ദേവികുളത്ത് ചിത്രം തെളിയുന്നു: എ. രാജയും ഡി. കുമാറും ഏറ്റുമുട്ടാൻ സാധ്യത
|സ്ഥാനാർഥികൾ വ്യത്യസ്ത ജാതിയിലുള്ളവരായാൽ ജാതി അടിസ്ഥാനത്തിൽ വോട്ട് വിഭജിക്കപ്പെടുമോ എന്നതായിരുന്നു മുന്നണികളുടെ ആശങ്ക
ജാതി സമവാക്യങ്ങളിൽ തട്ടി തടസ്സപ്പെട്ട ദേവികുളം മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം ക്ലൈമാക്സിലേക്ക് എത്തുന്നു. സി.പി.എം സ്ഥാനാർഥിയായി എ. രാജയും കോൺഗ്രസ് സ്ഥാനാർഥിയായി ഡി. കുമാറും മത്സരിക്കാനുള്ള സാധ്യതയാണ് മണ്ഡലത്തിൽ ഉരുത്തിരിയുന്നത്. എതിർ മുന്നണിയുടെ സ്ഥാനാർഥി ആരെന്ന് അറിഞ്ഞ ശേഷം മണ്ഡലത്തിൽ സ്ഥാനാർഥിയെ തീരുമാനിക്കാമെന്ന നിലപാടിലായിരുന്നു എൽ.ഡി.എഫും യു.ഡി.എഫും.
തുടർച്ചയായി മൂന്ന് തവണ എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ട എസ്. രാജേന്ദ്രനെ മാറ്റാൻ സി.പി.എമ്മും കഴിഞ്ഞ മൂന്ന് തവണയും പരാജയപ്പെട്ട എ.കെ മണിയെ മാറ്റാൻ കോൺഗ്രസും തീരുമാനിച്ചതോടെയാണ് മണ്ഡലത്തിൽ യുവ സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ അവസരമൊരുങ്ങിയത്. എന്നാൽ പട്ടിക ജാതി സംവരണ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ, ജാതി മുഖ്യ വിഷയമായതോടെ ഇരു മുന്നണികളിലെയും സ്ഥാനാർഥി നിർണയം വഴിമുട്ടുകയായിരുന്നു.
സ്ഥാനാർഥികൾ വ്യത്യസ്ത ജാതിയിലുള്ളവരായാൽ ജാതി അടിസ്ഥാനത്തിൽ വോട്ട് വിഭജിക്കപ്പെടുമോ എന്നതായിരുന്നു മുന്നണികളുടെ ആശങ്ക. എതിർ മുന്നണിയുടെ സ്ഥാനാർഥി ആരെന്ന് അറിഞ്ഞതിന് ശേഷം അതേ ജാതിയിലുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കാമെന്ന് ഇരു മുന്നണിയും തീരുമാനിച്ചതോടെ സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിലായി. സാധാരണ നേരത്തെ സ്ഥാനാർഥികളെ തീരുമാനിക്കാറുള്ള സി.പി.എം, ഇത്തവണ വ്യത്യസ്ത ജാതികളിൽ പെട്ട രണ്ടുപേരുടെ പട്ടികയുണ്ടാക്കി സംസ്ഥാന നേതൃത്വത്തിന് സമർപ്പിച്ചു. യു.ഡി.എഫ് തീരുമാനത്തിന് അനുസരിച്ച് രണ്ടുപേരിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാം എന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെയും തീരുമാനം.
ഒടുവിൽ യു.ഡിഎഫിൽ ഡി. കുമാർ സ്ഥാനാർഥി ആയേക്കുമെന്ന സൂചനകൾ പുറത്ത് വന്നതോടെയാണ് മണ്ഡലത്തിലെ ചിത്രം തെളിയാൻ തുടങ്ങിയത്. ഡി കുമാർ മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും, കോണ്‍ഗ്രസിന്റെ മൂന്നാർ ബ്ലോക്ക് പ്രസിഡന്റുമാണ്. സി.പിഎം സ്ഥാനാർഥിയായി പരിഗണിക്കുന്ന അഡ്വക്കേറ്റ് എ. രാജ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡി. കുമാറിന് പുറമെ ആർ. രാജാറാം, മുതുരാജ്, എസ്. രാജ എന്നിവരാണ് കോണ്‍ഗ്രസ്സിൽ പരിഗണിക്കപ്പെട്ടിരുന്നത്. ആർ. ഈശ്വരൻ ആണ് സി.പി.എമ്മിന്റെ പട്ടികയിലുള്ള രണ്ടാമൻ. ഏതെങ്കിലും ഒരു മുന്നണിയിൽ സ്ഥാനാർഥിയെ മാറ്റാൻ തീരുമാനം ഉണ്ടായാൽ സമാന രീതിയിൽ എതിർ മുന്നണിയും സ്ഥാനാർഥിയെ മാറ്റും എന്നതാണ് ദേവികുളത്തെ ചിത്രം.