സഹോദരൻ ഹൈദരാബാദിൽ പോയ ദിവസം; വീട്ടുകാർ മരണവീട്ടിലും-എല്ലാം മുൻകൂട്ടിയറിഞ്ഞ് അരുംകൊല
|ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ള കിടപ്പുമുറിയിലെ ബെഡിൽ വെട്ടേറ്റ് മരിച്ച നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്
കണ്ണൂർ: ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ ക്രൂരകൊലപാതകം നടന്നത്. പാനൂർ നടമ്മൽ കാണിച്ചാംകണ്ടി വിനോദ്-ബിന്ദു ദമ്പിതകളുടെ മകളാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ(22). പാനൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ കുറേകാലമായി ഫാർമസിസ്റ്റായി ജോലി ചെയ്തുവരികയാണ്.
വിനോദ് ഏറെക്കാലമായി ഗൾഫിലാണ്. രണ്ട് സഹോദരിമാരും ഒരു സഹോദരനുമാണ് വിഷ്ണുപ്രിയയ്ക്കുള്ളത്. മാതാവും സഹോദരങ്ങൾക്കുമൊപ്പമാണ് യുവതി വീട്ടിൽ കഴിഞ്ഞിരുന്നത്. സഹോദരൻ അരുണിന് കഴിഞ്ഞ ദിവസം ഹൈദരാബാദിൽ ജോലി ലഭിച്ചിരുന്നു. ഇതിനായി അരുൺ കഴിഞ്ഞ ദിവസം പത്തുമണിയോടെ വീട്ടിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ടിരുന്നു. സഹോദരൻ പോകുന്നതിനാലാണ് വിഷ്ണുപ്രിയ ഇന്ന് ലീവെടുത്തത്.
ഇവരുടെ വീടിനടുത്തുള്ള ഒരു ബന്ധു മരിച്ചതിന്റെ ഏഴാം ദിവസമായതിനാൽ മാതാവും സഹോദരിമാരും അങ്ങോട്ടേക്കു പോയതായിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാതാവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിനുള്ള കിടപ്പുമുറിയിലെ ബെഡിൽ വെട്ടേറ്റ് മരിച്ച നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്. കഴുത്തിലും രണ്ട് കൈകൾക്കും വെട്ടേറ്റിട്ടുണ്ട്. അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിലാകും കൈക്ക് വെട്ടേറ്റതെന്നാണ് കരുതുന്നത്.
അയൽവാസികളടക്കം മാതാവ് നിലവിളിക്കുന്നത് കേട്ടാണ് വിവരം അറിയുന്നത്. കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടെത്തിയത്.
11.30നും 12.30നും ഇടയിലാണ് വീട്ടിൽ ആളില്ലാതിരുന്നത്. ഈ സമയത്ത് ഇവിടെ വന്നുപോയവരാകും കൊലപാതകി എന്നാണ് കരുതുന്നത്. ഈ സമയത്ത് കുടുംബം പുറത്തുപോയതാണെന്നു വ്യക്തമായി അറിവുള്ള ഒരാളാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. കിടപ്പുമുറി വരെ എത്താൻ വീടിനെക്കുറിച്ച് ധാരണയുള്ളയാളാകുമെന്ന് പൊലീസ് സംശയിക്കുന്നു.
കൂത്തുപറമ്പ് എ.സി.പി പ്രദീപന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് എ.സി.പി പ്രദീപ് മീഡിയവണിനോട് പറഞ്ഞു.
Summary: Vishnupriya murder in Panur, Kannur followup