ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ പിടിച്ചെടുത്തു, ഓപ്പറേഷന്‍ പി ഹണ്ട്; സൈബര്‍ ഡോമിന്‍റെ പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി
|ടെക്നോപാര്‍ക്കിന് സമീപമാണ് ആധുനിക സൗകര്യത്തോടെ അഞ്ചു നിലകളിലായി സൈബര്‍ഡോമിന് ആസ്ഥാനമന്ദിരം പണിയുന്നത്
റിസര്‍വ് ബാങ്കിനോട് സഹകരിച്ച് സൈബര്‍ഡോം നടത്തിയ ഇടപെടല്‍ മൂലം ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായ ഒരു കോടിയോളം രൂപ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മൊബൈല്‍ ആപ്പ് വഴി വായ്പകള്‍ നല്‍കി തട്ടിപ്പ് നടത്തുന്ന സംഘത്തെ പിടികൂടാന്‍ സി.ബി.ഐ സഹായത്തോടെ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. സൈബര്‍ ഡോമിന്‍റെ ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള പോലീസിന്‍റെ ഏത് പ്രവര്‍ത്തനമണ്ഡലത്തിലും സാങ്കേതികവിദ്യയുടെ ഉയര്‍ന്ന രൂപം തന്നെയാണ് ഉപയോഗിക്കുന്നത്. ഓപ്പറേഷന്‍ പി ഹണ്ട് എന്ന അന്വേഷണം വഴി കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നേതൃത്വം നല്‍കിയത് സൈബര്‍ ഡോമാണ്. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച 180 പേരെയാണ് വിവിധ ജില്ലകളില്‍ നിന്നായി സൈബര്‍ ഡോമിന്‍റെ നേതൃത്വത്തില്‍ പിടികൂടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സൈബര്‍ ഡോം നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാം, ഡി.ഐ.ജി പി പ്രകാശ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. ടെക്നോപാര്‍ക്കിന് സമീപമാണ് ആധുനിക സൗകര്യത്തോടെ അഞ്ചു നിലകളിലായി സൈബര്‍ഡോമിന് ആസ്ഥാനമന്ദിരം പണിയുന്നത്.