോയ പ്രവീണിനെ 15 നാണ് അറസ്റ്റ് ചെയ്യുന്നത്. ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ കഴിയുന്നതിനിടയിലാണ് ജാമ്യ ഹരജി നൽകിയത്. നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.
വിവാഹിതനായ പ്രതിക്ക് രണ്ട് മക്കളുണ്ട്. ഇയാൾ കുടുംബസമേതം മംഗളൂരുവിലാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട ഐനാസുമായി ഛൗഗലെ ജോലിയുടെ ഭാഗമായുള്ള യാത്രകളിലൂടെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അമിതമായി പൊസസീവ് ചിന്താഗതിയുള്ള പ്രതിയുടെ അസൂയയും വിദ്വേഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. അഫ്‌നാനും ഉപരിപഠനത്തിനായി മംഗളൂരുവിലുള്ള സഹോദരി അയ്‌നാസും ദീപാവലി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്.