ആരാണ് പേരറിവാളൻ? മൂന്നു പതിറ്റാണ്ടിന്‍റെ നിയമപോരാട്ടവും സി.ബി.ഐ ഉദ്യോഗസ്ഥന്റെ കുറ്റസമ്മതവും
|മൊഴി രേഖപ്പെടുത്തുമ്പോൾ പേരറിവാളൻ പറഞ്ഞതെല്ലാം അപ്പടി പകർത്തിയെഴുതിയിരുന്നില്ലെന്ന് സി.ബി.ഐ പൊലീസ് സൂപ്രണ്ടായിരുന്ന ത്യാഗരാജൻ വെളിപ്പെടുത്തി
32 വർഷത്തെ നീണ്ട തടവറവാസത്തിനുശേഷം പേരറിവാളൻ പുറത്തിറങ്ങുകയാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധക്കേസിൽ പേരറിവാളന് ജാമ്യം നൽകാൻ സുപ്രീംകോടതി ഇന്ന് തീരുമാനിച്ചു. 30 വർഷത്തിലേറെക്കാലം ജയിലിൽ കഴിഞ്ഞതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്ന് വിലയിരുത്തിയാണ് ഇന്ന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മൂന്നു പതിറ്റാണ്ടുകാലം നീണ്ട അസാധാരണമായ നിയമപോരാട്ടത്തിന്റെ കഥ കൂടിയാണ് രാജീവ്ഗാന്ധി വധക്കേസും പേരറിവാളന്റെ ജീവിതവും.
അറസ്റ്റ് ചെയ്യുമ്പോൾ പ്രായം 19
1991 ജൂൺ 11ന് പെരിയാർ ചെന്നൈയിലെ തിഡലിൽവച്ച് സി.ബി.ഐ സംഘം അറസ്റ്റ് ചെയ്യുമ്പോൾ പേരറിവാളൻ എന്ന അറിവിന് 19 വയസ് മാത്രമായിരുന്നു പ്രായം. രാജീവ് ഗാന്ധിയെ വധിക്കാനായി ഉപയോഗിച്ച സ്ഫോടകവസ്തുക്കള്‍ക്കുവേണ്ടി ഒൻപത് വാട്ടിന്റെ രണ്ട് ബാറ്ററികൾ കൊലയാളികൾക്ക് വാങ്ങിക്കൊടുത്തുവെന്നായിരുന്നു സി.ബി.ഐ ഉന്നയിച്ച കുറ്റം.
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനും തമിഴ് പുലി സംഘമായ എൽ.ടി.ടി.ഇ അംഗവുമായ ശ്രീവരശനാണ് ഈ ബാറ്ററികൾ നൽകിയതെന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. സംഭവത്തിന് ഏതാനും ദിവസങ്ങൾക്കുമുൻപ് സ്വന്തം പേരിൽ വ്യാജവിലാസം നൽകി ബൈക്ക് വാങ്ങി. ചെറിയ പ്രായത്തിൽ തന്നെ തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ എൽ.ടി.ടി.ഇ പ്രസിദ്ധീകരണങ്ങൾ വിറ്റുനടന്നു... അങ്ങനെ പോകുന്നു സി.ബി.ഐ ചുമത്തിയ കുറ്റങ്ങൾ.
ചെന്നൈയിൽ കുടുംബത്തോടൊപ്പം കഴിയുമ്പോഴായിരുന്നു അപ്രതീക്ഷിതമായ അറസ്റ്റ്. അന്ന് ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമ പൂർത്തിയാക്കിയതേയുണ്ടായിരുന്നുള്ളൂ. പിതാവ് ഗണശേഖരൻ എന്ന കുയിൽദാസനും അർപ്പുതമ്മാളും ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പെരിയാറിന്റെ അനുയായികളായിരുന്നു. മകൻ നിരപരാധിയാണെന്ന് പറഞ്ഞ് ഇത്രയും കാലത്തിനിടക്ക് അവര്‍ മുട്ടാത്ത വാതിലുകളില്ല.
കൗമാരത്തില്‍ തന്നെ ജയിലിന്‍റെ ഇരുണ്ട അറകളിലടക്കപ്പെട്ടെങ്കിലും പേരറിവാളൻ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചില്ല. 2012ലെ പ്ലസ്ടു പരീക്ഷയിൽ 91.33 ശതമാനം മാർക്ക് നേടി തടവുപുള്ളികളിലെ റെക്കോർഡ് വിജയവും സ്വന്തം പേരിലാക്കി. ജയിലിലിരിക്കെ തന്നെ ഇഗ്നോയുടെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദ, ബിരുദാനന്തര കോഴ്‌സുകൾ പൂർത്തിയാക്കി. തമിഴ്‌നാട് ഓപൺ സർവകലാശാലയുടെ ഡിപ്ലോമ കോഴ്‌സിൽ ഒന്നാമനായി സ്വർണ മെഡലും സ്വന്തമാക്കി.
മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം
അറസ്റ്റിനു പിന്നാലെ പേരറിവാളനും മറ്റ് 25 പ്രതികൾക്കുമെതിരെ റദ്ദാക്കപ്പെട്ട ടാഡ നിയമപ്രകാരം കേസെടുത്തു. 1998ൽ ടാഡ വിചാരണാകോടതി ഇവര്‍ക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു.
1999 മെയിൽ കേസ് പരിഗണിച്ച സുപ്രീംകോടതി 19 പേരെ വെറുതെവിട്ടു. എന്നാൽ, മുരുകൻ, ഭാര്യ നളിനി, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തന്‍ എന്നിവരിൽ നാലുപേർക്കെതിരെ വിചാരണാകോടതി വിധിച്ച വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. കൂട്ടത്തില്‍ പേരറിവാളനും ഉൾപ്പെട്ടു. കോടതിയിൽ സി.ബി.ഐ സമർപ്പിച്ച പേരറിവാളന്റെ കുറ്റസമ്മതം വിലയിരുത്തിയായിരുന്നു സുപ്രീംകോടതി ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
2000ത്തിൽ തമിഴ്‌നാട് സർക്കാർ നളിനിയുടെ ദയാഹരജി അംഗീകരിച്ചു. ബാക്കിയുള്ളവരുടെ ഹരജികൾ രാഷ്ട്രപതിക്ക് അയച്ചു. പ്രതികൾ സമർപ്പിച്ച ദയാഹരജിയിൽ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി 2014ൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. സംസ്ഥാന സർക്കാരിന് ഇവരെ വെറുതെവിടാനുള്ള അവകാശവും നൽകി. തൊട്ടടുത്ത ദിവസം അന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത ഏഴു പ്രതികളെയും വെറുതെവിടുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ, ഇത് പിന്നീട് സുപ്രിംകോടതി സ്‌റ്റേ ചെയ്തു.
2015ൽ പേരറിവാളൻ വീണ്ടും തമിഴ്‌നാട് ഗവർണർക്ക് ദയാഹരജി സമർപ്പിച്ചു. 2018ൽ എടപ്പാടി പളനിസാമി സർക്കാർ കേസിലെ ഏഴുപ്രതികളെയും വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ഏകകണ്ഠമായി പാസാക്കി.
സി.ബി.ഐ ഉദ്യോഗസ്ഥന്റെ 'കുറ്റസമ്മതം'
കേസ് അന്വേഷിച്ച സി.ബി.ഐ സംഘത്തിലുണ്ടായിരുന്ന വി. ത്യാഗരാജന്റെ ഒരു 'കുറ്റസമ്മതമാ'ണ് പേരറിവാളന്റെ നിരപരാധിത്വം ശരിവയ്ക്കുന്ന തരത്തിലുള്ള വാദങ്ങൾ കൂടുതൽ ശക്തമാക്കിയത്. സി.ബി.ഐ പൊലീസ് സൂപ്രണ്ടായിരുന്നു ത്യാഗരാജൻ. മലയാളിയായ അന്തരിച്ച സുപ്രീംകോടതി ജഡ്ജി വി.ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ ആരംഭിച്ച പീപ്പിൾസ് മൂവ്‌മെന്റ് എഗെയിൻസ്റ്റ് ഡെത്ത് പെനാൽറ്റിയുടെ ഒരു ഡോക്യുമെന്ററിയിലായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തൽ.
പേരറിവാളന്റെ മൊഴിയെടുക്കാനുള്ള ചുമതല ത്യാഗരാജനായിരുന്നു. അന്നു മൊഴി രേഖപ്പെടുത്തുമ്പോൾ പേരറിവാളൻ പറഞ്ഞതെല്ലാം അപ്പടി പകർത്തിയെഴുതിയിരുന്നില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി.
''ബാറ്ററി വാങ്ങിനൽകിയിട്ടുണ്ടെങ്കിലും അത് എന്തിനാണെന്ന കാര്യം തനിക്ക് അറിയുമായിരുന്നില്ലെന്ന് പേരറിവാളൻ പറഞ്ഞിരുന്നു. എന്നാൽ, അക്കാര്യം ഞാൻ കുറ്റസമ്മതത്തിൽ രേഖപ്പെടുത്തിയില്ല. പ്രതിയുടെ മൊഴി അപ്പടി അക്ഷരംപ്രതി രേഖപ്പെടുത്തണമെന്നാണ് നിയമം അനുശാസിക്കുന്നതെങ്കിലും പ്രായോഗികമായി അങ്ങനെ നടക്കാറില്ല''-ഇങ്ങനെയായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തൽ.
ഇക്കാര്യം സൂചിപ്പിച്ച് 2017ൽ ത്യാഗരാജൻ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തു. പേരറിവാളന്റെ മൊഴി വളച്ചൊടിച്ചെന്ന് വെളിപ്പെടുത്തി. മനസാക്ഷിക്കുമുന്നിൽ തെറ്റുകാരനാകാതിരിക്കാനാണ് ഇപ്പോൾ ഇങ്ങനെയൊരു വെളിപ്പെടുത്തലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കുകയായിരുന്നു.
Summary: Who is Perarivalan? Former CBI officer's confession and the 3 decade long legal battle in Rajiv Gandhi assassination case