Economy
gautam adani
Economy

നഷ്ടം എട്ടു ലക്ഷം കോടി; വിപണിയിൽ പിടഞ്ഞു വീണ് അദാനി

Web Desk
|
2 Feb 2023 12:44 PM GMT

ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പ് അദാനി വിപണി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോള്‍ 10.89 ലക്ഷം കോടി

മുംബൈ: യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ നേരിട്ട തിരിച്ചടി തുടരുന്നു. ആറാം വ്യാപാരദിനത്തിൽ അദാനി ഗ്രൂപ്പിന്റെ ആകെ നഷ്ടം നൂറു ബില്യൺ യുഎസ് ഡോളർ കടന്നു. അദാനി ഗ്രൂപ്പിന്‍റെ നിഫ്റ്റിയിൽ രജിസ്റ്റർ ചെയ്ത പത്തു കമ്പനികളുടെ വിപണിമൂല്യത്തിൽ നിന്നാണ് ഇത്രയും തുക ഒലിച്ചുപോയത്. ഇന്ത്യൻ രൂപയിൽ കമ്പനിയുടെ ആകെ നഷ്ടം 8.31 ലക്ഷം കോടി വരും.

ഹിൻഡൻബർഗ് റിപ്പോർട്ട് വരുന്നതിന് മുമ്പ് അദാനി ഓഹരികളുടെ വിപണി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. ഇന്ന് രാവിലെ ഇത് 10.89 ലക്ഷം കോടിയായി ചുരുങ്ങി. മൂല്യത്തിൽ 43 ശതമാനം ഇടിവാണ് ഉണ്ടായത്. ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസിന് വിപണിയിൽ 26.7 ശതമാനം ഇടിവാണ് ഉണ്ടായത്.

തുടർച്ചായ തിരിച്ചടിക്ക് പിന്നാലെ ബ്ലൂംബർഗിന്റെ ഇന്ത്യൻ കോടീശ്വര സൂചികയിൽ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. കഴിഞ്ഞ വർഷം ആഗോള സമ്പന്നപ്പട്ടികയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അദാനി ഇപ്പോൾ 16-ാം സ്ഥാനത്താണെന്ന് ഫോബ്‌സ് കണക്കുകൾ പറയുന്നു. 69 ബില്യൺ ഡോളറാണ് ഇപ്പോൾ ഗുജറാത്ത് വ്യവസായിയുടെ ആസ്തി.

അതിനിടെ, വായ്പകൾക്ക് ഈടായി അദാനി ഗ്രൂപ്പ് കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് ആഗോള ബാങ്കുകൾ നിർത്തിയത് അദാനിക്ക് ആഘാതമായി. സൂറിച്ച് ആസ്ഥാനമായ ക്രഡി സ്വീസും ന്യൂയോർക്ക് ആസ്ഥാനമായ സിറ്റി ഗ്രൂപ്പുമാണ് അദാനിയുടെ ബോണ്ടുകൾ സ്വീകരിക്കില്ലെന്ന് അറിയിച്ചത്. ഇതുസംബന്ധിച്ച് തങ്ങൾക്കു കീഴിലുള്ള സ്വകാര്യ ബാങ്കുകൾക്ക് ധനകാര്യ സ്ഥാപനങ്ങൾ നിർദേശം നൽകി.

അദാനി ഗ്രൂപ്പ് ഓഹരികൾ കൂട്ടത്തോടെ ഇടിഞ്ഞതിന് പിന്നാലെയാണ് വിഖ്യാത ധനകാര്യ സ്ഥാപനങ്ങളുടെ തീരുമാനം. അദാനി പോർട് സ്പെഷ്യൽ എകണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി മുംബൈ ലിമിറ്റഡ് എന്നിവ പുറത്തിറക്കുന്ന ബോണ്ടുകൾക്ക് പൂജ്യം മൂല്യമാണ് എന്നാണ് ക്രഡി സ്വീസ് അറിയിച്ചിട്ടുള്ളതെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തു. 'അദാനി ഇഷ്യൂ ചെയ്യുന്ന സെക്യൂരിറ്റികൾ സ്വീകരിക്കുന്നത് അടിയന്തരമായി നിർത്തുന്നു' എന്നാണ് സിറ്റി ഗ്രൂപ്പ് പുറത്തിറക്കിയ ആഭ്യന്തര മെമോ പറയുന്നത്.

20,000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട തുടർ ഓഹരി സമാഹരണം (ഫോളോ ഓൺ പബ്ലിക് ഓഫർ) ബുധനാഴ്ച രാത്രി അദാനി ഗ്രൂപ്പ് നാടകീയമായി റദ്ദാക്കിയിരുന്നു. ധാർമികമായി ശരിയല്ലെന്നും നിക്ഷേപകരുടെ താത്പര്യം വലുതാണെന്നും അറിയിച്ചാണ് അദാനി ഗ്രൂപ്പ് സമാഹരണം വേണ്ടെന്നുവച്ചത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും കമ്പനി അറിയിച്ചു.

ഓഹരി വിപണിയിലെ തിരിച്ചടിക്ക് പിന്നാലെ, അദാനി കമ്പനികൾക്ക് നൽകിയ വായ്പ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ ആർബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പിന്റെ ഓഹരിത്തകർച്ച സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യും നിരീക്ഷിച്ചു വരികയാണ്.





Similar Posts